Uncategorized

ഫിഫ അറബ് കപ്പ് അവിസ്മരണീയമാക്കുന്നതിന് വൈവിധ്യമാര്‍ന്ന പരിപാടികളുമായി സംഘാടകര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. അറബ് ലോകത്തെ കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്ന ഫിഫ അറബ് കപ്പിന് വിസിലുയരുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മനോഹരമായ ഗെയിമിന്റെയും അറബ് സംസ്‌കാരത്തിന്റെയും ആഘോഷത്തിന്റെ ഭാഗമായി, ടൂര്‍ണമെന്റിനെത്തുന്ന ആരാധകര്‍ക്ക് നിരവധി കലാസാംസ്‌കാരിക പരിപാടികളുമായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസി രംഗത്ത് . കോര്‍ണിഷിലെ ലൈറ്റ് ആന്റ് ഷോകളും കരിമരുന്നു പ്രയോഗങ്ങളും ഹൃദ്യമായ കലാപ്രകടനങ്ങളുമൊക്കെ അറബ് കപ്പ് കൂടുതല്‍ ആകര്‍ഷകമാക്കും. ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്ന പതിനാറ് ടീമുകളുടേയും പതാകകള്‍ കോര്‍ണിഷിലും കതാറയിലും മറ്റു പ്രധാന വീചികളിലും ഉയര്‍ന്നു കഴിഞ്ഞു. വിവിധ സ്‌ക്കകൂളുകളിലും കമ്മ്യൂണിറ്റി കേന്ദ്രങ്ങളിലുമുള്ള അറബ് കപ്പ് ട്രോഫിയുടെ പര്യടനം സമൂഹത്തില്‍ ആവേശത്തിരകളുയര്‍ത്തുന്നതായിരുന്നു.

2022 ലോകകപ്പിന്റെ സന്നാഹമെന്ന നിലയില്‍ ഫിഫ ഖത്തറില്‍ സംഘടിപ്പിക്കുന്ന അറബ് കപ്പ് ടൂര്‍ണമെന്റിന് നവംബര്‍ 30 നാണ് തുടക്കമാവുക . അല്‍ ബെയ്ത്ത്, 974 എന്നീ ലോക കപ്പ് സ്റ്റേഡിയങ്ങളും അന്ന് തന്നെ ഉദ്ഘാടനം ചെയ്യും.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ 16 ദേശീയ ടീമുകള്‍ അഭിമാനകരമായ കിരീടത്തിനായി പോരാടാന്‍ തയ്യാറെടുക്കുമ്പോള്‍ ഖത്തറിലും മേഖലയിലുടനീളവും ആവേശം ഉയരുകയാണ്. ഫിഫ അറബ് കപ്പ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അഞ്ച് ടൂര്‍ണമെന്റ് വേദികളില്‍ മത്സരത്തിന് മുമ്പും ശേഷവും കലാപ്രകടനങ്ങള്‍ കാണാനാകും. അല്‍ ബൈത്ത്, അഹ്‌മദ് ബിന്‍ അലി, അല്‍ ജനൂബ്, അല്‍ തുമാമ, സ്റ്റേഡിയം 974 എന്നിവിടങ്ങളിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതില്‍ ഖത്തര്‍, ഈജിപ്ത്, ലെബനന്‍, പലസ്തീന്‍, മൊറോക്കോ, സുഡാന്‍ തുടങ്ങിയ കമ്മ്യൂണിറ്റികളുടെ സംഗീതം, നൃത്തം, നാടോടിക്കഥകള്‍, മറ്റ് പ്രകടനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കള്‍ച്ചറല്‍ പരിപാടികള്‍ ലാസ്റ്റ് മൈല്‍ ഏരിയയിലും സ്റ്റേഡിയങ്ങള്‍ക്ക് സമീപമുള്ള മെട്രോ/ബസ് സ്റ്റേഷനുകളിലുമായിരിക്കും നടക്കുക. ടൂര്‍ണമെന്റില്‍ 60 സ്ഥലങ്ങളിലായി മൊത്തം 200 പ്രകടനങ്ങള്‍ നടക്കും.

ടൂര്‍ണമെന്റ് വേദികളില്‍ നിന്ന് അകലെ, ദോഹ കോര്‍ണിഷില്‍ ആവേശകരമായ ചില പരിപാടികള്‍ ആസ്വദിക്കാന്‍ ആരാധകര്‍ക്ക് അവസരമുണ്ട് .സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസി, ഖത്തര്‍ ടൂറിസം, സാംസ്‌കാരിക മന്ത്രാലയം, കത്താറ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടക്കുക. ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവലില്‍ കോര്‍ണിഷിലെ മൂന്ന് മിനി സ്റ്റേജുകളിലായി നിരവധി പ്രകടനങ്ങള്‍ നടക്കും, ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളെ പ്രതിനിധീകരിക്കുന്ന പ്രാദേശിക കമ്മ്യൂണിറ്റികളില്‍ നിന്നുള്ള കലാകാരന്മാര്‍ പങ്കെടുക്കും. വെള്ളിയാഴ്ച (ഡിസംബര്‍ 3) വരെ പ്രവൃത്തിദിവസങ്ങളില്‍ വൈകുന്നേരം 6 മണി മുതല്‍ 10 മണി വരെയും വാരാന്ത്യങ്ങളില്‍ വൈകുന്നേരം 5 മണി മുതല്‍ 12 മണി വരെയും കോര്‍ണിഷിലെ പരിപാടികള്‍ കാണാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ടാകും.

Related Articles

Back to top button
error: Content is protected !!