IM Special

സുബൈര്‍ മാടായി, കലാകാരനായ അഭിഭാഷകന്‍

ഡോ. അമാനുല്ല വടക്കാങ്ങര

പോലീസ് ഓഫീസറാകാന്‍ ആഗ്രഹിച്ച് അഭിഭാഷകനായി മാറുകയും ഒടുവില്‍ പ്രവാസ ലോകത്തെ പ്രമുഖ ഓയില്‍ കമ്പനിയില്‍ ജോലികണ്ടെത്തുകയും ചെയ്ത ബഹുമുഖ പ്രതിഭയാണ് സുബൈര്‍ മാടായി.

ചെറുപ്പത്തില്‍ പോലീസ് ഇന്‍സ്‌പെക്ടറാകണമെന്നാണ് ആഗ്രഹിച്ചത്. ശാരീരികക്ഷമതയും ആകാരവുമൊക്കെ അനുകൂലമായതിനാല്‍ ചെറുപ്പം മുതലേ ബോഡി ബില്‍ഡിംഗില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഉടുപ്പി ലോ കോളേജില്‍ പഠിക്കുമ്പോള്‍ മിസ്റ്റര്‍ കോളേജായിരുന്നു. ഭക്ഷണം കഴിച്ചില്ലെങ്കിലും ജിമ്മില്‍ പോകുന്നത് ഒഴിവാക്കുവാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല.

എന്നാല്‍ വക്കീലാവാനായിരുന്നു സുബൈറിന്റെ നിയോഗം. 1990 ല്‍ വക്കീല്‍ കുപ്പായമണിഞ്ഞ് ക്രിമിനല്‍ ലോയറായി എന്റോള്‍ ചെയ്തു. ആയിടക്കാണ് ഗള്‍ഫ് കമ്പം തോന്നി യു.എ.ഇയിലെത്തുകയും പ്രശസ്തമായ ഡോള്‍ഫിന്‍ എനര്‍ജിയില്‍ ജോലി ലഭിക്കുകയും ചെയയ്തത്. കുറഞ്ഞ കാലം കൊണ്ട് മികച്ച ജീവനക്കാരനായി അംഗീകാരം നേടിയതുകൊണ്ടാകാം 2004 ല്‍ അബൂദബിയിലെ ബോസ് ഖത്തറിലേക്ക് മാറിയപ്പോള്‍ സുബൈറിനേയും ഖത്തറിലേക്ക് കൂട്ടിയത്. സജീവമായ ഖത്തറിലെ പ്രവാസ ഭൂമികയിലാണ് സുബൈറിന്റെ വൈവിധ്യമാര്‍ന്ന സംഗീത കലാപ്രവര്‍ത്തനങ്ങള്‍ പുഷ്‌കലമായത്.

പാട്ടുകളോട് സുബൈറിന് ചെറുപ്പത്തിലേ കമ്പമുണ്ടായിരുന്നു. ഉമ്മ ഫാത്തിമ സബീന പാട്ടുകളൊക്കെ മനോഹരമായി പാടുന്നത് കേട്ടുകൊണ്ടാണ് സുബൈര്‍ വളര്‍ന്നുവന്നത്. മാപ്പിളപ്പാട്ടുകളും സിനിമ പാട്ടുകളും ഒരു പോലെ ഇഷ്ടപ്പെടുന്ന സുബൈര്‍ വീട്ടില്‍ സ്വന്തമായി സ്റ്റുഡിയോ സജ്ജീകരിക്കുകയും സംഗീത രംഗത്ത് സജീവമാവുകയും ചെയ്താണ് ഖത്തറിലെ പ്രവാസ ജീവിതത്തിലെ വരണ്ട നിമിഷങ്ങളെ ധന്യമാക്കിയത്. മികച്ച ഡ്രമ്മറായും സുബൈര്‍ ശ്രദ്ധേയനാണ്.

ചില സംഗീത ആല്‍ബങ്ങളും ഹൃസ്വ ചിത്രങ്ങളുമായി ഖത്തറിലെ കലാരംഗത്ത് സാന്നിധ്യം അടയാളപ്പെടുത്തിയ സുബൈറും കുടുംബവും വിവിധ മേഖലയില്‍ സജീവമാണ്. സുബൈറിന്റെ ഭാര്യ ആരിഫ ഹൃസ്വ ചിത്രത്തില്‍ മികച്ച സംവിധായകക്കുള്ള പുരസ്‌കാരം നേടിയപ്പോള്‍ മകന്‍ താസിം സുബൈര്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. ജാസിം സുബൈര്‍ നൃത്തത്തിലും ആസിം സുബൈര്‍ പാട്ടിലുമാണ് മികവ് പുലര്‍ത്തുന്നത്.

