കുതിച്ചുയരുന്ന വിമാനടിക്കറ്റ് നിരക്ക്: സഫാരി ഗ്രൂപ്പ് എംഡി സൈനുല്‍ ആബിദീന്റെ ഹരജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി ഹൈക്കോടതി
അമാനുല്ല വടക്കാങ്ങര
ദോഹ: വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നതിനെതിരേ പ്രമുഖ പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനും ഖത്തറിലും യുഎഇയിലും പ്രവര്‍ത്തിക്കുന്ന സഫാരി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ എംഡിയുമായ സൈനുല്‍ ആബിദീന്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി.
വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നത് ഗുരുതര വിഷയമാണെന്നു വ്യക്തമാക്കിയ കോടതി സാധാരണക്കാര്‍ക്ക് അനങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി. ഹരജി 20ന് വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
യാത്രാ നിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നത് സാധാരണക്കാരായ പ്രവാസികളുടെ യാത്രക്ക് പ്രയാസം സൃഷ്ടിക്കുകയാണെന്നും രാജ്യത്തിന്റെ സാമ്പത്തിക നില താങ്ങി നിര്‍ത്തുന്ന പ്രവാസി സമൂഹത്തോട് അനുകൂലമായ സമീപനമുണ്ടാവണമെന്നും ഹരജിക്കാരന്‍ ബോധിപ്പിച്ചു.
പ്രവാസി മലയാളികളെ ഒന്നാകെ ബാധിക്കുന്ന ഗൗരവമേറിയ വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ കൂടി കക്ഷിചേര്‍ക്കാന്‍ നിരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ത്തുള്ള അപേക്ഷ അനുസരിച്ചാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. യാത്രാനിരക്ക് നിയന്ത്രിക്കാന്‍ വ്യവസ്ഥ വേണമെന്ന് ഹൈക്കോടതി പറഞ്ഞു.