Uncategorized

ദേശീയതയുടെ നിറവില്‍ ദൃശ്യവിസ്മയമായി കുവാഖ് കളേര്‍സ് ഓഫ് ഇന്ത്യ അരങ്ങേറി

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –

ദോഹ : ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപ്പത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ എംബസിയും ഐ.സി.സിയുമായി സഹകരിച്ച് ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് ഒരുക്കിയ കളേര്‍സ് ഓഫ് ഇന്ത്യ എന്ന കലാവിരുന്ന് അശോകാ ഹാളില്‍ അരങ്ങേറി. പ്രൗഢമായ ഇന്ത്യന്‍ കലാപാരമ്പര്യത്തിന്റെ നേര്‍ക്കാഴ്ചയെന്നോണം വ്യത്യസ്ത നൃത്തരൂപങ്ങള്‍ വേദിയില്‍ നിറഞ്ഞാടി.

രാജ്യത്തിന് വേണ്ടി ജീവന്‍ബലി അര്‍പ്പിച്ച വീരസൈനികര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പുഷ്പാര്‍ച്ചനയോടെയാണ് കലാവിരുന്ന് ആരംഭിച്ചത്. ദോഹ ബാങ്ക് സി.ഇ.ഒ ഡോ ആര്‍ സീതാരാമന്‍, പത്‌നി സംഗീത സീതാരാമന്‍ എന്നിവര്‍മുഖ്യാതിഥികളായിരുന്നു. ഡോ. ആര്‍ സീതാരാമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജ്, ഐ.സി.ബി.എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍,ഐ.എസ്.സി പ്രസിഡണ്ട് മോഹന്‍ തോമസ്, ലുലു കമേഴ്‌സ്യല്‍ മാനേജര്‍ ചാക്കോ തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഇന്ത്യന്‍ സിനിമാ സംഗീതത്തിന്റെ നാള്‍ വഴികളിലൂടെയുള്ള യാത്രയില്‍ പ്രസിദ്ധ ഗാനങ്ങളുമായി ദോഹയിലെ പ്രശസ്ത ഗായികാ ഗായകന്‍മാര്‍ സദസ്സിനെ സംഗീത സാന്ദ്രമാക്കി. ‘ബജേ സര്‍ഗ്ഗം’ എന്ന് തുടങ്ങുന്ന ഗാനത്തിന് നൃത്ത ചുവടുകളുമായി എല്ലാ നര്‍ത്തകികളും ഒന്നിച്ച് വേദിയില്‍ എത്തിയപ്പോള്‍ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കരഘോഷത്തോടെ ആസ്വദിച്ചത് പരിപാടിയുടെ മേന്‍മ വിളിച്ചോതി.

കുവാഖ് കള്‍ച്ചറല്‍ സെകട്ടറി രതീഷ് മാത്രാടന്റെ സംവിധാനത്തില്‍ നടന്ന കലാസന്ധ്യയില്‍ ദോഹയിലെ മികച്ച കലാകാരന്‍മാര്‍ അണിനിരന്നു.ഇന്ത്യയിലെ പ്രസിദ്ധമായ വിവിധ നൃത്തരൂപങ്ങള്‍ക്ക് ആതിര അരുണ്‍ലാല്‍ കൊറിയോഗ്രാഫി ഒരുക്കി. ഇന്ത്യന്‍ സംഗീതത്തെയും ഗാനങ്ങളുടെ പിറവിയെയും കുറിച്ച്പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകനും കലാകാരനുമായ വിനോദ് നായര്‍ സദസ്സിന് പരിചയപ്പെടുത്തി. ചടങ്ങിന് കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍, റിജിന്‍ പള്ളിയത്ത്, തേജസ് നാരായണന്‍, ശ്രീകല ജിനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!