IM Special

ജൂലൈ 5; ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ ദിനം

ഡോ. അമാനുല്ല വടക്കാങ്ങര

ജൂലൈ 5 ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ ദിനമാണ്. ലളിത സുന്ദരമായ വാക്കുകളും പ്രയോഗങ്ങളും കൊണ്ട് മലയാള ഭാഷയിലും സാഹിത്യത്തിലും വിസ്മയമായി മാറിയ വൈക്കം മുഹമ്മദ് ബഷീറെന്ന ബേപ്പൂര്‍ സുല്‍ത്താനെ ഓര്‍മിപ്പിക്കുവാന്‍ മലയാളിക്ക് ഒരു പ്രത്യേക ദിവസം വേണ്ടിവരുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം നിത്യവും വായന ലോകത്ത് സജീവമായി നിലകൊള്ളുന്ന സാന്നിധ്യമാണ് അദ്ദേഹം. മലയാള സാഹിത്യത്തില്‍ കാലങ്ങളെ അതിജീവിച്ച മഹാനായ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. അദ്ദേഹത്തിന്റെ രചനകള്‍ ഇന്നും സജീവമായി വായിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുകയാണ്.

ഓരോ സാഹിത്യകാരനേയും വ്യത്യസ്ത സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലുമാണ് നാം വായിക്കാനിഷ്ടപ്പെടുക. ഭാഷയിലും സാഹിത്യത്തിലുമുള്ള എല്ലാ മാമൂലുകളേയും അനാചാരങ്ങളേയും തിരസ്‌ക്കരിച്ച് ആഴമേറിയ അനുഭവത്തിന്റെ വെളിച്ചത്തില്‍ മലയാള ഭാഷയില്‍ സ്വന്തമായ ശൈലിയും പ്രയോഗങ്ങളും നട്ടുവളര്‍ത്തിയ ബഷീറിയന്‍ സാഹിത്യം ഏത് സന്ദര്‍ഭങ്ങളിലും വായിക്കപ്പെടുന്നവയാണ് എന്നതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത.

പ്രമുഖരായ പല എഴുത്തുകാരുടേയും പല കൃതികളും കാലത്തിന്റെ പ്രയാണത്തില്‍ കാലഹരണപ്പെടാം. എന്നാല്‍ കാലത്തിന്റെ മുഹൂര്‍ത്തങ്ങളിലും സമയത്തിന്റെ സന്ധികളിലും തളച്ചിടാന്‍ കഴിയാത്ത എഴുത്തുകാരനാണ് ബഷീര്‍. കാലത്തിന്റെ ആക്രമണങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നത് ഓരോ എഴുത്തുകാരനേയും അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഒരു കാലത്ത് മനുഷ്യ ചിന്തയേയും ജീവിതത്തേയും പിടിച്ച് കുലുക്കിയ ലോക പ്രശസ്ത സാഹിത്യകാരന്‍മാര്‍ പോലും പാഠപുസ്തകത്തിന്റെ താളുകളിലേക്ക് ചുരുങ്ങുമ്പോള്‍ കാലത്തിന്റെ വികൃതികള്‍ക്കടിപ്പെടാതെ, പിടികൊടുക്കാതെ കടന്നുപോയ സാഹിത്യകാരനാണ് ബഷീര്‍. കാലത്തേയും സമയത്തേയും ചോദ്യം ചെയ്യാനുള്ള ധൈഷണികമായ അന്തസത്ത അദ്ദേഹത്തെ വ്യതിരിക്തനാക്കി നിര്‍ത്തുന്നു.

ഏറ്റവും ലളിതമായി എഴുതുകയെന്നത് ഏറെ ശ്രമകരമാണ്. ഈ രംഗത്ത് മാതൃകാപരമായ സമീപനം സ്വീകരിച്ച ബഷീര്‍ ലോകസാഹിത്യത്തില്‍ എക്കാലത്തേയും മികച്ച എഴുത്തുകാരോട് കിടപിടിക്കാന്‍ പോന്ന എഴുത്തുകാരനാണ്.

പരന്ന വായനയുടെ പിന്‍ബലത്തില്‍ സ്വായത്തമാക്കിയ അതിരുകളില്ലാത്ത കാഴ്ചയിലൂടെ സൗഹൃദത്തിന്റേയും വിശാലമനസ്‌കതയുടേയും ലോകത്തേക്ക് സമൂഹത്തെ പിടിച്ചുയര്‍ത്താന്‍ പരിശ്രമിച്ച മനുഷ്യ സ്നേഹിയായ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. മുന്‍വിധിയില്ലാതെ തുറന്ന വായനയിലൂടെ മനസിനെ നിര്‍മലപ്പെടുത്തിയ അതുല്യ പ്രതിഭ. അദ്ദേഹത്തോളം വായിച്ച അധികം എഴുത്തുകാര്‍ വേറെയില്ല.

