Breaking News

തൊഴില്‍ പോര്‍ട്ടലുകള്‍ സംയോജിപ്പിക്കാന്‍ ഇന്ത്യയും ഖത്തറും തമ്മില്‍ ധാരണ

അമാനുല്ല വടക്കാങ്ങര

ദോഹ. തൊഴില്‍ പോര്‍ട്ടലുകള്‍ സംയോജിപ്പിക്കാന്‍ ഇന്ത്യയും ഖത്തറും തമ്മില്‍ ധാരണ . റിക്രൂട്ട്മെന്റ് പ്രക്രിയ നിയന്ത്രിക്കുന്നതും പൊതുവായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സഹകരണം ശക്തമാക്കുന്നതും ഉള്‍പ്പെടെ തൊഴിലാളികളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിന് ഒരു സംയോജിത സമീപനം ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ സ്വീകരിക്കാന്‍ ഖത്തറും ഇന്ത്യയും തമ്മില്‍ ധാരണയായി. മെയ് 4-5 തീയതികളില്‍ ഇന്ത്യന്‍ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നടന്ന തൊഴില്‍ മേഖലയിലെ ‘ഖത്തരി-ഇന്ത്യന്‍’ സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ഏഴാമത് യോഗത്തിലാണ് ധാരണയായതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

ഖത്തറിന്റെ ഭാഗത്ത് നിന്ന് തൊഴില്‍ മന്ത്രാലയത്തിലെ തൊഴില്‍ കാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഒബൈദ്ലിയും ഇന്ത്യയില്‍ നിന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഇന്ത്യന്‍ പ്രവാസികാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അനുരാഗ് ഭൂഷണ്‍സും യോഗത്തിന് നേതൃത്വം നല്‍കി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഖത്തര്‍ സ്വീകരിച്ച തൊഴില്‍ പരിഷ്‌കരണ നടപടികളെ ഇന്ത്യന്‍ പക്ഷം സ്വാഗതം ചെയ്തു.

തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഖത്തറിന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട് ഖത്തറിലെ സാമൂഹിക വികസനത്തിനും അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കും ഇന്ത്യന്‍ സമൂഹം നല്‍കുന്ന സംഭാവനകളെ ഖത്തര്‍ പക്ഷം പ്രശംസിച്ചു.

ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, കോണ്‍സുലര്‍ കാര്യങ്ങള്‍, പാസ്പോര്‍ട്ട്, വിസകള്‍, ഇന്ത്യന്‍ എന്നിവക്കുള്ള വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ ഔസാഫ് സയീദ് എന്നിവരുമായും ഖത്തര്‍ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.

ന്യൂഡല്‍ഹിയിലെ നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനും അതിന്റെ കേന്ദ്രങ്ങളും സന്ദര്‍ശിച്ച ഖത്തര്‍ പ്രതിനിധി സംഘം നൈപുണ്യ പരിശീലനത്തിലും സര്‍ട്ടിഫിക്കേഷനിലും സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ചും ഇരുപക്ഷവും തമ്മില്‍ ആശയങ്ങള്‍ കൈമാറി.

കേരള സര്‍ക്കാരിന്റെ (നോര്‍ക്ക) കേരള നോണ്‍ റസിഡന്റ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികളുമായും ഖത്തര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പിന്റെ അടുത്ത യോഗം ഖത്തറില്‍ നടത്താന്‍ ഇരു കക്ഷികളും തീരുമാനിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!