Uncategorized

വരികളിലും സംഗീതത്തിലും ഹൃദയം തൊട്ട് ദേര ഡയറീസെത്തുന്നു

മനസ്സിനെ തൊട്ടുണര്‍ത്തുന്ന വാക്കുകളും വരികളും ഹൃദയത്തെ ചേര്‍ത്തു നിര്‍ത്തുന്ന സംഗീതവുമായി ദേര ഡയറീസ് വരുന്നു. കേട്ടുമതിവരാത്ത പാട്ടുകളുടെ കൂട്ടത്തില്‍ ചേര്‍ത്തുവെക്കാവുന്നയായിരിക്കും ദേര ഡയറീസിലെ ഗാനങ്ങള്‍.
മലയാളത്തില്‍ അധികമൊന്നും പരീക്ഷിച്ചിട്ടില്ലാത്ത ഗസല്‍ ഗാനം ശ്രോതാക്കളുടെ മനസ്സിലേക്കാണ് നേരിട്ടിറങ്ങിയെത്തുക. ഗസലിന്റെ മറവില്‍ നടത്തുന്ന ചേര്‍ത്തുകെട്ടലുകളൊന്നുമില്ലാതെ ഉര്‍ദു ഗസലുകളുടെ അതേ മനോഹാരിതയോടെ മലയാളത്തിലേക്ക് ക്ഷണനേരമുലയാതെ വെളിച്ചം വിതറുകയാണ് ദേര ഡയറീസിലെ ശരറാന്തല്‍ എന്ന ഗാനം.


വരികള്‍കൊണ്ട് വരഞ്ഞുവെക്കുന്ന ചിത്രങ്ങള്‍ക്ക് അതേ നിറങ്ങളില്‍ ചേര്‍ത്ത സംഗീതം ശ്രോതാക്കളുടെ അനുഭവക്കാഴ്ചകളിലെ ചട്ടക്കൂട്ടിനുള്ളില്‍ കാലങ്ങളോളം ഭദ്രമായിരിക്കും.
എഴുത്തിന്റേയും സംഗീതത്തിന്റേയും ഗാനങ്ങളുടേയും പിന്നണിയില്‍ യുവാക്കളാണെല്ലാവരുമെന്ന പ്രത്യേകതയും ഈ ഗാനങ്ങള്‍ക്കുണ്ട്. മലയാള ചലച്ചിത്ര ഗാനങ്ങളില്‍ ഒരുപാടുകാലം വസന്തം വിരിയിക്കാനുള്ള കൂട്ടുകെട്ടാണ് ദേര ഡയറീസിലൂടെ പുറത്തേക്കെത്തുന്നത്.
ജോപോളിന്റെ വരികള്‍ക്ക് സിബു സുകുമാരന്‍ നല്‍കിയ ഈണങ്ങള്‍ക്ക് വിജയ് യേശുദാസ്, നജീം അര്‍ഷാദ്, ഹരിശങ്കര്‍, ആവണി മല്‍ഹര്‍ എന്നിവരാണ് ശബ്ദം നല്‍കിയിരിക്കുന്നത്.
മൂന്നു മൂഡുകളിലുള്ള മൂന്ന് ഗാനങ്ങളാണ് ദേര ഡയറീസില്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. പാട്ടിന്റെ വരികള്‍ക്കും ഈണങ്ങള്‍ക്കും അനുയോജ്യമായൊരുക്കിയ രംഗങ്ങള്‍ സിനിമാ പ്രേക്ഷകരെ ഗാനവുമായി ചേര്‍ത്തു നിര്‍ത്തുന്നതിനോടൊപ്പം ഗാനം മാത്രം കേള്‍ക്കുന്നവര്‍ക്ക് ചലച്ചിത്രം കാണാനുള്ള ത്വരയുമുണ്ടാക്കും.
ഹരിശങ്കറിന്റെ ശബ്ദത്തിലുള്ള ശരറാന്തലേ എന്നു തുടങ്ങുന്ന ഗസല്‍, യുവമനസ്സുകള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ‘അടിച്ചുപൊളി’യിലൊരുക്കിയ നജീം അര്‍ഷാദും ആവണി മല്‍ഹറും ചേര്‍ന്നുപാടിയ ഹേ മിന്നണിഞ്ഞ രാവേ, വിജയ് യേശുദാസിന്റെ ശബ്ദത്തില്‍ നേരിയ ശോകഛായ ചേര്‍ത്തൊഴുകുന്ന സായാഹ്നമേഘം മൂടുന്നുവേഗം എന്നീ ഗാനങ്ങളാണ് സിനിമയിലുള്ളത്.
ജോപോളിന്റേയും സിബു സുകുമാരന്റേയും സിനിമാ ജീവിതത്തിലെ ഹിറ്റുകളിലൊന്നായിരിക്കും ദേര ഡയറീസിലെ ഗാനങ്ങള്‍.
നവാഗതനായ മുഷ്താഖ് റഹ്‌മാന്‍ കരിയാടന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ദേര ഡയറീസ് പൂര്‍ണമായും യു.എ.ഇയിലാണ് ചിത്രീകരിച്ചത്. കാസ്റ്റിംഗ് ഡയറക്ടറായ അബു വളയംകുളം ആദ്യമായി മുഖ്യവേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ദേര ഡയറീസിനുണ്ട്. എം ജെ എസ് മീഡിയയുടെ ബാനറില്‍ ഫോര്‍ അവര്‍ ഫ്രന്റ്‌സിനു വേണ്ടി മധുകറുവത്തും സംഘവും നിര്‍മിച്ച ദേര ഡയറീസ് മാര്‍ച്ച് 19ന് നീ സ്ട്രീമിലൂടെ (NEE STREAM) പ്രേക്ഷകരെ തേടിയെത്തും.

Related Articles

Back to top button
error: Content is protected !!