Archived Articles

യൂത്ത് ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ഡോണര്‍ സെന്ററുമായി സഹകരിച്ച് യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വര്‍ധിച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഓള്‍ഡ് എയര്‍പോര്‍ട്ടിലെ യൂത്ത് ഫോറം ഹാളില്‍ വെച്ചു സംഘടിപ്പിച്ച ക്യാമ്പില്‍ നൂറിലധികം ആളുകളാണ് രക്തം ദാനം ചെയ്തത്. കോവിഡ് വ്യാപനത്തിന് ശേഷം അഞ്ചാം തവണയാണ് യൂത്ത് ഫോറം രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഫിഫ ലോകകപ്പിന് മുന്നോടിയായി രക്തബാങ്കുകളില്‍ മതിയായ രക്തം ശേഖരിക്കുന്നതിനായുള്ള ഹമദ് ബ്ലഡ് ഡോണര്‍ സെന്ററിന്റെ ആഹ്വാനം ഏറ്റെടുത്തു കൊണ്ടാണ് ഇത്തവണത്തെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ക്യാമ്പ് കണ്‍വീനര്‍ മുഹമ്മദ് സല്‍മാന്‍ അറിയിച്ചു. രാജ്യത്തെ ബ്ലഡ് ബാങ്കുകളില്‍ വര്‍ധിച്ചു വരുന്ന ആവശ്യം പരിഗണിച്ചു കൊണ്ട് സംഘടിപ്പിച്ച രക്ത ദാന ക്യാമ്പില്‍ പങ്കാളികളായ യുവാക്കളെ പ്രത്യേകം അനുമോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തറിലെ സാമൂഹിക സേവന രംഗത്തു കഴിഞ്ഞ പത്തു വര്‍ഷമായി യുവാക്കള്‍ക്കിടയില്‍ നിറഞ്ഞ് നില്‍ക്കുന്ന യൂത്ത് ഫോറം അതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ വൈവിധ്യങ്ങളായ പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ആയിരം രക്തദാതാക്കളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ അടുത്ത മാസങ്ങളിലും ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് യൂത്ത് ഫോറം സേവന വിഭാഗം കണ്‍വീനര്‍ മുഫീദ് ഹനീഫ അറിയിച്ചു

Related Articles

Back to top button
error: Content is protected !!