Breaking NewsUncategorized

സ്റ്റാന്‍ഡ് വിത്ത് പാലസ്തീന്‍’ ഫണ്ട് ശേഖരണ പരിപാടി എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഇന്ന്


അമാനുല്ല വടക്കാങ്ങര

ദോഹ: ഗാസയില്‍ ക്രൂരമായ ഇസ്രായേല്‍ ആക്രമണത്തിന് വിധേയരായ ഫലസ്തീനിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രാദേശിക സമൂഹത്തെ പരിപാടികളിലും പ്രവര്‍ത്തനങ്ങളിലും പങ്കാളികളാക്കാന്‍ ലക്ഷ്യമിട്ട് ഖത്തര്‍ ഫൗണ്ടേഷനുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഖത്തര്‍ അക്കാദമി ദോഹയിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന സ്റ്റാന്‍ഡ് വിത്ത് പാലസ്തീന്‍’ ഫണ്ട് ശേഖരണ പരിപാടി എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം നടക്കും. നിരവധി താരങ്ങള്‍ പങ്കെടുക്കുന്ന ഫുട്‌ബോള്‍ മത്സരം ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ‘സ്റ്റാന്‍ഡ് വിത്ത് പാലസ്തീന്‍’ ആസൂത്രണം ചെയ്തിരിക്കുന്നത്.

പ്രാദേശിക, അന്തര്‍ദേശീയ കളിക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, സ്വാധീനം ചെലുത്തുന്നവര്‍, ഖത്തര്‍ അക്കാദമി ദോഹ, പലസ്തീനിയന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഫുട്ബോള്‍ ഷോഡൗണാണ് സംരംഭത്തിന്റെ പ്രധാന പരിപാടി. ഫെര്‍ജാനി സാസി, യൂനസ് അഹമ്മദ്, മെഷാല്‍ അബ്ദുല്ല, യൂനിസ് മഹ്‌മൂദ്, ജാവി മാര്‍ട്ടിനെസ്,മെഷാല്‍ മുബാറക്, ഫാബിയോ സീസര്‍, അഹമ്മദ് ഹസന്‍, ബെലാല്‍ മുഹമ്മദ്, ബദര്‍ ബെനൗണ്‍, നാസര്‍ കമല്‍, എസ്സാം എല്‍ ഹദാരി, മുഹമ്മദ് സാദന്‍ അല്‍ കുവാരി, നാസര്‍ അല്‍ ഷംരാനി, അല്‍ഫോന്‍സോ ആല്‍വസ്, സോഫിയാന്‍ ബൗഫല്‍, അബ്ദലത്തീഫ് ബഹ്ദാരി, ഇബ്രാഹിം അല്‍ ഗഹാന്‍ തുടങ്ങി നിരവധി മുന്‍കാല ഫുട്‌ബോള്‍ താരങ്ങളും മാധ്യമ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്.

ടിക്കറ്റ് വില്‍പനയില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും ഫലസ്തീനിലേക്ക് സംഭാവന ചെയ്യും. പകുതി സമയത്ത്, കാണികള്‍ക്കുള്ള സമ്മാനങ്ങള്‍ക്കുള്ള നറുക്കെടുപ്പും ഉണ്ടായിരിക്കും.

കലാകാരന്‍മാരായ നാസര്‍ അല്‍-കുബൈസി, ദന അല്‍ മീര്‍, നെസ്മ ഇമാദ്, ഹലാ അല്‍ ഇമാദി എന്നിവരുടെ സംഗീത പ്രകടനങ്ങളും ‘പലസ്തീന്‍ അറബിയേ’, ‘മൗതിനി’ (എന്റെ മാതൃഭൂമി) എന്നീ ഗാനങ്ങളും ചടങ്ങില്‍ അവതരിപ്പിക്കും. മത്സരത്തിന് മുമ്പ് ഡ്രോണ്‍ ഷോ അടക്കമുള്ള വിവിധ പരിപാടികളുമുണ്ടാകും.

പരിപാടിയുടെ ടിക്കറ്റുകള്‍ വളരെ നേരത്തെ തന്നെ വിറ്റുതീര്‍ന്നിരുന്നു. ഇത് ഫലസ്തീനിലെ ദുരിതബാധിതരെ സഹായിക്കാനുള്ള ഖത്തറിലെ പ്രാദേശിക സമൂഹത്തിന്റെ താല്‍പര്യമാണ് അടയാളപ്പെടുത്തുന്നത്. ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് സ്റ്റേഡിയത്തിലെ സ്‌ക്രീനുകളില്‍ പങ്കിടുന്ന ലിങ്ക് വഴി സംഭാവനകള്‍ ശേഖരിക്കുകയും സമാഹരിച്ച തുക പരിപാടിയില്‍ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

സ്‌കൂള്‍ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ഖത്തര്‍ അക്കാദമി ദോഹയിലെ നൂറിലധികം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ സന്നദ്ധസേവനം നടത്തും. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.

വൈകുന്നേരം 4 മണിക്ക് തന്നെ എജ്യുക്കേഷന്‍ സ്റ്റേഡിയം ഗേറ്റ് തുറക്കും. 6 മണിക്കാണ് സ്റ്റാന്‍ഡ് വിത്ത് പാലസ്തീന്‍ പരിപാടി ആരംഭിക്കുക. ഫുട്‌ബോള്‍ മത്സരം 7 മണിക്കായിരിക്കും. 30 മിനിറ്റ് വീതമുള്ള രണ്ട് പകുതികളായാണ് മല്‍സരം നടക്കുക.

Related Articles

Back to top button
error: Content is protected !!