Uncategorized

ഒരേ വേദിയില്‍ രണ്ട് ഭാഷകളില്‍ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്ത് പ്രവാസി മലയാളി

– അഫ്സല്‍ കിളയില്‍ –

ദോഹ : ഒരേ വേദിയില്‍ രണ്ട് ഭാഷകളില്‍ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്ത് പ്രവാസി മലയാളി. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഒരേ വേദിയില്‍ രണ്ട് ഭാഷകളില്‍ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്ത് ശ്രദ്ധേയനായത്. മെസ്മറൈസിംഗ് ദുബൈ എന്ന ഇംഗ്ളീഷിലുള്ള യാതാവിവരണ ഗ്രന്ഥവും ഹൈദറാബാദിന്റെ സ്മൃതിപഥങ്ങളിലൂടെ എന്ന മലയാളം യാത്രാ വിവരണവുമാണ് പ്രകാശനം ചെയ്തത്. ഖത്തറിലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ മുമ്പൈ ഹാളാണ് അപൂര്‍വമായ ഈ പ്രകാശനത്തിന് വേദിയായത്.

സ്റ്റാര്‍ടെക് മിഡില്‍ ഈസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ ഷജീര്‍ പുറായിലിന് ആദ്യ കോപ്പി നല്‍കി മെസ്മറൈസിംഗ് ദുബൈ എന്ന ഗ്രന്ഥം ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍ പ്രകാശനം ചെയ്തു. ജീവിത യാത്രയിലെ അസുലഭ മുഹൂര്‍ത്തങ്ങളെ ഒപ്പിയെടുക്കുന്ന യാത്രാവിവരണ ഗ്രന്ഥങ്ങള്‍ സാംസ്‌കാരിക വിനിമയ രംഗത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനമാണെന്ന് പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. രാജ്യങ്ങളുടേയും സമൂഹങ്ങളുടേയും വളര്‍ച്ചാവികാസവും മുന്നേറ്റവുമൊക്കെ പ്രചോദനവും മാതൃകയുമാകുവാന്‍ യാത്രാവിവരണങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഖത്തറിലെ സംരംഭകനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.കെ. ഉസ്മാന് ആദ്യ പ്രതി നല്‍കി ഖത്തര്‍ ഇന്ത്യന്‍ ഓഥേര്‍സ് ഫോറം പ്രസിഡണ്ട് ഡോ. കെ.സി. സാബുവാണ് ഹൈദറാബാദിന്റെ സ്മൃതിപഥങ്ങളിലൂടെ എന്ന മലയാളം യാത്രാ വിവരണ ഗ്രന്ഥം പ്രകാശനം ചെയ്തത്. ഓരോ യാത്രകളും ജീവിതത്തിലെ സുപ്രധാനമായ ഓരോ അധ്യായങ്ങളാണെന്നും അവ അടയാളപ്പെടുത്താനുളള ശ്രമം ശ്ളാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

സെപ്രോടെക് സി.ഇ.ഒ. ജോസ് ഫിലിപ്പ്്, ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, റേഡിയോ സുനോ പ്രോഗ്രാം ഹെഡ് അപ്പുണ്ണി, കെ.കെ. ഉസ്മാന്‍, ഷജീര്‍ പുറായില്‍ സംസാരിച്ചു. ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് സി.ഇ.ഒ. നില്‍ഷാദ് നാസര്‍, ഹോളിഡേയ്സ് മാനേജര്‍ അന്‍വര്‍ സാദിഖ്്, മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഡോ. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!