Uncategorized

ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ച അലി പുളിക്കലിന്റെ മക്കളെ മര്‍കസ് ഏറ്റെടുത്തു

ദോഹ: കഴിഞ്ഞ ദിവസം ഖത്തറില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മലപ്പുറം കൊണ്ടോട്ടി സ്വദേശി അലി പുളിക്കലിന്റെ മക്കള്‍ ഇനി മര്‍കസിന്റെ തണലില്‍ വളരും. അപകട മരണത്തെ തുടര്‍ന്ന് അനാഥരായ എട്ട് കുരുന്നുകളെയാണ് മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് ഓര്‍ഫന്‍ കെയര്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തത്. ഖത്തര്‍ ഐസിഎഫ്, മര്‍കസ് കമ്മിറ്റികളാണ് ഈ വിഷയം കാന്തപുരത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. സ്വന്തം വീടുകളില്‍ മാതാക്കളുടെ സംരക്ഷണത്തില്‍ താമസിപ്പിച്ച് പഠനം, ഭക്ഷണം, മറ്റു അനുബന്ധ ചിലവുകള്‍ എന്നിവ മര്‍കസ് വഹിക്കുന്ന ഈ പദ്ധതിക്ക് കീഴില്‍ രാജ്യവ്യാപകമായി 12,000 ലധികം അനാഥ കുരുന്നുകള്‍ വിദ്യയഭ്യസിക്കുന്നുണ്ട്. വീടുകളില്‍ നിന്നും മാറി താമസിക്കേണ്ട പ്രായമെത്തിയാല്‍ മര്‍കസിന് കീഴിലും മറ്റുമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പഠനം തുടരാനും അധികൃതര്‍ അവസരമൊരുക്കും.

ആശിര്‍ ഹസന്‍(14 വയസ്സ്), ആരിഫ്(11 വയസ്സ്), അശ്ഫാഖ്(11 വയസ്സ്), ഫാത്തിമ ഫര്‍ഹ(9 വയസ്സ്), ലിഹ ഫരീഹ(9 വയസ്സ്), അശ്മില്‍ ഹിദാശ്(8 വയസ്സ്), മുഹമ്മദ് ഹമ്മാദ്(7 വയസ്സ്), ഖദീജ ഹന്ന(5 വയസ്സ്) എന്നിവരാണ് മര്‍കസിന്റെ സംരക്ഷണത്തില്‍ ഭാവി നിര്‍മിക്കുക.

മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി പരേതന്റെ വീട് സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നിര്‍വ്വഹിക്കുകയും മക്കളുടെ വിവരങ്ങള്‍ അന്വേഷിക്കുകയും വിദ്യാഭ്യാസമടക്കമുള്ള ചെലവുകള്‍ മര്‍കസ് വഹിക്കുമെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, വിപിഎം സഖാഫി വില്യാപ്പള്ളി, പ്രാദേശിക സംഘടനാ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!