IM Special

ഫൈസല്‍ അബൂബക്കറിന്റെ കാവ്യ പ്രപഞ്ചം

ഡോ. അമാനുല്ല വടക്കാങ്ങര  : –

സമകാലിക സംഭവങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന തൂലികയാല്‍ അനുഗ്രഹീതനായ കലാകാരനാണ് ഫൈസല്‍ അബൂബക്കര്‍. മനുഷ്യ നന്മയും സാമൂഹ്യ നവോത്ഥാനവുമൊക്കെ പ്രതിഫലിക്കുന്ന അദ്ദേഹത്തിന്റെ കാവ്യ പ്രപഞ്ചം സര്‍ഗസഞ്ചാരത്തിന്റെ ധന്യമായ അടയാളപ്പെടുത്തലുകളാണ്. കണ്ണും കാതും തുറന്ന് വെച്ച് ചുറ്റും നടക്കുന്ന ക്രയവിക്രയങ്ങേേളാട് താത്വികമായും പ്രായോഗികമായും സംവദിക്കേണ്ടത് തന്റെ സാമൂഹ്യ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവാകാം അദ്ദേഹത്തിന്റെ ഓരോ കവിതയേയും സവിശേഷമാക്കുന്നത്.

ഈയിടെ സാമൂഹ്യ മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഹലാല്‍ ലൗ സ്റ്റോറി എന്നീ ചിത്രങ്ങളില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഫൈസല്‍ പങ്കുവെച്ച കവിത ശകലങ്ങള്‍ ഒരു കലാകാരന്റെ സാമൂഹ്യ ഉത്തരവാദിത്തം ഉയര്‍ത്തിപ്പിടിക്കുന്നതാണ്.

പ്രവാസത്തിന്റെ വരണ്ട നിമിഷങ്ങളെ എഴുതിയും വായിച്ചും മനോഹരമായി കവിതകള്‍ ആലപിച്ചും ആര്‍ദ്രവും സുന്ദരവുമാക്കുന്ന ഫൈസലിന് കവിത കേവലം ആസ്വാദനത്തിനപ്പുറം തിരുത്തലിന്റേയും വളര്‍ച്ചയുടേയും ചാലക ശക്തികള്‍കൂടിയാണ്. തീച്ചൂളയില്‍ ജ്വലിക്കുന്ന കാവ്യാക്ഷരങ്ങളിലൂടെ സഹൃദയരുടെ ചിന്തയിലേക്കും ഭാവനയിലേക്കും തുളച്ചു കയറുന്ന വരികള്‍ ഗുണകാംക്ഷയുടേയും സ്‌നേഹത്തിന്റേയും മേമ്പൊടിയോടെ കൊള്ളേണ്ടിടത്ത് കൊള്ളും.

സ്‌ക്കൂള്‍ കാലം തൊട്ടെ എഴുത്തിനോട് ആഭിമുഖ്യമുണ്ടായിരുന്ന ഫൈസല്‍ കഥയും കവിതയുമൊക്കെ എഴുതുമായിരുന്നു. യൗവ്വനാരംഭത്തിലേ പ്രവാസ ലോകത്തെത്തിയെങ്കിലും ഈ വാസനകളൊക്കെ മരുഭൂമിയിലെ ചൂടിലും തണുപ്പിലും സജീവമായി തന്നെ നിന്നു. കഥയിലെ ചോദ്യങ്ങള്‍ എന്ന കഥാ സമാഹാരമാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. കെ.പി. സുധീരയുടെ അവതാരികവും പ്രൊഫസര്‍ എന്‍.പി ഹാഫിസ് മുഹമ്മദിന്റെ വരകളും ആ പുസ്തകം ശ്രദ്ധേയമാക്കി. താന്‍ ആദ്യാക്ഷരം കുറിച്ച പന്നിയങ്കര സ്‌ക്കൂളില്‍വെച്ച് പുസ്തകം പ്രകാശനം ചെയ്ത് ഈ കൃതി തന്റെ വിദ്യാലയത്തിന് സമ്മാനിച്ച് ഫൈസല്‍ കൃതാര്‍ഥനായി

