ഷഹനാസിന്റെ ചിത്രലോകം
ഡോ. അമാനുല്ല വടക്കാങ്ങര
അജ്മാന്‍ ഹാബിറ്റാറ്റ് സ്‌ക്കൂളിലെ ചിത്രകല അധ്യാപികയായ സി.കെ. ഷഹനാസ് പ്രകൃതിയുടെ സൗന്ദര്യമൊപ്പിയെടുക്കുന്ന ആത്മസംവേദനത്തിന്റെ വേറിട്ട കുറേ ചിത്രങ്ങളിലൂടെയാകാം സഹൃദയലോകത്തിന്റെ ശ്രദ്ധ നേടുന്നത്. ജലച്ഛായവും ഓയിലും അക്രലിക്കുമൊക്കെ ഒരു പോലെ വഴങ്ങുന്ന ഈ മയ്യഴിപ്പുഴയുടെ കലാകാരി ഓരോ വര്‍ക്കിനൊപ്പവും പെന്‍വര്‍ക്കു കൂടി ചെയ്താണ് ചിത്രങ്ങളെ സവിശേഷമാക്കുന്നത്. ഗ്രന്ഥകാരിയും അധ്യാപികവുമായ കൂട്ടുകാരി ജാസ്മിന്‍ സമീറിനാണ് ഷഹനാസിന്റെ ചിത്രങ്ങളെക്കുറിച്ച് എന്നോട് പറഞ്ഞത്. ചിത്രങ്ങളിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തിയപ്പോള്‍ തന്നെ അറ നിറഞ്ഞ കലാകാരിയാണ് ഷഹനാസ് എന്ന് ബോധ്യമായി.
ഓരോ വര്‍ക്കിലും സ്വന്തമായ ചില മുദ്രകള്‍ കോറിയിടാന്‍ ശ്രദ്ധിക്കുന്ന ഷഹനാസിന്റെ ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ തീര്‍ക്കുന്ന പെന്‍വര്‍ക്കുകളാല്‍ സൃഷ്ടിക്കുന്ന രേഖാചിത്രങ്ങളാണോ അതല്ല ആധുനികതയും പൗരാണികതയും സമന്വയിപ്പിക്കുന്ന വ്യത്യസ്്തമായ ശൈലിയാണോ ഷഹനാസിന്റെ ചിത്രങ്ങളെ വ്യതിരിക്തമാക്കുന്നതെന്ന് കൃത്യമായി പറയാനാവില്ല. അത്രക്കും മികച്ച കോമ്പിനേഷനിലാണ് ഷഹനാസ് ക്യാന്‍വാസുകളെ മനോഹരമാക്കുന്നത്. ഷഹനാസിന്റെ പേനയും പെന്‍സിലും ബ്രഷുമൊക്കെ ഒരേ ചിന്തയിലാണ് കലാനിര്‍വഹണത്തില്‍ സഹകരിക്കുന്നത്. അങ്ങനെ തികഞ്ഞ സൂക്ഷ്മതയോടെ വരച്ചെടുക്കുന്ന ഓരോ ചിത്രങ്ങളും ആശയഗാംഭീര്യവും പൂര്‍ണതയും നല്‍കുമ്പോള്‍ ചിത്രങ്ങള്‍ കൂടുതല്‍ സ്വീകാര്യമാകുന്നു.
കേരളത്തിനകത്തും പുറത്തും ഒറ്റക്കും കൂട്ടായും നിരവധി പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തപ്പോഴൊക്കെ സഹൃദയ ലോകം പ്രത്യേകം പരാമര്‍ശിച്ചതും ഈ പെന്‍വര്‍ക്കിന്റെ സവിശേഷതയായിരുന്നുവെന്ന കാര്യം ഷഹനാസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു.
