Breaking News

ഫിഫ ക്ളബ്ബ് കപ്പ് കിരീടം ബയേണ്‍ മ്യൂണിക്കിന്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. പതിനേഴാമത് ഫിഫ ക്ളബ്ബ് കപ്പിന്റെ കലാശപ്പോരാട്ടത്തില്‍ മെക്‌സിക്കോയുടെ ടൈഗേര്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് തറപറ്റിച്ച് യൂറോപ്യന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് കിരീടം ചൂടി. ഇതോടെ സീസണില്‍ ആറമത്തെ കിരീടവും സ്വന്തമാക്കുന്ന ക്‌ളബ്ബെന്ന ബഹുമതി ബയേണ്‍ നേടി.
2009 ല്‍ ബാര്‍സിലോണക്ക് ശേഷം സീസണിലെ ദേശീയവും അന്തര്‍ദേശീയവുമായ എല്ലാ കിരീടങ്ങളും നേടുന്ന ക്‌ളബ്ബ് എന്ന അപൂര്‍വ ബഹുമതിയാണ് ബയേണ്‍ നേടിയത്.

ഇന്നലെ രാത്രി 9 മണിക്ക് എഡ്യൂക്കേഷണണ്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ കളിയുടെ അറുപത്തിയൊന്നാമത് മിനിറ്റില്‍ പവാര്‍ഡിന്റെ അടിയില്‍ ടൈഗേര്‍സിന്റെ വല കുലുങ്ങിയതോടെ പോരാട്ടം കനത്തു. ഏറ്റവും മികച്ച പ്രകടനമാണ് ടൈഗേര്‍സ് പുറത്തെടുത്തതെങ്കിലും ബയേണിന്റെ ശക്തമായ പ്രതിരോധ വലയം ഭേദിച്ച് ഗോളാക്കാനാവാതെ ടൈഗേര്‍സ് പൊരുതി തോറ്റു.

ആദ്യ സെമിയില്‍ പാല്‍മിറാസിനെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് കാല്‍പന്തുകളിയുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് മെക്സിക്കോയുടെ ടൈഗേര്‍സ് യു. എന്‍.എല്‍ ഫൈനലില്‍ കടന്നത്. ഫിഫ ക്ളബ്ബ് കപ്പിലെത്തുന്ന ആദ്യ കോണ്‍കാകാഫ് ടീം എന്ന ബഹുമതി സ്വന്തമാക്കിയ ടൈഗേര്‍സ് ക്‌ളബ്ബ് കപ്പിലെ രണ്ടാം സ്്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

മൂന്നാം സ്ഥാനത്തിന് വേണ്ടി നടന്ന മല്‍സരത്തില്‍ പാല്‍മിറാസിനെ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ആഫ്രിക്കന്‍ ചാമ്പ്യന്മാരായ അല്‍ അഹ് ലി ജേതാക്കളായി

ടൂര്‍ണമെന്റിന്റെ ആദ്യന്തം ലോകോത്തര സംവിധാനങ്ങളും ആസൂത്രണ മികവും സംഘാടക വൈദഗ്ധ്യവുമൊക്കെ ഖത്തറെന്ന കൊച്ചുരാജ്യത്തെ കൂടുതല്‍ ശ്രദ്ധാകേന്ദ്രമാക്കി. കളിക്കാരും കോച്ചുകളുമെന്ന പോലെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുളള കളിയാരാധകരും ഖത്തറിന്റെ സംഘാടക മികവിനെ പ്രശംസിക്കുകയാണ്. 2022 ഫിഫ ലോക കപ്പിന് ആതിഥ്യമരുളുന്ന ഖത്തറിന് ആത്മവിശ്വാസം നല്‍കുന്നതാണ് ഈ അനുഭവം.

Related Articles

Back to top button
error: Content is protected !!