മലയാള ഭാഷയിലും സാഹിത്യത്തിലും തന്റേതായ പദാവലിയും പ്രയോഗങ്ങളും അനശ്വരമാക്കിയ ബഷീറിന് ആംഗലേയ സാഹിത്യത്തോട് അടങ്ങാത്ത സ്നേഹവും ആഭിമുഖ്യവുമായിരുന്നു. ഇംഗ്ളീഷ് സാഹിത്യലോകത്തെ പ്രശസ്തരായ എഴുത്തുകാരുടെ മിക്ക രചനകളും വായിച്ചാസ്വദിച്ച ബഷീര്‍ തന്റെ ബാല്യകാലസഖി എഴുതിതുടങ്ങിയത് ഇംഗ്ളീഷിലായിരുന്നു. പിന്നീട് അദ്ദേഹം തന്നെ അത് മലയാളത്തിലേക്ക് മാറ്റുകയായിരുന്നു.

സാധാരണ ഗ്രാമീണ ജീവിതത്തില്‍ പരിചയിക്കുന്ന കഥാപാത്രങ്ങളേയും ജീവിതാനുഭവങ്ങളേയും സ്വന്തമായ ശൈലിയില്‍ അവതരിപ്പിച്ച് മലയാള സാഹിത്യത്തിലെന്നല്ല ലോക സാഹിത്യത്തില്‍ തന്നെ വിസ്മയകരമായ ഇതിഹാസം സൃഷ്ടിച്ച മഹാനായ കഥാകാരനാണ് ബഷീര്‍. സാഹിത്യത്തിന് പുതിയ മാനവും അര്‍ഥതലവും നല്‍കി മികച്ച സൃഷ്ടികള്‍ സമ്മാനിച്ച ബഷീറിന് വലിയ അംഗീകാരങ്ങളോ കാര്യമായ പുരസ്‌കാരങ്ങളോ ഒന്നും ലഭിച്ചില്ലെങ്കിലും ആസ്വാദകരുടെ കൂടുതല്‍ അംഗീകാരം നേടിയത് ബഷീര്‍ ആയിരിക്കാം. തന്റെ ജീവിതാനുഭവങ്ങളും ചുറ്റുപാടുകളും ആവാഹിച്ച് ജീവിതത്തിന്റെ രക്തമൂറ്റി ബഷീര്‍ എഴുതിയ ഓരോ വരിയും കാലഗണനകള്‍ക്കതീതമായി മലയാളി മനസ്സുകളില്‍ ജീവിക്കും.

ബഷീറിന്റെ മനുഷ്യപ്പറ്റും കഥാപാത്രങ്ങളുടെ തനിമയും മലയാള സാഹിത്യനഭസ്സില്‍ എന്നും വെട്ടിത്തിളങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം ഓരോ വായനക്കാരന്റേയും നൊസ്റ്റാള്‍ജിയയെ തൊട്ടുണര്‍ത്തുകയും ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങള്‍ക്ക് നൈസര്‍ഗികമായ രീതിയില്‍ ചാരുത പകരുകയാണ് ബഷീര്‍ ചെയ്തത്. പലപ്പോഴും ഇംഗ്ളീഷ് സാഹിത്യകൃതികള്‍ ബഷീറിനെ സ്വാധീനിച്ചതായി തോന്നാമെങ്കിലും ബഷീറിന്റെ അവതരണത്തിലും ശൈലിയിലും സവിശേഷമായ പുതുമയും തനിമയും കാണാനാകും. ഏകകവും സര്‍വകവും സമന്വയിച്ചുകൊണ്ടുളള സവിശേഷമായ ജീവിത വീക്ഷണമാണ് ബഷീറിയന്‍ സാഹിത്യത്തിന്റെ പ്രത്യേകത. എഴുത്തുകാരന്‍ എന്നതിലുപരി മനുഷ്യപ്പറ്റുള്ള ഒരാള്‍ എന്ന നിലക്ക് ഏവരിലും ഇടം കണ്ടെത്തിയ ബഷീര്‍ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും സാഹിത്യഭാഷയെ ജനകീയമാക്കുകയും ചെയ്തു. ഏതു വായനക്കാരനും ബഷീറിലേക്ക് ചെല്ലാം. അതുപോലെ ഏതു വായനക്കാരിലേക്കും ബഷീറും ചെല്ലും. ജനകീയമായ രീതിയില്‍ നമ്മുടെ സങ്കല്‍പങ്ങളേയും പച്ചപ്പുകളേയും ഗൃഹാതുരത്വത്തേയും ഉണര്‍ത്താന്‍ കഴിയുന്ന ബഷീറിയന്‍ ശൈലി സാഹിത്യനഭസ്സില്‍ എന്നും വേറിട്ടുനില്‍ക്കും.