പ്രകൃതിയുടെ മനോഹാരിതയും കാല്‍പനികതയുടെ വിശാലതയും സമന്വയിപ്പിക്കുന്ന ഷഹനാസിന്റെ ചിത്രങ്ങള്‍ മഹത്തായ സന്ദേശങ്ങളാണ് സഹൃദയരുമായി പങ്കുവെക്കുന്നത്. കല കേവലം സൗന്ദര്യത്തിന്റെ സാക്ഷാല്‍ക്കാരത്തിനപ്പുറം ആശയങ്ങളുടെ ആവിഷ്‌ക്കാരവുമാണെന്നാണ് ഷഹനാസ് വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ഷഹനാസിന്റെ കാന്‍വാസില്‍ വിരിയുന്ന ഓരോ ചിത്രവും വിപുലമായ ആശയവും പൊരുളുകളുമുള്ളതാണ് .
കലയെ ഏറെ ഗൗരവത്തോടെ സമീപിക്കുന്ന ഷഹനാസിന് കലയാണ് ജീവിതം. വരയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തിയും പുതിയ സംവിധാനങ്ങള്‍ പഠിച്ചും പ്രയോഗിച്ചുമൊക്കെയാണ് സര്‍ഗസഞ്ചാരത്തിന്റെ സവിശേഷമായ വഴികളിലൂടെ ഷഹനാസ് മുന്നോട്ടുപോകുന്നത്. പരമ്പരാഗത രീതിയിലുള്ള വര്‍ക്കുകള്‍ക്കൊപ്പം മോഡേണ്‍ ആര്‍ട്ടും സമന്വയിപ്പിച്ച് ഷഹനാസിന്റെ തൂലികയിലൂടെ പുറത്തുവരുന്ന ജീവനുള്ള ചിത്രങ്ങള്‍ക്ക് ലോകാടിസ്ഥാനത്തില്‍ തന്നെ സ്വീകാര്യത ലഭിക്കുന്നുവെന്നത് പ്രത്യേകപരാമര്‍ഹിക്കുന്നു. സ്വദേശീയവും വിദേശീയവുമായ നിരവധി പ്രദര്‍ശനങ്ങല്‍ പങ്കെടുത്ത ഷഹനാസിന്റെ ചിത്രങ്ങള്‍ ഇന്ത്യക്ക് പുറമേ അമേരിക്ക, ജര്‍മനി, ജപ്പാന്‍, ഡെന്‍മാര്‍ക്, വിയറ്റ്നാം, യു.എ.ഇ, ബഹറൈന്‍ തുടങ്ങിയ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും വില്‍പന നടക്കുകയും ചെയ്തിട്ടുണ്ട്. പല അന്താരാഷ്ട്ര മാസികകളിലും സ്ഥാനം പിടിച്ച ഷഹനാസിന്റെ ചിത്രങ്ങള്‍ ഫീ്ച്ചര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ലക്കത്തിന്റെ കവര്‍ പേജ് തന്നെ ഷഹനാസിന്റെ പെയിന്റിംഗായിരുന്നു.
ലോകത്തെമ്പാടുമുള്ള കലാകാരന്മാരുടേയും എഴുത്തുകാരുടേയും കൂട്ടായ്മയായ സ്റ്റാന്‍ഡ്സിന്റെ സൈറ്റില്‍ ഷഹനാസിന്റെ ചിത്രങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്.
ഫോട്ടോ ഷോപ്പിലെ സ്‌ക്രിബിള്‍ ആര്‍ട് പെന്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന ഷഹനാസ് വളരെ കുറഞ്ഞ സമയം കൊണ്ടാണ് മനോഹരങ്ങളായ പോര്‍ട്രെയിറ്റുകള്‍ തീര്‍ക്കുന്നത്. ജീവന്‍ തുടിക്കുന്ന ചിത്രങ്ങളും പോര്‍ട്രെയിറ്റുകളുമടങ്ങുന്ന ഒരു വലിയ ശേഖരം തന്നെ ഷഹനാസിന് സ്വന്തമായുണ്ട്.
