Breaking News

കോവിഡ് രോഗികള്‍ക്ക് കേന്ദ്രീകൃത ഹോം ഐസോലേഷന്‍ സര്‍വീസുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ കോവിഡ് -19 കേസുകള്‍ അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ക്ക് കേന്ദ്രീകൃത ഹോം ഐസോലേഷന്‍ സര്‍വീസുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. സാംക്രമിക രോഗ കേന്ദ്ര (സിഡിസി)മാണ് ഈ സര്‍വീസിന് മേല്‍നോട്ടം വഹിക്കുന്നത്.

കോവിഡ് ബാധിച്ചവരെ ഐസോലേറ്റ് ചെയ്യുകയെന്നതാണ് വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട തന്ത്രമെന്ന് സിഡിസി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലമാനി വിശദീകരിച്ചു. ഒരു വര്‍ഷം മുമ്പ് ഈ മഹാമാരി ആരംഭിച്ചതുമുതല്‍, കോവിഡ് ബാധിച്ചവരെ അനുയോജ്യമായ അന്തരീക്ഷത്തില്‍ ഐസോലേറ്റ് ചെയ്തതാണ് കോവിഡിനെ നിയന്ത്രിക്കുവാന്‍ സഹായിച്ചത്. അടുത്ത മാസങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍, ഐസോലേഷന്‍ ചെയ്യേണ്ട ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ആരോഗ്യസംരക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയ സമര്‍പ്പിത ഐസോലേഷന്‍ സൗകര്യങ്ങള്‍ വീട്ടില്‍ സുരക്ഷിതമായി ഐസോലേഷന്‍ സാധ്യമാവാത്തവര്‍ക്ക് ഇപ്പോഴും സൗകര്യമൊരുക്കുന്നുണ്ട്. എന്നാല്‍ വീട്ടില്‍ ഒരു സ്വകാര്യ മുറിയും കുളിമുറിയും ഉള്ളവര്‍ നിര്‍ദേശങ്ങള്‍ പാലിക്കുമെങ്കില്‍ വീട്ടില്‍ ഐസോലേഷനില്‍ കഴിഞ്ഞാല്‍ മതി.

കോവിഡ് ആശുപത്രികള്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, സിദ്ര മെഡിസിന്‍, പീഡിയാട്രിക് എമര്‍ജന്‍സി സെന്ററുകള്‍, ഇന്‍സുലേഷന്‍ സൗകര്യങ്ങള്‍, ഇന്‍സുലേഷന്‍ സര്‍വീസ് കമാന്‍ഡ് സെന്റര്‍ എന്നിവയുള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള കോവിഡ് രോഗികളെ കേന്ദ്രീകൃത ഹോം ഐസോലേഷന്‍ കേന്ദ്രത്തിലേക്ക് റഫര്‍ ചെയ്യുന്നു.

കോവിഡ് -19 രോഗികള്‍ക്കായുള്ള പുതിയ കേന്ദ്രീകൃത ഹോം ഐസൊലേഷനിലുള്ളവരെ മെഡിക്കല്‍ സംഘം ടെലിഫോണില്‍ ബന്ധപ്പെടുകയും ആവശ്യമാണെങ്കില്‍ അവര്‍ക്ക് വൈദ്യസഹായം നല്‍കുകയും ചെയ്യും. കൂടാതെ, രോഗികള്‍ക്ക് 24 മണിക്കൂറും ഡോക്ടറുമായി സംസാരിക്കാന്‍ സിഡിസി ഹോം ഐസോലേഷന്‍ ഹോട്ട്‌ലൈനില്‍ (4025 1666) വിളിക്കാം, ഡോ. അല്‍ മസ്‌ലമാനി വിശദീകരിച്ചു.

ഹോം ഐസോലേഷന് വിധേയമാകുന്ന കോവിഡ് രോഗികള്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഭവന ഒറ്റപ്പെടല്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയും വേണം.

Related Articles

Back to top button
error: Content is protected !!