Archived Articles

അല്‍ ഖോര്‍ റോഡിലെ ഒളിമ്പിക് സൈക്ലിംഗ് ട്രാക്കിനായി പാര്‍ക്കിംഗ് സൗകര്യവും റെസ്റ്റ് ലോഞ്ചും പൂര്‍ത്തീകരിച്ച് അശ് ഗാല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ലോകത്തിലെ ഏറ്റവും വലിയതും മികച്ചതുമായ സൈക്ലിംഗ് ട്രാക്കിനുള്ള ഗിന്നസ് റിക്കോര്‍ഡ് നേടിയ ഖത്തറിലെ അല്‍ ഖോര്‍ റോഡിലെ ഒളിമ്പിക് സൈക്ലിംഗ് ട്രാക്കിനായി പാര്‍ക്കിംഗ് സൗകര്യവും റെസ്റ്റ് ലോഞ്ചും പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് അതോരിറ്റി ( അശ്ഗാല്‍ ) അറിയിച്ചു.

സൈക്ലിസ്റ്റുകള്‍ക്ക് സേവനം നല്‍കുന്നതിനുള്ള പാര്‍ക്കും സേവന സൗകര്യങ്ങളും ഉള്‍പ്പെടുന്ന ജോലികളാണ് പൂര്‍ത്തിയാക്കിയത്. 33 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്ലിംഗ് ട്രാക്കാണിത്.

ഒളിമ്പിക് സൈക്ലിംഗ് ട്രാക്കിന്റെ തുടക്കത്തില്‍ ഗോള്‍ഫ് സിഗ്‌നലിന് സമീപം, മൊത്തം 36,800 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് റെസ്റ്റ് ലോഞ്ച് ഒരുക്കിയിരിക്കുന്നത്. പാര്‍ക്കിംഗ്, സൈക്കിള്‍ സര്‍വീസ്, മെയിന്റനന്‍സ് കിയോസ്‌ക്കുകള്‍, ഫിറ്റ്നസ് ഏരിയ, പള്ളി, വാഷ്റൂമുകള്‍, ഗ്രീന്‍ ഏരിയ എന്നിവ ഇതിന്റെ ഭാഗമാണ് .

സൈക്കിള്‍ യാത്രക്കാര്‍ക്കും പാര്‍ക്ക് സന്ദര്‍ശകര്‍ക്കും സേവനം നല്‍കുന്നതിനായി ഒരു പാര്‍ക്കും മറ്റ് നിരവധി സൗകര്യങ്ങളും ഉള്‍പ്പെടുന്ന റെസ്റ്റ് ലോഞ്ചാണ് അശ്ഗാല്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഹൈവേ പ്രോജക്ട്‌സ് ഡിപ്പാര്‍ട്ട്മെന്റിലെ എന്‍ജിനീയര്‍ ഹസന്‍ അല്‍ മൊജാബ വ്യക്തമാക്കി.

ഒളിമ്പിക് സൈക്ലിംഗ് ട്രാക്ക് ഉപയോഗിക്കുന്ന സൈക്കിള്‍ യാത്രക്കാര്‍ക്ക് വാടകയ്ക്ക് നല്‍കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും വില്‍പ്പനയ്ക്കുമായി ഒരു സൈക്കിള്‍ ഷോപ്പ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കിയോസ്‌കുകള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ലേലം വിളിച്ചുകൊണ്ടിരിക്കുന്ന റെസ്റ്റോറന്റുകള്‍, കഫറ്റീരിയകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.

വിശ്രമ ലോഞ്ചില്‍ സൈക്കിളുകള്‍ക്കും കാറുകള്‍ക്കുമുള്ള പാര്‍ക്കിംഗ് സ്ലോട്ടുകളും വിശ്രമ ബെഞ്ചുകളും പ്രാര്‍ത്ഥനാ മുറികളുമുണ്ട്. ഈ സൗകര്യങ്ങള്‍ ഒളിമ്പിക് സൈക്ലിംഗ് ട്രാക്ക് പ്രയോജനപ്പെടുത്തുവാന്‍ നിരവധി ആളുകളെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

167 കാര്‍ പാര്‍ക്കിംഗ് സ്ലോട്ടുകള്‍, 57 സൈക്കിള്‍ പാര്‍ക്കിംഗ് സ്ലോട്ടുകള്‍, 15 ഉപകരണങ്ങള്‍ അടങ്ങുന്ന ഫിറ്റ്‌നസ് ഏരിയ എന്നിവ പദ്ധതിയുടെ ഭാഗമാണ്. ഈ സൗകര്യത്തില്‍ നിര്‍മ്മിച്ച പള്ളിയില്‍ 150 പേര്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യം, ഇമാമിന്റെ മുറി, ശുചിമുറികള്‍, വുദു ചെയ്യുന്ന സ്ഥലം എന്നിവ ഉള്‍പ്പെടുന്നു.

13,000 ചതുരശ്ര മീറ്ററില്‍ 197 മരങ്ങളുള്ള പ്ലാന്റേഷന്‍, അഞ്ച് മള്‍ട്ടി പര്‍പ്പസ് കൊമേഴ്സ്യല്‍ കിയോസ്‌കുകള്‍ എന്നിവക്ക് പുറമേ 24 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 10 കിയോസ്‌കുകള്‍ കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ 60 ചതുരശ്ര മീറ്ററില്‍ സൈക്കിളുകള്‍ അറ്റകുറ്റപ്പണികള്‍ക്കും വാടകയ്ക്കെടുക്കുന്നതിനുമായി ഒരു ഷോപ്പുമുണ്ട്.

അശ്ഗാലിന്റെ അറ്റകുറ്റപ്പണിക്കായി നിര്‍മ്മിച്ച കെട്ടിടത്തില്‍ ഖത്തര്‍ സൈക്ലിസ്റ്റ് ക്ലബ്ബിന്റെ ഓഫീസും ശുചിമുറികളും സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടങ്ങളും ഉള്‍പ്പെടുന്നു.

Related Articles

Back to top button
error: Content is protected !!