IM SpecialUncategorized

സാഹസികതയില്‍ ചരിത്രം രചിച്ച് അബ്ദുല്‍ നാസറിന്റെ ജൈത്രയാത്ര

ഡോ. അമാനുല്ല വടക്കാങ്ങര

പാലക്കാട് ജില്ലയില്‍ പട്ടാമ്പിക്കടുത്ത് നെടുങ്ങോട്ടൂര്‍ എന്ന ഗ്രാമത്തിലെ പരമ്പരാഗത മുസ്‌ലിം കുടുംബത്തില്‍ ജനിച്ച് അചഞ്ചലമായ ആത്മവിശ്വാസവും മനക്കരുത്തും കൈമുതലാക്കി ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് സാഹസികതയില്‍ ചരിത്രം രചിച്ച് ജൈത്രയാത്ര തുടരുന്ന പ്രതിഭയാണ് ഖത്തര്‍ എനര്‍ജിയിലെ ഫിനാന്‍സ് മേധാവിയായ അബ്ദുല്‍ നാസര്‍. നിരന്തരമായ പരിശ്രമങ്ങളിലൂടെ ഉയരങ്ങള്‍ കീഴടക്കിയ ഈ ചാര്‍ട്ടേഡ് എക്കൗണ്ടന്റില്‍ നിന്നും വളര്‍ന്നുവരുന്ന തലമുറക്ക് പലതും പഠിക്കാനും പകര്‍ത്താനുമുണ്ട്.

അന്താരാഷ്ട്ര മാരത്തോണുകളിലെ ശ്രദ്ധേയ സാന്നിധ്യമായ അദ്ദേഹം എവറസ്റ്റ് കൊടുമുടി കീഴടക്കിയും ട്രയാത്തലറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് അയണ്‍മാനായുമൊക്കെ നമ്മെ വിസ്മയിപ്പിക്കുമ്പോള്‍ പ്രൊഫഷണല്‍ രംഗത്തും മികവ് തെളിയിച്ചാണ് ജീവിതം ആഘോഷമാക്കുന്നത്.

മോട്ടിവേഷണല്‍ സ്പീക്കര്‍, ഗ്രന്ഥകാരന്‍, സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ സജീവ ഇടപെടലുകള്‍ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ തിളങ്ങുന്ന അബ്ദുല്‍ നാസര്‍ ടോസ്റ്റ് മാസ്‌റ്റേര്‍സ് ക്‌ളബ്ബ് പ്രസിഡണ്ടായും ടോസ്റ്റ് മാസ്‌റ്റേര്‍സ് ഇന്റര്‍നാഷണലിന്റെ ഏരിയ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോലാലംപൂര്‍, വാഷിംഗ്ടണ്‍ ഡി.സി, കാനഡ തുടങ്ങിയിവിടങ്ങളില്‍ നടന്ന അന്താരാഷ്ട്ര സെമിനാറുകളില്‍ പങ്കെടുത്ത അദ്ദേഹം ഡിസ്റ്റിംഗ്വിഷ് ടോസ്റ്റ് മാസ്‌റ്റേര്‍സ് അവാര്‍ഡും പാല്‍ക്കണ്‍ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ ഫെല്ലോ മെമ്പറും ദോഹ ചാപ്റ്റര്‍ ബോര്‍ഡ് മെമ്പറുമായിരുന്ന അദ്ദേഹം ആയോധനകലയോടുള്ള അടങ്ങാത്ത ആവേശം കൊണ്ട് പഠനകാലത്ത് തന്നെ കുങ്്ഫു മാര്‍ഷല്‍ ആര്‍ട്ടില്‍ ട്രെയിനര്‍ ബിരുദം നേടുകയും നിരവധി പേരെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാരത്തോണ്‍ ഓട്ടക്കാരന്‍, സ്‌റ്റെയര്‍കേസ് റണ്ണര്‍, ട്രയാത്തലറ്റ്, സ്‌കൂബാഡൈവര്‍, ഹൈക്കിംഗ് തുടങ്ങി വിവിധ കായികാഭ്യസങ്ങളില്‍ സജീവമായ അദ്ദേഹം കഴിഞ്ഞ മാസം നടന്ന ബോസ്റ്റണ്‍ മാരത്തണിലും മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

വളരെ പരിമിതമായ ജീവിത സാഹചര്യങ്ങളിലാണ് അബ്ദുല്‍ നാസര്‍ ജനിച്ച് വളര്‍ന്നത്. പിതാവ് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ പള്ളികളിലും  കോളേജുകളിലുമാണ് ജോലി ചെയ്തിരുന്നത്. മാതാവ് നഫീസ വീട്ടമ്മയും. പാരമ്പര്യ ജീവിത സാഹചര്യങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ ഉയരങ്ങളിലേക്ക് കുതിക്കുവാനുള്ള ചവിട്ടുപലകയാക്കി  അബ്ദുല്‍ നാസര്‍ ജീവിതഗതി മാറ്റി മറിച്ചത്.

