രണ്ട് വാക്സിനുകളും സുരക്ഷിതം, പക്ഷേ ഏത് വേണമെന്ന് തെരഞ്ഞെടുക്കാനാവില്ല
ഡോ. അമാനുല്ല വടക്കാങ്ങര –
ദോഹ. ഖത്തര്‍ പൊതുജനാരോഗ്യം അംഗീകരിച്ച ഫൈസറിന്റേയും മോഡേണയുടേയും കോവിഡ് വാക്സിനുകള്‍ രണ്ടും സുരക്ഷിതവും ഫലപ്രദവുമാണെന്നും എന്നാല്‍ ഏതാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കുവാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാവില്ലെന്നും വാക്സിനേഷന്‍ വകുപ്പ് മേധാവി ഡോ. സുഹ അല്‍ ബയാത്ത്് വ്യക്തമാക്കി . ഖത്തര്‍ ടെലിവിഷനുമായി നടന്ന മുഖാമുഖം പരിപാടിയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
അടുത്ത ദിവസങ്ങളില്‍ തന്നെ മോഡേണയുടെ വാക്സിന്‍ ദോഹയിലെത്തും. ഓരോരുത്തരും ബന്ധപ്പെടുന്ന ഹെല്‍ത്ത് സെന്ററില്‍ ലഭ്യമായ വാക്്സിനാണ് നല്‍കുക. അവിടെ ചോയിസ് അനുവദിക്കാനാവില്ല.
ലോകാടിസ്ഥാനത്തില്‍ വാക്സിന് വലിയ ഡിമാന്റുണ്ട്. ഖത്തറിലെ മുഴുവന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സുരക്ഷിതവും കാര്യക്ഷമവുമായ വാക്സിന്‍ ലഭ്യമാക്കാനാണ് ഗവണ്‍മെന്റ് പരിശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് രണ്ട് ലോകോത്തര കമ്പനികളുമായി ധാരണയിലെത്തുകയും വാക്സിന്‍ ലഭ്യമാക്കുകയും ചെയ്യുന്നത്. വാക്സിന്റെ സുരക്ഷ സംബന്ധിച്ചോ കാര്യക്ഷമത സംബന്ധിച്ചോ ആശങ്ക വേണ്ട. വിശദവും വിദഗ്ധവുമായ പഠനങ്ങള്‍ നടത്തിയ ശേഷമാണ് ഇവക്ക് ലോകാംഗീകാരം ലഭിച്ചത്.
വാക്സിനെടുത്ത ശേഷവും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്ന് അവര്‍ ഓര്‍മിപ്പിച്ചു. രണ്ട് ഡോസ് വാക്സിനെടുത്ത് രണ്ടാഴ്ച കഴിഞ്ഞ ശേഷം ശരീരം വൈറസിനെ പ്രതിരോധിക്കാന്‍ സജ്ജമാകും. എങ്കിലും മുന്‍കരുതലുകള്‍ തുടരുന്നതാണ് അഭികാമ്യം.