അഞ്ച് മാസത്തിനകം ഹസ്ബുല്ലയുടെ രണ്ടാമത്തെ ആല്‍ബവും സൂപ്പര്‍ ഹിറ്റ്
ഡോ. അമാനുല്ല വടക്കാങ്ങര
തൊട്ടതൊക്കെ പൊന്നാക്കുക എന്ന് പറയുന്നതുപോലെയാണ് ഖത്തര്‍ പ്രവാസിയായ മുഹമ്മദ് ഹസ്ബുല്ല കൊല്ലത്തിന്റെ സര്‍ഗസഞ്ചാരം. സപ്തമ്പറില്‍ റിലീസ് ചെയ്ത ആദ്യ സംരംഭമായ അഹദിലേക്ക് ഇശ്ഖിലേക്ക് എന്ന ആല്‍ബത്തിന്റെ ഐതിഹാസികമായ വിജയത്തിന് ശേഷം രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയ സുല്‍ത്താനേ മദീനയും സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.
നൂറോ ഖുദാ മീഡിയ റിലീസ് ചെയ്ത ആല്‍ബം രണ്ട് ദിവസത്തിനകം അയ്യായിരത്തിലധികമാളുകള്‍ ആസ്വദിക്കുകയും അഞ്ഞൂറിലേറെ പേര്‍ കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയയ്തുവെന്നത് ഈ കലാകാരന് ജനഹൃദയങ്ങളിലുള്ള സ്ഥാനമാണ് അടയാളപ്പെടുത്തുന്നത്.
അഹദിലേക്ക് ഇശ്ഖിലേക്ക് എന്ന ആല്‍ബം സൂഫിസവും ദൈവിക പ്രണയുമൊക്കെയാണ് പ്രമേയമാക്കിയതെങ്കില്‍ സുല്‍ത്താനേ മദീന പ്രവാചക സ്നേഹത്തിന്റെ അനശ്വര സംഗീതമാണ്.
ഹൃദ്യമായ വരികളും ഇമ്പമുള്ള ഈണവും ആകര്‍ഷകമായ ചിത്രീകരണവും തന്നെയാകാം ആല്‍ബത്തെ ജനകീയമാക്കുന്നത്.
പലപ്പോഴും ഉറക്കമില്ലാത്ത രാത്രികളും ചിന്തയുമൊക്കെയായി സംഗീതത്തിന്റെ ചേതോഹരമായ മുഹൂര്‍ത്തങ്ങള്‍ അനുഭവിച്ചാണ് ഈ രണ്ട് രചനകളും പൂര്‍ത്തിയാക്കിയത്. ആശയവും ആവിഷ്‌കാരവും സമന്വയിപ്പിക്കുന്ന ഈണവും ഹസ്ബുല്ല തന്നെ നല്‍കിയതോടെ ആല്‍ബം കൂടുതല്‍ ഹൃദ്യമാവുകയായിരുന്നു.
സ്രഷ്ടാവുമായി പരിഭവങ്ങളുടേയും പരിവേദനങ്ങളുടേയും പ്രാര്‍ഥനകള്‍ക്കും നന്ദിവാക്കുകള്‍ക്കുമപ്പുറം ആഴയത്തിലുള്ളള ( ഇശ്ഖ് ) പ്രണയമുണ്ടാകുമ്പോഴാണ് ജീവിതം സാര്‍ഥകമാകുന്നത്. ദൈവവുമായുള്ള ആത്മബന്ധത്തിന്റെ വികാര തീവ്രതയും ആന്തോളനങ്ങളും നിറഞ്ഞുതുളുമ്പുന്നതാണ് ആല്‍ബത്തിലെ ഓരോ വരിയും. സ്വന്തത്തെ അറിയാനും സ്രഷ്ടാവിനെ അറിയാനുമുള്ള അദമ്യമായ ആഗ്രഹമാണ് ജീവിതത്തെ മനോഹരമാക്കുന്നത്. ആ അന്വേഷണത്തിന്റെ സൗന്ദര്യവും സൗരഭ്യവും ഒപ്പിയെടുക്കുന്നിടത്താണ് അഹദിലേക്ക് ഇശ്ഖിലേക്ക് ശ്രദ്ധേയമാകുന്നത്.
ദിവ്യാനുരാഗ ലഹരി തീര്‍ക്കുന്ന സൂഫിസത്തോടുള്ള അഭിനിവേശമാണ് ഈ രചനയുടെ പ്രേരകമെന്ന് ഹസ്ബുല്ല പറയുമ്പോള്‍ സൂഫിസത്തിന്റെ വിശാലമായ തലങ്ങളറിയാനും അനുഭവിക്കുവാനുമുള്ള ഒരു ചെറുപ്പക്കാരന്റെ വെമ്പല്‍ നമുക്ക് വായിച്ചെടുക്കാം. ഞാന്‍ സൂഫിസത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ ആളല്ല. മനസിലാക്കാന്‍ ശ്രമിക്കുന്ന ഒരു വിദ്യാര്‍ഥി മാത്രമാണ് എന്നാണ് ഹസ്ബുല്ല പറയുന്നത്.
സ്വന്തത്തെ മുന്നില്‍ പ്രതിഷ്ഠിച്ചു കൊണ്ട് അതിന്റെ പ്രതിബിംബത്തില്‍ തന്നെത്തന്നെ തിരയുന്ന അനുഭവമാണ് സൂഫി ജീവിതം. ആചാരങ്ങള്‍ക്കും അനുഷ്ടാനങ്ങള്‍ക്കുമപ്പുറം ദൈവസ്നേഹത്തിലും അവനോടുള്ള ഇഷ്ടത്തിലും അനുരക്തരായി കഴിയുന്ന സൂഫി ചിന്തയും കാഴ്ചപ്പാടുകളും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മാസ്മര ശക്തിയുള്ള സൂഫി സംഗീതം ഭക്തിയുടേയും അനുരാഗത്തിന്റേയും വിസ്മയ ലോകത്തേക്കാണ് നമ്മെ കൊണ്ടെത്തിക്കുക. സൂഫി ചിന്തയെക്കുറിച്ചും സംഗീതത്തെക്കുറിച്ചുമൊക്കെ കൂടുതല്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.
പ്രവാചകനേയും മദീനയേയും ആഴത്തില്‍ പ്രണയിക്കുന്ന വിശ്വാസത്തിന്റെ കവിഞ്ഞൊഴുക്കാണ് സുല്‍ത്താനെ മദീന.
ആല്‍ബം കാണാനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=cw5UbX2P9qM&feature=youtu.be