കോവിഡ് ബൂസ്റ്റര്‍ ഡോസെടുക്കാന്‍ താമസിക്കരുത്. ഡോ.അബ്ദുല്ലത്തീഫ് അല്‍ ഖാല്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ് രണ്ടാം ഡോസെടുത്ത് ആറ് മാസം കഴിഞ്ഞവര്‍ ബൂസ്റ്റര്‍ വാക്സിന്‍ എടുക്കാന്‍ താമസിക്കരുതെന്ന് കൊവിഡ്-19 സംബന്ധിച്ച നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയര്‍മാനും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ സാംക്രമിക രോഗ വിഭാഗം മേധാവിയുമായ ഡോ.അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ അഭിപ്രായപ്പെട്ടു. വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച് 6 മാസം പിന്നിടുന്നതോടെ വൈറസിന്റെ വകഭേദങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ശേഷി കുറഞ്ഞുവരുന്നതായാണ് കാണുന്നത്. മുമ്പ് വാക്‌സിനേഷന്‍ എടുത്തവരില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പുതിയ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടെന്നും ഇത് കൊവിഡ്-19 നെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ലെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് -19 നിയന്ത്രിക്കുന്നതില്‍ വാക്‌സിനേഷന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ദേശീയ പാന്‍ഡെമിക് തയ്യാറെടുപ്പ് കമ്മിറ്റിയുടെ സഹ ചെയര്‍പേഴ്‌സണും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസസ് ഡയറക്ടറുമായ ഡോ. ഹമദ് ഈദ് അല്‍ റുമൈഹി; പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.മറിയം അബ്ദുള്‍മാലിക്; കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ മുന അല്‍ മസ്ലമാനി എന്നിവരും രണ്ട് ഡോസ് വാക്‌സിനെടുത്ത് 6 മാസം പിന്നിട്ടവരൊക്കെ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നാവശ്യപ്പെട്ടു.