Archived Articles

സംവാദ സംസ്‌കാരത്തിലൂടെ മനുഷ്യരെ ഐക്യപ്പെടുത്തണം – സി ഐ സി സമ്മേളനം

അമാനുല്ല വടക്കാങ്ങര

ദോഹ: വെറുപ്പ് വളര്‍ത്തി മനുഷ്യര്‍ക്കിടയില്‍ വിഭജനം തീര്‍ക്കുന്ന കാലത്ത് സമുദായാന്തര ബന്ധങ്ങളുടെ പാലങ്ങള്‍ പണിത്
വെറുപ്പിനെ പ്രതിരോധിക്കണമെന്ന് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി സി ഐ സി ഖത്തര്‍ സംഘടിപ്പിക്കുന്ന ക്യാംപയിനിന്റെ തു മാമ മേഖല പ്രഖ്യാപന സമ്മേളനം ആഹ്വാനം ചെയ്തു.

‘ഇസ് ലാം – ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍’ എന്ന തലക്കെട്ടില്‍ നടക്കുന്ന ക്യാംപയിനിന്റെ തുമാമ സോണല്‍ തല പ്രഖ്യാപന സമ്മേളനം ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ ഖമര്‍ ഹാളില്‍ സി.ഐ.സി. കേന്ദ്രസമിതിയംഗം ആര്‍ എസ് ജലീല്‍ ഉദ്ഘാടനം ചെയ്തു.

വര്‍ദ്ധിച്ചുവരുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ സൗഹാര്‍ദ്ദപരമായ സംവാദ വേദികള്‍ കൊണ്ട് പ്രതിരോധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നവ ലിബറലുകളും സര്‍വ്വമത സത്യവാദികളും കമ്മ്യൂണിസ്റ്റുകളും തീര്‍ക്കുന്ന ധാര്‍മികതയ്‌ക്കെതിരായ നീക്കങ്ങളെ യുക്തിബന്ധുരമായ സംവാദങ്ങള്‍ കൊണ്ടു മാത്രമേ മുനയൊടിക്കാന്‍ ആവുകയുള്ളൂ എന്നും . അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോണല്‍ ജനറല്‍ സെക്രട്ടറി എം.ടി അന്‍വര്‍ ഷമീം (സര്‍വ്വമത സത്യവാദം),ഗേള്‍സ് ഇന്ത്യ ഖത്തര്‍ പ്രതിനിധി സഫാ സലീം (ലിബറലിസം),സ്റ്റുഡന്‍സ് ഇന്ത്യ ഖത്തര്‍ പ്രസിഡണ്ട് സഅദ് അമാനുല്ല (വംശീയ നാസ്തികത), വിമന്‍ ഇന്ത്യ സോണല്‍ വൈസ് പ്രസിഡന്റ്
ജെഫ് ല ഹമീദുദ്ദീന്‍ (ഇസ് ലാമിക പ്രതിനിധാനത്തിന്റെ 75 വര്‍ഷങ്ങള്‍),വിമന്‍ ഇന്ത്യ തുമാമ സോണല്‍ പ്രസിഡന്റ് റഹ്മത്ത് അബ്ദുല്ലത്തീഫ് (സ്ത്രീ ശാക്തീകരണ രംഗത്തെ ഇസ്ലാമിക ഇടപെടലുകള്‍) എന്നിവര്‍ പ്രസംഗിച്ചു.

പ്രമേയത്തിന്റെ വിവിധ വശങ്ങള്‍ അനാവരണം ചെയ്ത് മലര്‍വാടി, തനിമ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച കലാപ്രകടനങ്ങള്‍ പരിപാടികള്‍ക്ക് മിഴിവേകി. സമൂഹത്തിന്റെ വര്‍ത്തമാനകാല സാഹചര്യത്തെ ആക്ഷേപഹാസ്യത്തിലൂടെ വേദിയില്‍ എത്തിച്ച ചാക്യാര്‍കൂത്തിന് ലത്തീഫ് വടക്കേകാട് നേതൃത്വം നല്‍കി. ചിരിക്കാനും ചിന്തിക്കാനും ഒട്ടേറെ കാര്യങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച കൂത്ത് ഏറെ ആകര്‍ഷകമായി.

സോണല്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍ കീഴിശ്ശേരി ഉപസംഹാര പ്രഭാഷണം നിര്‍വഹിച്ചു. ശാസ്ത്ര മുന്നേറ്റങ്ങളെ മറയാക്കി സമൂഹത്തിന്റെ മൂല്യബോധത്തെ ചോദ്യം ചെയ്യുന്ന നവ ലിബറല്‍ കുതന്ത്രങ്ങളെ ഉദാഹരണസഹിതം അദ്ദേഹം തുറന്നു കാട്ടി. സ്വവര്‍ഗരതിക്കും അശ്ലീലതയ്ക്കും മാന്യതയുടെ വര്‍ണ്ണം നല്‍കാന്‍ ഇടതു വിദ്യാര്‍ഥി സംഘടന കേരളത്തിലെ ക്യാമ്പസുകളില്‍ നടത്തുന്ന കുത്സിത ശ്രമങ്ങള്‍ പുതിയ തലമുറയെ വിമാനവീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും പ്രബോധനം ചെയ്ത ദൈവിക സരണിയില്‍ ഉറച്ചുനിന്നുകൊണ്ട് എല്ലാ ജീര്‍ണതകള്‍ക്കുമെതിരെ ഉണര്‍ന്നെണീക്കാന്‍ അമാന്തം കാട്ടരുതെന്ന് അദ്ദേഹം സദസിനെ ഉദ്‌ബോധിപ്പിച്ചു.

മാനിഹ് മുജീബിന്റെ ഖുര്‍ആന്‍ പാരായണത്തിന് മെഹജബിന്‍ ഫാത്തിമ കാവ്യാവിഷ്‌കാരം അവതരിപ്പിച്ചു. നബീല്‍ പരിപാടികള്‍ നിയന്ത്രിച്ചു. പ്രോഗ്രാം കണ്‍വീനര്‍ നൗഫല്‍ വി.കെ നന്ദി പറഞ്ഞു. ബിലാല്‍ ഹരിപ്പാട്, നാസര്‍ വേളം, എന്‍.പി അശ്‌റഫ്, റഷീദ് മമ്പാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!