സാധാരണ സ്‌കൂള്‍ വിദ്യാഭ്യാസമാണ് അബ്ദുല്‍ നാസറിന് ലഭിച്ചത്. പിതാവ് ജോലി മാറുന്നതനുസരിച്ച് പല സ്‌കൂളുകളില്‍ പഠിക്കേണ്ടി വന്നു. പഠനത്തില്‍ മിടുക്കനായിരുന്ന അദ്ദേഹം കായിക രംഗത്തും ചെറുപ്പം മുതലേ തല്‍പരനായിരുന്നു. നാട്ടിന്‍പുറത്തെ ഫുട്‌ബോള്‍, വോളിബോള്‍ ഗ്രൗണ്ടുകളില്‍ പയറ്റിയ അദ്ദേഹം പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് കുങ്ഫു പഠിച്ചത്.ബികോമിന് പഠിക്കുമ്പോഴേക്കും കുങ്ഫു പരിശീലകനായി ഉയര്‍ന്ന അദ്ദേഹം കായിക വിനോദത്തോടൊപ്പം സമ്പാദിക്കാനും തുടങ്ങി. പട്ടാമ്പി കോളേജിലെ ടോപ്പറായി ബികോം പാസായപ്പോള്‍ യൂണിവേര്‍സിറ്റി തലത്തില്‍ റാങ്കും സ്വന്തമാക്കി.

പഠനമാണ് ജീവിതം മാറ്റി മറിക്കാനുളള വഴി

ഉയര്‍ന്ന് പഠിക്കുകയെന്നതാണ് ജീവിതം മാറ്റി മറിക്കാനുള്ള വഴി എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം സി. എ. ക്ക് ചേര്‍ന്നു. ഈ സമയത്ത് കായിക പരിപാടികളും കളികളുമൊക്കെ മാറ്റി വെച്ച് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കഠിനാദ്ധ്വാനിയായ അദ്ദേഹം ആദ്യ ശ്രമത്തില്‍ തന്നെ തന്റെ ഇരുപത്തിനാലാമത്തെ വയസ്സില്‍ സി.എ. പാസായി . തന്റെ ജീവിതാനുഭവം മൊത്തം കുടുംബത്തില്‍ തന്നെ വിദ്യാഭ്യാസ വിപ്‌ളവത്തിന് കാരണമായി.

മദ്രാസില്‍ നടന്ന കാമ്പസ് ഇന്റര്‍വ്യൂവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. 6 വര്‍ഷത്തെ സേവനത്തിന് ശേഷം ബ്രിട്ടീഷ് കമ്പനിയായ കെയിന്‍ എനര്‍ജിയില്‍ ചേര്‍ന്നു. സൗദി അറേബ്യ ബേസിസ് ഇന്‍ഡസ്ട്രീസ് കോര്‍പറേഷനില്‍ ജോലി സ്വീകരിച്ചാണ് പ്രവാസം ആരംഭിച്ചത്. താമസിയാതെ ഖത്തര്‍ ഇന്റര്‍നാഷണല്‍ പെട്രോളിയം മാര്‍ക്കറ്റിംഗ് കമ്പനിയില്‍ ചേര്‍ന്ന അദ്ദേഹം ഖത്തര്‍ എനര്‍ജിയിലെ ഫിനാന്‍സ് മേധാവിയായാണ് ഇപ്പോള്‍ സേവന മനുഷ്ഠിക്കുന്നത്.

മോട്ടിവേഷണല്‍ സ്പീക്കര്‍ , ഗ്രന്ഥകാരന്‍

പ്രവാസ ലോകത്ത് ഉയര്‍ന്ന ജോലിയും സൗകര്യവുമുള്ള അബ്ദുല്‍ നാസര്‍ നാട്ടില്‍ പോകുമ്പോഴൊക്കെ തന്റെ ഗ്രാമത്തിലും ചുറ്റുമുള്ള സ്‌കൂള്‍  കോളേജ്  വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുകയും അവരുമായി തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യാറുണ്ടായിരുന്നു. ജീവിത പ്രാരാബ്ദങ്ങളും ചുറ്റുപാടുകളുമൊക്കെ വളരാന്‍ വെമ്പുന്ന പ്രതിഭകള്‍ക്ക് മുന്നില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പ്രായോഗിക നിര്‍ദേശങ്ങളും അനുഭവങ്ങളും വലിയ ആശ്വാസവും വഴികാട്ടിയുമാവുകയായിരുന്നു.

