Breaking News

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്റെ റീസര്‍ട്ടിഫിക്കേഷന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിന്റെ അഭിമാനസ്തംഭമായി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും വാരിക്കൂട്ടുന്ന ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്റെ റീസര്‍ട്ടിഫിക്കേഷന്‍. കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) സിവില്‍ ഏവിയേഷന്‍ റിക്കവറി ടാസ്‌ക്ഫോഴ്സ് പുറപ്പെടുവിച്ച സുരക്ഷയും ശുചിത്വ നടപടികളും വിജയകരമായി പാലിച്ചതിനാണ് പ്രമുഖ സ്റ്റാന്‍ഡേര്‍ഡ് ബോഡിയായ ബിഎസ്ഐ (ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍) ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് (എച്ച്ഐഎ) വീണ്ടും സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

ആഗോള വ്യോമയാന വ്യവസായത്തിലുടനീളമുള്ള കോവിഡ് മഹമാരിയുടെ ആരോഗ്യപരമായ ആഘാതം ലഘൂകരിക്കുന്നതിനും വിമാന യാത്ര സുരക്ഷിതമായി വീണ്ടെടുക്കുന്നതിന് വ്യവസായ പങ്കാളികള്‍ക്ക് പ്രായോഗികമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും വേണ്ടിയാണ് കാര്‍ട്ട് വികസിപ്പിച്ചത്.

മഹാമാരിയുടെ പശ്ചാത്തലത്തില്‍, ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട അന്താരാഷ്ട്ര യാത്രകളുടെ വീണ്ടെടുപ്പിന് നേതൃത്വം നല്‍കുന്നത് തുടരുകയാണ്. ലോകോത്തര വ്യവസായ സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്ന ഏറ്റവും പുതിയ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ നിരന്തരം നിരീക്ഷിച്ച് നടപ്പിലാക്കുന്നതിലൂടെ യാത്രക്കാരുടെ ആത്മവിശ്വാസം വീണ്ടെടുക്കുകയാണ്.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നവര്‍ക്ക് ആരോഗ്യം, ശുചിത്വം, സുരക്ഷ ഉറപ്പ് എന്നിവ നല്‍കുന്ന നടപടികള്‍ വിമാനത്താവളം നടപ്പിലാക്കുന്നുവെന്ന് ബിഎസ്‌ഐയുടെ റീ സര്‍ട്ടിഫിക്കേഷന്‍ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ ബിഎസ്‌ഐയുടെ ഐസിഎഒ കാര്‍ട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ആദ്യത്തെ ആഗോള സ്ഥാപനമാണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ഇപ്പോള്‍ അതിന്റെ റീ സര്‍ട്ടിഫിക്കേഷന്‍ വിജയകരമായി നേടുക വഴി ഉയര്‍ന്ന നിലവാരവും സുരക്ഷ മാനദണ്ഡങ്ങളും നിലനിര്‍ത്തുന്നുവെന്ന് തെളിയിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അവകാശപ്പെട്ടു.

പുരസ്‌കാരനിറവിലാണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത്. കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ മികവിനുള്ള ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയാണ് ഖത്തറിന്റെ അഭിമാനമായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ജൈത്രയാത്ര തുടരുന്നത്. ലോകോത്തര സംവിധാനങ്ങളും സേവനങ്ങളുമായി മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വിമാനതാവളമായി ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇതിനകം അംഗീകരിക്കപ്പെട്ട് കഴിഞ്ഞു. ലോകാടിസ്ഥാനത്തില്‍ മികച്ച വിമാനതാവളങ്ങളുടെ പട്ടികയിലെ മുന്‍പന്തിയിലാണ് ഈ എയര്‍പോര്‍ട്ടിന്റെ സ്ഥാനം.

2022 ല്‍ ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ 2022 ലോക കപ്പിന്റെ പങ്കാളി എന്ന നിലക്ക് കൂടുതല്‍ ആകര്‍ഷകമായ സേവനങ്ങളും സംവിധാനങ്ങളുമൊരുക്കി ലോകത്തെ വരവേല്‍ക്കാനുള്ള ഊര്‍ജിതമായ തയ്യാറെടുപ്പുകളാണ് പുരോഗമിക്കുന്നത്.

കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ 200 ദശലക്ഷത്തിലധികം യാത്രക്കാരും 13 ദശലക്ഷം ടണ്‍ ചരക്കുകളുമാണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലൂടെ കടന്നുപോയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സൗകര്യപ്രദമായ കണക്ഷനുകളുള്ള മികച്ച ആഗോള യാത്രാ കേന്ദ്രമായി മാറിയ ഈ വിമാനതാവളം വിവിധ അന്താരാഷ്ട്ര ഏജന്‍സികളുടെ പട്ടികയിലെ ലോകത്തിലെ മികച്ച വിമാനത്താവളങ്ങളിലൊന്നായി അംഗീകാരം നേടിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!