ഫാന്‍സി നമ്പറുകള്‍ ലേലം ചെയ്ത് ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനൊരുങ്ങി ഉരീദു ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഫാന്‍സി നമ്പറുകള്‍ ലേലം ചെയ്ത് ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനൊരുങ്ങി പ്രമുഖ ടെലികോം കമ്പനിയായ ഉരീദു ഖത്തര്‍. സെപ്തംബര്‍ 20 ന് വൈകുന്നേരം 6 മണിക്ക് വെസ്റ്റ് ബേയിലെ ഉരീദൂ ആസ്ഥാനത്ത് ഉരീദു ഖത്തര്‍ ഫാന്‍സി നമ്പറുകള്‍ക്കായുള്ള ലേലം സംഘടിപ്പിക്കുമെന്നും അതില്‍ നിന്നും ലഭിക്കുന്ന വരുമാനം ചാരിറ്റിക്ക് നല്‍കുമെന്നും കമ്പനി അറിയിച്ചു.
ഇന്നലെ ഉരീദു ടവറില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. ചടങ്ങില്‍ ഉരീദു ഡെപ്യൂട്ടി ഗ്രൂപ്പ് സിഇഒയും ഉരീദു ഖത്തര്‍ സിഇഒയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ താനി, ഖത്തര്‍ ചാരിറ്റി സിഇഒ യൂസഫ് അഹമ്മദ് അല്‍ കുവാരി എന്നിവര്‍ പങ്കെടുത്തു.
ഖത്തര്‍ ചാരിറ്റിക്ക് സംഭാവന പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്നത് ഞങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി സ്ട്രാറ്റജിയുടെ ഒരു പ്രധാന ഭാഗമാണ്, മാത്രമല്ല ഈ പിന്തുണ പ്രായോഗികമായ രീതിയില്‍ പ്രകടിപ്പിക്കാനുള്ള വഴികള്‍ ഞങ്ങള്‍ എപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ്, അദ്ദേഹം പറഞ്ഞു.