Uncategorized

വിനോദ് വി. നായര്‍ക്ക് യാത്രയയപ്പ്

അമാനുല്ല വടക്കാങ്ങര
ദോഹ. രണ്ട് പതിറ്റാണ്ട് കാലത്തെ ഖത്തറിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഐ.സി.ബി.എഫ് മുന്‍ ആക്ടിംഗ് പ്രസിഡന്റും, ഐ.സി സി മുന്‍ വൈസ് പ്രസിഡന്റ്‌റുമായ വിനോദ് വി നായര്‍ക്ക് ഇന്ത്യന്‍ എംബസ്സി അനുബന്ധ സംഘടനകളായ ഐ.സി.ബി.എഫ്, ഐ.സി.സി, ഐ.എസ്.സി, ഐ.ബി.പി.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്കി.

ഐ.സി.സി അശോകാ ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍, അടുത്ത കാലത്തൊന്നും കാണാത്ത തരത്തിലുള്ള ജനപങ്കാളിത്തം സൂചിപ്പിച്ചത്, അദ്ദേഹത്തിന് ഇന്ത്യന്‍ കമ്മ്യൂണിറ്റി നല്‍കുന്ന അനുപമമായ ആദരവിന്റെയും, സ്‌നേഹത്തിന്റെയും കരുതലിന്റെയും തെളിവായിരുന്നു.
ഐ.സി. ബി. എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പ്രൗഡഗംഭീരമായ ചടങ്ങില്‍ ഐ.സി ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷ പ്രസംഗം നടത്തി.

ഐ.സി.സി പ്രസിഡന്റ് ഏ.പി. മണികണ്ഠന്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ.പി. അബ്ദുല്‍ റഹ്‌മാന്‍, ഐ.ബി.പി സി പ്രസിഡന്റ് ജാഫര്‍ സാദിഖ്, പ്രവാസി ഭാരതി സമ്മാന്‍ അവാര്‍ഡ് ജേതാവ് ഹസ്സന്‍ ചൗഗ്ലേ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി തുടങ്ങിയവര്‍ വിനോദ് നായരുമായുള്ള ഹൃദയ സ്പര്‍ശിയായ അനുഭവങ്ങളും വ്യക്തിപരമായ അദ്ദേഹത്തിന്റെ ശ്രേഷ്ടതകളും, ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് അദ്ദേഹം നല്‍കിയ വിലപ്പെട്ട സംഭാവനകളും പങ്കുവെച്ചു.

വിനോദ് വി. നായര്‍ തന്റെ മറുപടി പ്രസംഗത്തില്‍, ഖത്തറിലെ തന്റെ സുദീര്‍ഘമായ പ്രവാസ ജീവിതത്തെക്കുറിച്ചും ഇന്ത്യന്‍ കമ്മ്യൂണിറ്റി നല്‍കിയ പിന്തുണയെ കുറിച്ചും വികാരനിര്‍ഭരമായ വാക്കുകളാല്‍ പങ്കു വെക്കുകയും നല്‍്കിയ സഹകരണത്തിന് നന്ദി പറയുകയും ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകളില്‍ ഏറെ നാളത്തെ ദോഹയിലെ ജീവിതത്തില്‍ നിന്നും ലഭിച്ച ബന്ധങ്ങളോടുള്ള അഗാധമായ ഇഴയടുപ്പവും സ്‌നേഹവുമെല്ലാ നിഴലിച്ചു നിന്നിരുന്നു.

അദ്ദേഹത്തിന് ഇന്ത്യന്‍ കമ്യൂണിറ്റിയുടെ സ്‌നേഹോപഹാരം അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാര്‍ ചേര്‍ന്ന് കൈമാറി.

വിവിധ സംഘടനാ പ്രതിനിധികളും, മുതിര്‍ന്ന കമ്യൂണിറ്റി നേതാക്കളും, സുഹൃത്തുക്കളുമെല്ലാം വിനോദ് നായര്‍ക്ക് സ്‌നേഹാദരവ് അര്‍പ്പിച്ച ചടങ്ങിന് ഐ.സി.സി ജനറല്‍ സെക്രട്ടറി മോഹന്‍ കുമാറിന്റെ നന്ദി പ്രകാശനത്തോടെ സമാപനമായി.

Related Articles

Back to top button
error: Content is protected !!