Breaking News

ഖത്തര്‍ എയര്‍പോര്‍ട്ടുകളിലെ പാര്‍ക്കിംഗ് ഫീ വര്‍ദ്ധനയറിയാതെ വാഹനം പാര്‍ക്ക് ചെയ്താല്‍ കീശ കീറും, ഇന്നലെ കുടുങ്ങിയത് നിരവധി പേര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കുക. ഖത്തറിലെ എയര്‍പോര്‍ട്ടുകളിലെ പാര്‍ക്കിംഗ് നിരക്കുകള്‍ ഇന്നലെ മുതല്‍ ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതറിയാതെ വാഹനം പാര്‍ക്ക് ചെയ്താല്‍ കീശ കീറും, ഇന്നലെ കുടുങ്ങിയത് നിരവധി പേര്‍ .

ഖത്തര്‍ എയര്‍പോര്‍ട്ടുകളിലെ പാര്‍ക്കിംഗ് ഫീ വര്‍ദ്ധനയറിയാതെ വാഹനം പാര്‍ക്ക് ചെയ്ത നിരവധി പേര്‍ കുടുങ്ങിയതായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. എയര്‍പോര്‍ട്ട് പാര്‍ക്കിംഗ് ഫീ അടക്കുന്ന മെഷീനുകളിലും പാര്‍ക്കിംഗ് ഫീ സംബന്ധിച്ച ജാഗ്രത നിര്‍ദേശമുണ്ട്.

നവംബര്‍ 1 മുതല്‍ കര്‍ബ്സൈഡ് ആക്സസ് നിയന്ത്രിക്കുന്നതിനാല്‍ എച്ച്‌ഐഎയിലും ഡിഐഎയിലും എയര്‍പോര്‍ട്ട് കാര്‍ പാര്‍ക്കിംഗില്‍ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ക്ക് യാത്രക്കാരെ ഇറക്കാനും കയറ്റാനും കഴിയൂ.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഹ്രസ്വകാല കാര്‍ പാര്‍ക്ക്: പരമാവധി 30 മിനിറ്റ് കാലയളവിലേക്ക് 25 റിയാലാണ് ചാര്‍ജ്. അതിനുശേഷം ഓരോ 15 മിനിറ്റിനും 100 റിയാല്‍ എന്ന തോതില്‍ ചാര്‍ജ് ഈടാക്കും.

ലോംഗ് ടേം കാര്‍ പാര്‍ക്ക്: പരമാവധി 60 മിനിറ്റ് കാലയളവിലേക്ക് 25 റിയാലും അതിനുശേഷം ഓരോ 15 മിനിറ്റിനും 100 റിയാലുമായിരിക്കും ചാര്‍ജ്. കാര്‍ പാര്‍ക്ക് മുതല്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ വരെ സൗജന്യ ഷട്ടില്‍ ബസുകള്‍ ലഭ്യമാണ്.

ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട അറൈവല്‍സ് കാര്‍ പാര്‍ക്ക്: പരമാവധി 30 മിനിറ്റിന് 25 റിയാലും അതിനുശേഷം ഓരോ 15 മിനിറ്റിനും 100 റിയാലുമായിരിക്കും.

ഫിഫ 2022 ലോകകപ്പിനുള്ള ഫുട്ബോള്‍ ആരാധകര്‍ എത്തിത്തുടങ്ങിയ പശ്ചാത്തലത്തില്‍ എല്ലാ യാത്രക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷയും സൗകര്യവും സംരക്ഷിക്കുന്നതിനും സുഗമമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനുമാണ് ഇതെന്ന് വിമാനത്താവളങ്ങളില്‍ നിന്നുള്ള സംയുക്ത പത്രക്കുറിപ്പില്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!