ജീവിച്ചിരിക്കുമ്പോള്‍ തന്നെ സാഹിത്യ ചക്രവാളത്തില്‍ പിടികിട്ടാത്ത ഇതിഹാസമായിരുന്ന ബഷീര്‍ മരണാനന്തരവും തന്റെ കൃതികളുടെ പിന്‍ബലത്തില്‍ സഹൃദയമനസ്സുകളില്‍ സജീവമായി നിലകൊള്ളുകയാണ്.

തന്റെ വായനയുടെയും ജീവിതാനുഭവങ്ങളുടേയും പിന്‍ബലത്തില്‍ സ്വായത്തമാക്കിയ അതിരുകളില്ലാത്ത കാഴ്ചയിലൂടെ സൗഹൃദത്തിന്റേയും വിശാലമനസ്‌കതയുടേയും ലോകത്തേക്ക് സമൂഹത്തെ പിടിച്ചുയര്‍ത്താന്‍ പരിശ്രമിച്ച മനുഷ്യ സ്നേഹിയായ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്നത് ആഗോളവല്‍ക്കരണത്തിന്റേയും ഉപഭോഗസംസ്‌കാരത്തിന്റേയും ലോകത്ത് ബഷീറിനെ ഏറെ പ്രസക്തനാക്കും. എഴുത്തിന്റെ മഹത്വത്തെ ഉദ്ഘോഷിക്കുന്ന ജൈവമണ്ഡലത്തിലേക്ക് മനുഷ്യനെ ആനയിക്കുന്ന ബഷീര്‍ മനുഷ്യപ്പറ്റുള്ള സഹജീവി സ്നേഹത്തിന് മാതൃകയാണ്. ഒരു എഴുത്തുകാരന്‍ എന്നതിലുപരി നല്ല സാഹിത്യകൃതികളുടെ പ്രചാരണത്തിന് പരിശ്രമിച്ച ഒരു സാഹിത്യ പ്രവര്‍ത്തകന്‍ എന്ന നിലക്കും ബഷീറിന്റെ സംഭാവനകളെ നാം വിലയിരുത്തേണ്ടതുണ്ട്.

ആത്യന്തികമായ സത്യത്തെ തേടുന്ന മനുഷ്യസ്നേഹിയായ എഴുത്തുകാരനായ ബഷീര്‍ ജ്ഞാനിയായ സാഹിത്യകാരനാണ്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട തിക്തമായ അനുഭവങ്ങളാല്‍ ധന്യനായ അദ്ദേഹം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് വളരെ കുറച്ച് മാത്രമേ എഴുതിയിട്ടുള്ളു. സാഹിത്യത്തിന് പുതിയ മാനവും അര്‍ഥതലവും നല്‍കി മികച്ച സൃഷ്ടികള്‍ കുറഞ്ഞ വരികളിലും പേജുകളിലുമായി സമ്മാനിക്കുകയാണ് ചെയ്തത്.

മലയാള സാഹിത്യത്തിലെ കുലപതിയായ ബേപ്പൂര്‍ സുല്‍ത്താന്‍ എന്നും വായനക്കാരുടെ പ്രിയങ്കരനായ എഴുത്തുകാരനാണ്. സാധാരണ ജീവിതത്തിന്റെ ഓജസ്സുള്ള ഭാഷയിലൂടെ ഏതൊരു ആസ്വാദകനേയും ബഷീര്‍ വിസ്മയിപ്പിക്കും. മനുഷ്യന്റെ ഗന്ധം കൃത്യമായി തിരിച്ചറിഞ്ഞ ബഷീര്‍ മതത്തിന്റേയോ രാഷ്ട്രീയത്തിന്റേയും കള്ളികളില്‍ തളച്ചിടാന്‍ കഴിയാത്ത ബഷീര്‍ വിശ്വമാനവികതയാണ് സാഹിത്യകാരന്റെ ഭൂമികയെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കാനാണ് പരിശ്രമിച്ചത്.

Related Articles

Back to top button
error: Content is protected !!