ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
ദോഹ. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ലോകമാകെ വീണ്ടും ആശങ്ക പരത്തുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് രംഗത്ത്
ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പുതിയ നിര്‍ദേശങ്ങള്‍ ഫെബ്രുവരി 22 ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍വരുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പെങ്കിലും നടത്തിയ ആര്‍.ടി-പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. കൂടാതെ ഈ പരിശോധനാ ഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും വേണം. എയര്‍ സുവിധ പോര്‍ട്ടലില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ചെയ്യുകയും കൊവിഡ് നെഗറ്റീഫ് പരിശോധനാ ഫലം അപ്ലോഡ് ചെയ്യുകയും ചെയ്യുന്ന യാത്രക്കാര്‍ക്ക് മാത്രമേ ബോര്‍ഡിങ് അനുവദിക്കാന്‍ പാടുള്ളൂ എന്ന് വിമാന കമ്പനികള്‍ക്കും കര്‍ശനമായ നിര്‍ദ്ദേശം ഉണ്ട്.
ഇതിനും പുറമേ വന്നിറങ്ങുന്ന വിമാനതാവളങ്ങളില്‍ മോളിക്യുലാര്‍ പരിശോധന നിര്‍ബന്ധമാണെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്പില്‍ നിന്നും യു.കെയില്‍ നിന്നും എത്തുന്നവര്‍ക്കും മോളിക്യുലാര്‍ പരിശേധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങള്‍ വഴി വരുന്ന വിമാനങ്ങളില്‍ ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്.