Uncategorized

ഖത്തറില്‍ ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മവാര്‍ഷികം ഖത്തറില്‍ സമുചിതമായി ആഘോഷിച്ചു. ഇന്ത്യന്‍ എംബസിയില്‍ നടന്ന ഗാന്ധിജയന്തി ആഘോഷത്തില്‍ ന്യൂട്ടണ്‍ സ്‌കൂളുകളുടെ സ്ഥാപകനും ചെയര്‍മാനുമായ ഡോ ജാബര്‍ അല്‍ നുഐമി വിശിഷ്ട അതിഥിയായി സംബന്ധിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലും ഡോ ജാബര്‍ അല്‍ നുഐമിയും ഗാന്ധി പ്രതിമയില്‍ നടത്തിയ പുഷ്പാര്‍ച്ചയോടെയാണ് പരിപാടി ആരംഭിച്ചത്.

മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഭജനകളായ വൈഷ്ണവ ജനതോ, ഹം കോ മന്‍ കി ശക്തി ദേന തുടങ്ങിയവുടെ ആലാപനം പരിപാടിയെ അവിസ്മരണീയമാക്കി .
ഡോ ജാബര്‍ അല്‍ നുഐമി തന്റെ ജീവിതാനുഭവങ്ങളും ഗാന്ധിയന്‍ തത്വശാസ്ത്രവുമായുള്ള ബന്ധവും പങ്കുവെച്ചത് ചടങ്ങിന് ഒത്തുകൂടിയവര്‍ക്ക് വേറിട്ട അനുഭവമായി. ഗാന്ധിയന്‍ ചിന്തകള്‍ അന്താരാഷ്ട്ര സമൂഹങ്ങളെ സ്വാധീനിക്കുന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അഹിംസയുടെ ശക്തിയും വിപ്ലവത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥവും വിലമതിക്കാന്‍ ഗാന്ധിയന്‍ ചിന്ത അദ്ദേഹത്തെ സ്വാധീനിച്ചതായി അദ്ദേഹം പറഞ്ഞു. ഗാന്ധിജിയോടുള്ള താല്‍പര്യം ഇന്ത്യയെക്കുറിച്ചും പഠിക്കാന്‍ സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളരെ വൈകാരിക തീക്ഷ്ണതയോടെയാണ്, പഴയ ഹിന്ദി സിനിമകളോടുള്ള, പ്രത്യേകിച്ച്, 1957 ലെ മദര്‍ ഇന്ത്യയോടുള്ള സ്നേഹം പങ്കുവെച്ചത്. അതേ സിനിമയിലെ ഒരു ഹിന്ദി ഗാനത്തിന്റെ ഏതാനും വരികള്‍ പാടിക്കൊണ്ട് അദ്ദേഹം സദസ്സിനെ വിസ്മയിപ്പിച്ചു.

ഗാന്ധിയന്‍ തത്വങ്ങളും ആദര്‍ശങ്ങളും കോര്‍ത്തിണക്കി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലെ വിദ്യാര്‍ത്ഥികളുടെ മനോഹരമായ നൃത്ത പരിപാടി ചടങ്ങിന് മാറ്റു കൂട്ടി. ചടങ്ങില്‍ സംസാരിച്ച ഇന്ത്യന്‍ അംബാസഡര്‍ മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങളുടെ പ്രാധാന്യവും പ്രസക്തിയും ഊന്നിപ്പറഞ്ഞു.

Related Articles

Back to top button
error: Content is protected !!