ഖത്തര്‍ ട്രാഫിക് വകുപ്പിന്റെ ബോധവല്‍ക്കരണത്തിനുപയോഗിച്ച മിസ് യു പാ എന്ന ഹൃസ്വ ചിത്രത്തില്‍ മികച്ച അഭിനയത്തിനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.

സംഗീതത്തോടുള്ള അദമ്യമായ ആഗ്രഹം കാരണം കലാഭവന്‍ ഗീത ടീച്ചറുടെ കീഴില്‍ 4 വര്‍ഷം കര്‍ണാടിക് സംഗീതം പഠിച്ചിട്ടുണ്ട്. ഫാസില്‍, ടോണി എന്നീ കൂട്ടുകാരൊടൊപ്പം ചേര്‍ന്ന് രൂപീകരിച്ച മ്യൂസിക് ബാന്‍ഡായ സാമ്പാര്‍ സുബൈറിന്റെ മറ്റൊരു ശ്രദ്ധേയമായ പ്രവര്‍ത്തനമാണ്. ഗാനരചനയും സംഗീതവും നല്‍കി സുബൈര്‍ ചിട്ടപ്പെടുത്തിയ മൊഞ്ചത്തിക്കുട്ടി എന്ന ആല്‍ബവും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

സംഗീത സപര്യയും ഹൃസ്വ ചിത്രങ്ങളും ആല്‍ബങ്ങള്‍ക്കുമൊക്കെ അപ്പുറം സുബൈര്‍ മാടായി എന്ന കലാകാരന്‍ ഇപ്പോള്‍സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത് b.abu എന്ന ശ്രദ്ധേയയമായ ചിത്രവുമായി ബന്ധപ്പെട്ടാണ്. അടുത്ത് തന്നെ പുറത്തിറങ്ങാനിരിക്കുന്ന ഈ ചിതം പ്രമേയത്തിന്റെ വൈവിധ്യം കൊണ്ടും സന്ദേശത്തിന്റെ പ്രാധാന്യം കൊണ്ടും ഇതിനകം തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് സുബൈറാണ് . 121 മീഡിയ മന്‍സൂര്‍ അലിയുമായി സഹകരിച്ച് റിലീസിനൊരുങ്ങുന്ന ചിത്രത്തിലെ മൂന്ന് പാട്ടുകളും രചിച്ചതും സംഗീതം നല്‍കിയതും സുബൈര്‍ തന്നെയാണ് .


എവിടെയോ ജനിച്ച് എവിടെയോ ജീവിക്കുന്ന നമ്മളെ കാല പ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു. എന്ന് തീരുമെന്നറിയാത്ത ഈ ജീവിത യാത്രയുടെ അവസാനം വരെ നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം. ഒന്നിനോട് ഒന്ന് ചേര്‍ന്നുകൊണ്ട് വണ്‍ ടു വണ്‍ മീഡിയ നിങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ ബി. അബു എന്ന സിനിമ ഹൃദയ സ്പര്‍ശിയായ ഒരു കുടുംബ ചിത്രമാണ്. ഇത് വെറും അബുവിന്റെയോ ബാബുവിന്റെയോ കഥയല്ല, മറിച്ച് നമ്മള്‍ ഓരോരുത്തരുടെയും കഥയാണ് എന്നാണ് സിനിമയെക്കുറിച്ച് പിന്നണി പ്രവര്‍ത്തകര്‍ പറയുന്നത്.
പ്രവാസ ലോകത്ത് ജീവിക്കുന്ന ബാബുവിന്റേയും അബുവിന്റേയും അതിരുകളില്ലാത്ത സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മനോഹര ചിത്രമാണ് b.abu. ബി ക്ക് ശേഷമുള്ള ഒരു ഫുള്‍ സ്‌റ്റോപ്പെടുത്ത് മാറ്റിയാല്‍ ഒന്നാകുന്ന മാനവിക സ്‌നേഹം അടിവരയിടുന്ന ചിത്രം സമകാലിക ലോകത്ത് ഏറെ പ്രസക്തവും പ്രധാനവുമായ പല ആശയങ്ങളും സന്ദേശങ്ങളും സോദ്ദോശ്യപരമായി അടയാളപ്പെടുത്തുന്നു എന്നിടത്താണ് ഈ ചിത്രം ഏറെ ശ്രദ്ധേയമാകുന്നത്.

ഖത്തറിലെ ശ്രദ്ധേയകലാകാരന്മാരായ അന്‍വര്‍ ബാബു, ആഷിഖ് മാഹി, ബിന്ദു കരുണ്‍, ജില്‍ന സുമേഷ്, താസിം സുബൈര്‍, വൈഷ്ണവ് തുടങ്ങിയവരുടെ സാന്നിധ്യവും ചിത്രത്തെ സവിശേഷമാക്കുന്നു.

Related Articles

Back to top button
error: Content is protected !!