സ്വന്തം ജീവിതാനുഭവങ്ങള്‍ ഗ്രാമത്തിലെ നിരവധി പേര്‍ക്ക് വഴികാട്ടിയാകുമെന്നതിനാല്‍ അവ എഴുതണമെന്ന് ഗുണകാംക്ഷികള്‍ നിര്‍ദേശിച്ചപ്പോഴാണ് അദ്ദേഹം മോട്ടിവേഷണല്‍ സ്പീക്കറും ഗ്രന്ഥകാരനുമായത്.

ജീവിതത്തില്‍ പ്രായോഗിക പാഠങ്ങളിലൂടെ ഉത്തേജിപ്പിച്ച മാതാപിതാക്കള്‍ക്ക് സമര്‍പ്പിച്ച അദ്ദേഹത്തിന്റെ ആദ്യ പുസ്തകം ദ റോഡ് ലെസ് ട്രാവല്‍ഡ് എന്നതാണ് . ഇംഗ്‌ളീഷിലുള്ള ഈ പുസ്തകം ബി.നന്ദകുമാര്‍ അധികമാരും സഞ്ചരിക്കാത്ത വഴികള്‍ എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

അയണ്‍മാന്‍

15 മണിക്കൂറിനുള്ളില്‍ 3.8 കിലോമീറ്റര്‍ നീന്തിയും 180 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയും 42.2 കിലോമീറ്റര്‍ ഓടിയും ട്രയാലത്തോണില്‍ മികവ് തെളിയിച്ച് 2018 ല്‍ അയണ്‍മാന്‍ കരസ്ഥമാക്കിയതിന്റെ വെളിച്ചത്തില്‍ അദ്ദേഹം രചിച്ച അയണ്‍ മാന്‍, അയണ്‍ സ്പിരിറ്റ് എന്ന പുസ്തകം പ്രൊഫണലുകള്‍ക്കും അല്ലാത്തവര്‍ക്കും വഴികാട്ടിയാണ് .

ഉയര്‍ന്ന ജോലിയും സൗകര്യങ്ങളുമുള്ള പലരും ആരോഗ്യം നഷ്ടപ്പെട്ട് ജീവിത ശൈലി രോഗങ്ങള്‍ക്കടിപ്പെടുന്ന ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ചികില്‍സക്കപ്പുറം ശാരീരികവും കായികവുമായ പ്രതിരോധം തീര്‍ക്കുകയും ജീവിതത്തില്‍ സജീവമാവുകയും ചെയ്യുകയെന്നതാണ് ഏറ്റവും ക്രിയാത്മകമായ മാര്‍ഗമെന്നാണ അദ്ദേഹം അടിവരയിടുന്നത്.

ഏത് വെല്ലുവിളിയും ഏറ്റെടുക്കാനുള്ള ചങ്കൂറ്റമാണ് വേണ്ടത്. തന്റെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് വഴികാട്ടിയാകുമെന്ന വിശ്വാസത്തില്‍ അദ്ദേഹം പങ്കുവെക്കുന്ന നിരവധി വിലപ്പെട്ട നിര്‍ദേശങ്ങളും പാഠങ്ങളുമാണ് പുസ്തകത്തിലുള്ളത്. ട്രെയിനിംഗ് കലണ്ടറും, റേസ് നുട്രീഷ്യനും മറ്റു റുട്ടീനുകളും സംബന്ധിച്ച അദ്ദേഹത്തിന്റെ കുറിപ്പുകളും പുസ്തകത്തെ സവിശേഷമാക്കുന്നു. മാനസികമായും ശാരീരികമായും തയ്യാറായാല്‍ എന്തും സാധ്യമാണെന്ന ആത്മവിശ്വാസത്തിന്റേയും പ്രതീക്ഷയുടേയും പാഠങ്ങളാണ് വായനക്കാര്‍ക്ക് അദ്ദേഹം പകര്‍ന്നു നല്‍കുന്നത്.

സാധാരണക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊക്കെ മനസുവെച്ചാല്‍ ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കാനാകുമെന്നാണ് അദ്ദേഹം പ്രായോഗികമായി അടയാളപ്പെടുത്തുന്നത്. ജോലിയും ജീവിതവും തമ്മിലുള്ള ആരോഗ്യകരമായ ബാലന്‍സ് കാത്തുസൂക്ഷിക്കലാണ് ഏറ്റവും പ്രധാനമെന്നാണ് അദ്ദേഹം പറയുന്നത്.

