Uncategorized

റമദാനിന്റെ ആത്മാവ് പകര്‍ന്ന് ഓക്‌സിജന്‍ പാര്‍ക്കിലെ റമദാന്‍ നൈറ്റ്

ദോഹ : വ്രത വിശുദ്ധിയുടെ നാളുകള്‍ക്ക് നനവ് പകര്‍ന്ന് എഡ്യുക്കേഷന്‍ സിറ്റിയിലെ ഓക്‌സിജന്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച റമദാന്‍ നൈറ്റ് ദോഹയിലെ മലയാളി സമൂഹത്തിന് ആത്മീയാനുഭവമായി.

അബ്ദുല്ല ബിന്‍ സെയ്ദ് ആല്‍ മഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ (ഫനാര്‍) ന്റെ നേതൃത്വത്തില്‍ ഖത്തര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ സി ഐ സി ഖത്തര്‍ സംഘടിപ്പിച്ച റമദാന്‍ നൈറ്റ് ശൈഖ് അബ്ദുല്ല ബിന്‍ സൈദ് അല്‍ മഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ (ഫനാര്‍) കമ്മൂണിറ്റി സേവന വിഭാഗം തലവന്‍ അഹ്മദ് ത്വഹ്ഹാന്‍ ഉദ്ഘാടനം ചെയ്തു.

നോമ്പ് മനുഷ്യനെ ശുദ്ധീകരിക്കുകയെന്ന വലിയ ആത്മീയ ധര്‍മമാണ് നിര്‍വഹിക്കുന്നത് എന്ന് പരിപാടിയില്‍ റമദാനും ഖുര്‍ആനും എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ കേരള ഇസ്ലാമിക് സ്‌കോളേഴ്സ് കൗണ്‍സില്‍ അംഗവും ഖത്തറിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ (സിഐസി) ഗവേഷണ വിഭാഗമായ സെന്റര്‍ ഫോര്‍ സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് (സിഎസ്ആര്‍ – ദോഹ) ഡയറക്ടറുമായ ഡോ. അബ്ദുല്‍ വാസിഅ് പറഞ്ഞു.

മനുഷ്യനെ ഭൗതിക ലോകത്തിന്റെ സങ്കീര്‍ണ്ണതകളില്‍ നിന്നും ആശയക്കുഴപ്പങ്ങളില്‍ നിന്നും വിമോചിപ്പിക്കുന്ന മഹദ് ഗ്രന്ഥമാണ് ഖുര്‍ആന്‍. ആധുനിക മനുഷ്യന്‍ അഭിമുഖീകരിക്കുന്ന എല്ലാ സമസ്യകളുടെയും യുക്തിപൂര്‍ണമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ സമഗ്രവുംസന്തുലിതവുമായ ജീവിത വീക്ഷണമാണ് മുന്നോട്ട് വെക്കുന്നത്.വിപ്ലവകരമാണ് അതിന്റെ ഉള്ളടക്കം.
അത്ഭുതകരമാണ് ഖുര്‍ആന്റെ ആഖ്യാനങ്ങളും ആവിഷ്‌കാരങ്ങളും.
മുസ് ലിം ലോകത്ത് പ്രകടമാകുന്ന സാമൂഹിക ഉത്ഥാനത്തിന്റെ ഊര്‍ജ സ്രാതസ്സ് വിശുദ്ധ ഖുര്‍ആനാണ് എന്നും അദ്ദേഹം പറഞ്ഞു.
നാഗരികതകളുടെയും സംസ്‌കാരത്തിന്റെയും അടിത്തറയായ വിശ്വാസത്തെയും ആദര്‍ശത്തെയും രൂഢമൂലമാക്കുകയാണ് റമദാന്‍ ചെയ്യുന്നതെന്ന് അധ്യക്ഷ ഭാഷണം നിര്‍വഹിച്ച സി ഐ സി പ്രസിഡണ്ട് ഖാസിം ടി കെ പറഞ്ഞു. നോമ്പുകാരന് എല്ലാ തരം മനുഷ്യരെയും സ്‌നേഹിക്കാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഫനാര്‍ പ്രതിനിധി ഖാലിദ് അല്‍ അന്‍സി, ഖത്തര്‍ ഫൗണ്ടേഷന്‍ ആക്ടിവിറ്റി ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
യൂത്ത് ഫോറം പ്രസിഡണ്ട് എസ് എസ് മുസ്തഫ സമാപന പ്രസംഗം നടത്തി.

Related Articles

Back to top button
error: Content is protected !!