Breaking NewsUncategorized

എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍, ആദ്യ ബാച്ച് ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു

അമാനുല്ല വടക്കാങ്ങര

ദോഹ :2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ദോഹയില്‍ നടക്കുന്ന എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തറിന്റെ ആദ്യ ബാച്ച് ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നതായി ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി അറിയിച്ചു. ഓക്ടോബര്‍ പത്തിന് ആരംഭിച്ച ടിക്കറ്റ് വില്‍പനക്ക് വമ്പിച്ച പ്രതികരണമാണ് ഉണ്ടായത്. വില്‍പനയാരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ മൊത്തം 81,209 ടിക്കറ്റുകള്‍ വിറ്റു.ഖത്തര്‍, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള കാല്‍പന്തുകളിയാരാധകരായിരുന്നു ടിക്കറ്റ് സ്വന്തമാക്കാന്‍ കൂടുതലായെത്തിയത്. മൊത്തം 1,50,000 ടിക്കറ്റുകളാണ് ആദ്യ ബാച്ചില്‍ വിറ്റത്. .

ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി പുറത്തിറക്കിയ ആദ്യ ബാച്ച് ടിക്കറ്റുകള്‍ മുഴുവനായും എടുക്കാന്‍ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരാധകര്‍ തിരക്കുകൂട്ടി, കൂടുതല്‍ ടിക്കറ്റുകള്‍ സമീപഭാവിയില്‍ റിലീസ് ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. .

2024 ജനുവരി 12 നും ഫെബ്രുവരി 10 നും ഇടയില്‍ ഖത്തറിലെ ഒമ്പത് സ്റ്റേഡിയങ്ങളിലായി ഭൂഖണ്ഡത്തിലെ ഏറ്റവും അഭിമാനകരമായ ഫുട്‌ബോള്‍ മത്സരത്തിനായി ഏഷ്യയിലെമ്പാടുമുള്ള 24 ടീമുകള്‍ മത്സരിക്കും. ഒരു മാസത്തിനുള്ളില്‍ മൊത്തം 51 മത്സരങ്ങള്‍ കളിക്കും. 1988ലും 2011ലും വിജയകരമായി സംഘടിപ്പിച്ച ഖത്തര്‍ ഇത് മൂന്നാം തവണയാണ് എ എഫ് സി ഏഷ്യന്‍ കപ്പ് മത്സരം സംഘടിപ്പിക്കുന്നത്.

ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തറും ലെബനനും തമ്മിലുള്ള ഉദ്ഘാടന മത്സരം ഏകദേശം 88,000 കാണികളെ ഉള്‍ക്കൊള്ളുന്ന ഐക്കണിക് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ ഫൈനല്‍ മത്സരത്തിന് ആതിഥേയത്വം വഹിച്ച വേദി 2023 എഎഫ്സി ഏഷ്യന്‍ കപ്പ് ഖത്തറിന്റെ ഫൈനല്‍ മത്സരത്തിനും ആതിഥേയത്വം വഹിക്കും.

Related Articles

Back to top button
error: Content is protected !!