ദോഹയിലെ മലയാളി സര്‍ഗ സായാഹ്നങ്ങളില്‍ ഈണത്തില്‍ കവിത ചൊല്ലിയും സ്വന്തം രചനകള്‍ അവതരിപ്പിച്ചും സജീവമായപ്പോള്‍ കവിതകളാണ് തന്റെ തട്ടകമെന്ന് ഫൈസല്‍ തിരിച്ചറിയുകയായിരുന്നു. ആദിയില്‍ കവിതയുണ്ടായി എന്ന പ്രഥമ കവിതാ സമാഹാരം പിറന്നതങ്ങനെയാണ്. തന്റെ കൂട്ടുകാരനായ ഇ.പി. അബ്ദുറഹിമാനാണ് ഈ പുസ്തകത്തിന്റെ പ്രിന്റിംഗ് ചിലവുകള്‍ വഹിച്ചത്. താന്‍ പഠിച്ച ചേന്ദമംഗല്ലൂര്‍ യു.പി. സ്‌ക്കൂളില്‍ നടന്ന ഗംഭീരമായ ഒരു ചടങ്ങില്‍വെച്ച് പുസ്തകം പ്രകാശനം ചെയ്യുകയും പുസ്തകം വിറ്റുകിട്ടുന്ന മുഴുവന്‍ തുകയും സ്‌ക്കൂളിന് സമ്മാനിക്കുകയും ചെയ്താണ് ഫൈസല്‍ വേറിട്ട മാതൃകയായത്. മാനവ സ്‌നേഹവും ഐക്യവും ഉദ്‌ഘോഷിക്കുന്ന കവിതകളാല്‍ സമ്പന്നമായ ഈ കൃതിയുടെ അവതാരികയില്‍ പ്രൊഫസര്‍ കെ.ഇ.എന്‍ സൂചിപ്പിച്ചതുപോലെ പല കാരണങ്ങളാല്‍ നാം വേറെയായിരിക്കുമ്പോഴും അതിനേക്കാളുമേറെ കാരണങ്ങളാല്‍ നാമൊന്നാണെന്നാണ് ഫൈസല്‍ തന്റെ വരികള്‍ക്കിടയിലൂടെ നമ്മോട് ആവര്‍ത്തിക്കുന്നത്.

നിലാവിന്‍ നനവില്‍ എന്ന ഉപവാസ കവിതകള്‍ ശരിക്കും അക്ഷരങ്ങളുടെ പ്രാര്‍ഥനകളാണ്. പി.കെ. ഗോപിയുടെ ചിന്തോദ്ദീപകമായ അവതാരികയും പി.എം.എ. ഗഫൂറിന്റെ പഠനവും ഈ രചനയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. വ്രതത്തിന്റെ ആത്മീയത അതിമധുരമായി വിതറിയ കവിതകളാണ് ഫൈസലിന്റെ ഈ കൃതിയെന്ന പി.എം.എ. ഗഫൂറിന്റെ നിരീക്ഷണം ഏറെ കൃത്യമാണ്. അധികമായി ഒന്നുമില്ലാതെ അച്ചടക്കമുള്ളൊരു കാവ്യ ഭാഷ ഫൈസലിന്റെ എഴുത്തു ഭാഗ്യമാണ്. ഉപവാസ കവിതകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള ചിന്തയിലാണ് ഫൈസല്‍.

പരിശുദ്ധ റമദാനിലെ ഒരു പ്രത്യേക പരിപാടിയില്‍വെച്ച് പുസ്തകം പ്രകാശനം ചെയ്യുകയും അതില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ വരുമാനം വിഷന്‍ 2026 ന്റെ ഇഫ്താര്‍ പരിപാടികള്‍ക്ക് സംഭാവനം ചെയ്തു. സര്‍ഗവൈഭവം നല്‍കിയ സ്രഷ്ടാവിനോട് നന്ദി കാണിച്ചും ഫൈസല്‍ വിനയാന്വിതനായപ്പോള്‍ ഏറെ വിലപ്പെട്ട സന്ദേശമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്നത്.

സര്‍ഗസഞ്ചാരം ധന്യമാകുന്നത് അതുകൊണ്ട് കൂടെപ്പിറപ്പുകള്‍ക്കും സമൂഹത്തിനും കൂടി ഗുണമുണ്ടാകുമ്പോഴാണെന്ന മഹത്തായ സന്ദേശമാണ് ഫൈസല്‍ ജീവിതത്തിലും കര്‍മരംഗത്തും അടയാളപ്പെടുത്തുന്നത്.

കോഴിക്കോട്ടെ പ്രശസ്തമായ പാരീസ് അബൂബക്കര്‍ ഹാജിയുടേയും പി.പി. സൈനബയുടേയും മകനായ ഫൈസല്‍ ദീര്‍ഘകാലം ഖത്തര്‍ ഗ്യാസില്‍ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോള്‍ കെയര്‍ ആന്റ് ക്യുവര്‍ ഗ്രൂപ്പ് എച്ച്. ആര്‍. മാനേജറാണ്.

എഴുത്തിനും കവിതാലാപനത്തിനുമൊപ്പം മൈന്റ്ട്യൂണ്‍, ട്രെയിനിംഗ് പ്രോഗ്രാമുകളിലും സജീവമാണ് ഫൈസല്‍

റംലയാണ് ഭാര്യ. ഫര്‍ഹ, മര്‍യം, മൂസ, സുമയ്യ എന്നിവര്‍ മക്കളാണ്. യാസര്‍ ബേപ്പൂര്‍, അബ്ദുല്‍ ബാസിത് വേങ്ങേരി എന്നിവര്‍ മരുമക്കളാണ്.

Related Articles

Back to top button
error: Content is protected !!