എവറസ്റ്റ് കീഴടക്കി

ഒമാനിലെ ഉട്മ അല്‍ ഹജറ മല കീഴടക്കിയ സാഹസികനായ അബ്ദുല്‍ നാസര്‍ എവറസ്റ്റ് കീഴടക്കണമെന്ന മോഹവുമായി ഖത്തറില്‍ നിന്നും നേപ്പാളിലെത്തി. ഭീമമായ പണച്ചെലവും അങ്ങേയറ്റം സാഹസികതയും നിറഞ്ഞ ഒരു ദൗത്യം. പലര്‍ക്കും ജീവന്‍വരെ നഷ്ടപ്പെടുന്ന ദൗത്യം.

മൗണ്ട് എവറസ്റ്റ് , സാഹസികനായ ഒരു ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റിന്റെ കഥ എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം. 2019 ലെ തന്റെ വിജയകരമായ എവറസ്റ്റ് കൊടുമുടി കീഴടക്കിയ അനുഭവ സാക്ഷ്യമാണ്.

എവറസ്റ്റ് കീഴടക്കാനാഗ്രഹിക്കുന്നവര്‍ക്ക് അത്യാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഈ ഗ്രന്ഥം സാഹസികത ആഗ്രഹിക്കുന്ന യുവാക്കളെ ഏറെ പ്രചോദിപ്പിക്കുന്നതാണ് .
സാധാരണ ഗതിയില്‍ 4-5 വര്‍ഷത്തെ നിരന്തര പരിശ്രമങ്ങള്‍ ആവശ്യമുള്ള എവറസ്റ്റ് കീഴടക്കല്‍ ദൗത്യം കേവലം മാസങ്ങള്‍കൊണ്ടാണ് അദ്ദേഹം പൂര്‍ത്തീകരിച്ചത്. മരണം മുന്നില്‍ കണ്ട പല സന്ദര്‍ഭങ്ങളിലും മനക്കരുത്തോടെ പിടിച്ച് നിന്നാണ് അദ്ദേഹം തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്.
2019 ല്‍ 60 ദിവസത്തെ എക്‌സ്പഡിഷന്‍ പരിശീലനം പൂര്‍ത്തിയാക്കി 8800 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കൊടിമുടി കീഴടക്കി

ഖത്തറിന്റെ പുണ്യം

സി.എ.ക്ക് ചേര്‍ന്നതോടെ നിര്‍ത്തിവെച്ചിരുന്ന കായിക വിനോദപരിപാടികളും പരിശീലനവുമൊക്കെ പുനരാരംഭിച്ചത് ഖത്തറിലെത്തിയ ശേഷമാണ് . നിരന്തരമായ പരിശ്രമങ്ങളിലൂടെ ശാരീരിക പിറ്റ്‌നസ് നേടിയെടുക്കാമെന്ന് അദ്ദേഹം തെളിയിച്ചു. നടത്തവും ഓട്ടവും നീന്തലുമൊക്കെ തുടര്‍ന്നപ്പോള്‍ രണ്ട് വര്‍ഷം കൊണ്ട് തന്നെ ശാരീരിക ഫിറ്റ്‌നസ് നേടി മാരത്തണുകളില്‍ പങ്കെടുത്തു തുടങ്ങി . ഉരീദു മാരത്തോണിലെ സ്ഥിരം സാന്നിധ്യമായ അദ്ദേഹം 2018 ല്‍ കസകിസ്ഥാന്‍, കൊളംബോ എന്നിവിടങ്ങളില്‍ ഹാല്‍ഫ് അയണ്‍മാന്‍ മല്‍സരത്തിലും പങ്കെടുത്തു.

കായിക ക്ഷമത ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്നും അതിന്റെ അഭാവം ജീവിത സൗകര്യങ്ങള്‍ ആസ്വദിക്കുന്നതില്‍ നിന്നും തടയുമെന്നാണ് അദ്ദേഹം കരുതുന്നത്. അതുകൊണ്ട് തന്നെ നിരന്തരം പരിശീലനത്തിലേര്‍പ്പെടുന്ന അദ്ദേഹം ദേശീയ അന്തര്‍ദേശീയവുമായ തലങ്ങളില്‍ നടക്കുന്ന മാരത്തോണുകളില്‍ മാറ്റുരച്ച് തന്റെ പ്രകടനം മെച്ചപ്പെടുത്തുകയാണ് . കഴിഞ്ഞ മാസം നടന്ന ബോസ്റ്റണ്‍ മാരത്തണില്‍ 3.26 മണിക്കൂറിലാണ് അദ്ദേഹം മല്‍സരം പൂര്‍ത്തീകരിച്ചത്.

Related Articles

Back to top button
error: Content is protected !!