Uncategorized

പ്രവാസികളുടെ യാത്ര സംബന്ധിച്ച പുതിയ സര്‍ക്കാര്‍ നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന (ആര്‍ ടി പി സി ആര്‍) നടത്തി വിമാനത്തില്‍ കയറാന്‍ അനുവദിക്കുകയും മൂന്നോ നാലോ മണിക്കൂര്‍ കഴിഞ്ഞ് നാട്ടില്‍ എത്തിയാല്‍ എയര്‍പ്പോര്‍ട്ടില്‍ വെച്ച് വീണ്ടും അതേ പരിശോധന വേണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ വിചിത്രമായ നിര്‍ദേശത്തിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം കനക്കുകയാണ്. വിവിധ പ്രവാസി സംഘടനകളാണ് അന്യായമായ തീരുമാനം പിന്‍വലിക്കണമെന്ന് ഗവണ്‍മെന്റിനോടാവശ്യപ്പെട്ടത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ മുഖേനയും നേരിട്ടും പരാതികള്‍ പോയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഫെബ്രുവരി 22 അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്ന നിര്‍ദേശത്തിനെതിരെയാണ് പ്രതിഷേധം ആളികത്തുന്നത്. ഇന്നലെ വിവിധ എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങിയ പ്രവാസി യാത്രക്കാരും ഈ അനീതിക്കെതിരൈ അവരുടെ പ്രതിഷേധം അറിയിട്ടിട്ടുണ്ട്. പ്രവാസികളെ ചൂഷണം ചെയ്യുന്ന വിചിത്രമായ ഈ നിബന്ധന സര്‍ക്കാര്‍ തിരുത്തണമെന്ന് കള്‍ച്ചറല്‍ ഫോറം ഖത്തര്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

കുടുംബം പോറ്റാന്‍ വിദേശത്ത് പോയവര്‍ കോവിഡ് കാലത്തെ ഒട്ടേറെ പ്രതിസന്ധികളില്‍ നിന്ന് ഒരു ആശ്വാസത്തിന് നാടണയാന്‍ കൊതിക്കുമ്പോഴാണ് ഇരുട്ടടി പോലെ പുതിയ നിയമം നടപ്പില്‍ വരുന്നത്. ജോലി നഷ്ടപ്പെട്ടും രോഗം മൂര്‍ച്ചിച്ചും ഒരു വര്‍ഷത്തില്‍ അധികമായി നാട്ടിലുള്ള ഉറ്റവരെ കാണാന്‍ സാധിക്കാത്ത അവസ്ഥയിലുമൊക്കെയാണ് ഭൂരിപക്ഷവും നാട്ടിലേക്ക് യാത്ര ചെയ്യുന്നത്. അത്തരം ആളുകളിലേക്കാണ് പതിനായിരങ്ങളുടെ സാമ്പത്തിക ബാധ്യത പിന്നെയും സര്‍ക്കാര്‍ കെട്ടിവെക്കുന്നത്, അധിക വിദേശ രാജ്യങ്ങങ്ങളിലും യാത്രാവശ്യം ടെസ്റ്റ് ചെയ്യാന്‍ പതിനായിരത്തിന് മുകളിലാണ് ഒരാള്‍ ചിലവഴിക്കേണ്ടി വരുന്നത്. ശേഷം നാട്ടില്‍ എത്തുമ്പോള്‍ 1800 ല്‍ അധികം രൂപയുടെ ടെസ്റ്റ് പിന്നെയും നിര്‍ബന്ധമാക്കുന്നു. മറ്റ് രാജ്യങ്ങളില്‍ നിബന്ധനയില്ലാത്ത വിധം കൊച്ചു കുഞ്ഞുങ്ങളെ പോലും ടെസ്റ്റില്‍ നിന്ന് ഒഴിവാക്കാതെ പതിനായിരങ്ങളുടെ ബാധ്യതയാണ് പ്രവാസികളുടെ മേല്‍ ചാര്‍ത്തുന്നത്. പ്രോട്ടോക്കോള്‍ അനുസരിച്ച് ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും പരിശോധന നിര്‍ബന്ധമാണെങ്കില്‍ അധിക ഗള്‍ഫ് രാജ്യങ്ങളും അതത് രാജ്യത്ത് എത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന സൗജന്യമായി ചെയ്യുന്നത് പോലെ സര്‍ക്കാര്‍ സൗജന്യമായി ടെസ്റ്റിന് സംവിധാനം ഒരുക്കണം.
കൂടാതെ ഖത്തറില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് നേരത്തെ പി.സി.ആര്‍ ടെസ്റ്റിന് പകരം ഇഹ്തിറാസ് ആപ്പ് മാനദണ്ഡമായി പരിഗണിച്ചിരുന്നത് തുടരുക, 15 വയസ്സില്‍ താഴെയുള്ള കുട്ടികളെ ടെസ്റ്റില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുക, യാത്ര സംബന്ധിയായി സര്‍ക്കാര്‍ ഇറക്കിയ അല്‍ഗോരിതം ചാര്‍ട്ടില്‍ പറയുന്നത് പോലെ പരിശോധനകള്‍ കഴിഞ്ഞെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റയിന്‍ ഇളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സര്‍ക്കാര്‍ പരിഗണിച്ച് വേണ്ട സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രസ്താവനയില്‍ കൂട്ടിചേര്‍ത്ത .

പ്രസിഡന്റ് ഡോ : താജ് ആലുവ അധ്യക്ഷത വഹിച്ചു, മുഹമ്മദ് കുഞ്ഞി, സുഹൈല്‍ ശാന്തപുരം, മുഹമ്മദ് റാഫി, മജീദലി, ചന്ദ്രമോഹന്‍, താസീന്‍ അമീന്‍ എന്നിവര്‍ സംസാരിച്ചു.
ഇന്‍കാസ്, ഗപാക് തുടങ്ങിയ സംഘടനകളും പുതിയ സര്‍ക്കാര്‍ നിയമത്തിനെതിരെ പ്രതിഷേധമറിയിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!