മയ്യഴി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ചെമ്മങ്ങാടന്‍ ഹൗസില്‍ പരേതനായ സി.കെ. ഉസ്മാന്റേയും ആയിഷയുടെയും മകളായ ഷഹനാസ് ചെറുപ്രായത്തിലേ വരകളോട് ആഭിമുഖ്യം കാണിച്ചുരുന്നു. വീട്ടുകാരും അധ്യാപകരുമൊരു പോലെ പ്രോല്‍സാഹിപ്പിക്കുകയും എല്ലാ പിന്തുണയും നല്‍കുകയും ചെയ്തതാണ് തന്റെ കലാജീവിതത്തിന് കരുത്ത് പകര്‍ന്നതെന്നാണ് ഷഹനാസ് കരുതുന്നത്.
തന്നിലെ കലാകാരിയെ തിരിച്ചറിഞ്ഞ് വളരാന്‍ വെളിച്ചമേകിയ പ്രൈമറി സ്‌ക്കൂളിലെ പാര്‍വതി ടീച്ചറേയും യു.പി. സ്‌ക്കൂളിലെ നളിനി ടീച്ചറേയും ഹൈസ്‌ക്കൂളിലെ രാജന്‍ മാഷേയും ആര്‍ട് സ്‌ക്കൂളിലെ പ്രിയപ്പെട്ട അധ്യാപകരായ സുരേഷ്, രാജേഷ്, മനീഷ ടീച്ചര്‍ ശല്‍വന്‍ എന്നിവരേയും ജലച്ഛായങ്ങളുടെ ചക്രവര്‍ത്തിയെന്നറിയപ്പെടുന്ന സാധു അലിയൂര്‍ എന്നിവരെയൊക്കെ കൃതജ്ഞതയോടെ മാത്രമേ ഓര്‍ക്കാനാകൂ. അവരുടെയൊക്കെ അനുഗ്രഹവും പൊരുത്തവും തന്നെയാകാം നിരവധി ലോകോത്തര പ്രദര്‍ശനങ്ങളില്‍ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ അവസരം ലഭിച്ചത്.
ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദവും ചിത്ര കല, മള്‍ട്ടി മീഡിയ അനിമേഷന്‍ എന്നിവയില്‍ ഡിപ്ളോമയുള്ള ഷഹനാസ് ഫാഷന്‍ ഡിസൈനിംഗിലും പരിശീലനം നേടിയിട്ടുണ്ട്. ഫാഷന്‍ ഡിസൈനറായും അധ്യാപികയായുമാണ് ജോലി നോക്കിയതെങ്കിലും ചിത്രങ്ങളോടുള്ള അഗാധമായ പ്രണയമാണ് ഈ കലാകാരിയെ മുന്നോട്ടുനയിക്കുന്നത്. അതുകൊണ്ട് തന്നെ ജോലിയോടൊപ്പം ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പ്രദര്‍ശനങ്ങളിലും പങ്കെടുക്കുവാന്‍ ഈ കലാകാരി ശ്രദ്ധിക്കാറുണ്ട്. ബഹറൈനിലും അബൂദബിയിലും ജോലി ചെയ്ത ശേഷം 2018 മുതല്‍ ഹാബിറ്റാറ്റ് സ്‌ക്കൂളിലാണ് ഷഹനാസ് ജോലി ചെയ്യുന്നത്.
ലൈവ് പെയിന്റിംഗ്, ഗ്രൂപ്പ് ഷോ, സോളോ ഷോ തുടങ്ങി വിവിധ പരിപാടികളില്‍ സജീവമാകുമ്പോഴും ക്രിയാത്മകതയുടെ പുതിയ ലോകം തേടിയുള്ള അന്വേഷണമാണ് ഷഹനാസിന്റെ ലോകം. ഭാവനയുടെ അതിരുകളില്ലാത്ത ലോകത്ത് സൗന്ദര്യത്തിന്റെ വിസ്മയങ്ങള്‍ തീര്‍ക്കുന്ന സക്രിയമായ ദിനങ്ങളാണ് ജീവിതം മനോഹരമാക്കുന്നതെന്നാണ് ഈ കലാകാരി കരുതുന്നത്.