IM SpecialUncategorized

സ്മിത ആദര്‍ശിന്റെ അക്ഷരലോകം


അമാനുല്ല വടക്കാങ്ങര

ഖത്തറിലെ ഡിപിഎസ് മൊണാര്‍ക് സ്‌കൂള്‍ മലയാളം വകുപ്പ് മേധാവിയും എഴുത്തുകാരിയുമായ സ്മിത ആദര്‍ശ് അക്ഷരലോകത്ത് ഏറെ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത വ്യക്തിത്വമാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി ഖത്തറിന്റെ സാംസ്‌കാരിക ഭൂമികയില്‍ കയ്യൊപ്പ് ചാര്‍ത്തിയ അവരുടെ അക്ഷരലോകം മനോഹരമാണ്. വായനക്കാരുടെയും സാഹിത്യ സാംസ്‌കാരിക ഇടങ്ങളിലെയും ഇഷ്ട താരവും, ശ്രദ്ധേയ എഴുത്തുകാരിയുമായ സ്മിതയുടെ കഥകളും ലേഖനങ്ങളും വേറിട്ട വായനാനുഭവം സമ്മാനിക്കുന്നവയാണ്.

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൃശൂര്‍ ജില്ലയിലെ ചേരൂരില്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥരായിരുന്ന ബാലകൃഷ്ണന്റേയും രതിയുടേയും മകളായി ജനിച്ച സ്മിതക്ക് കുട്ടിക്കാലം മുതലേ പുസ്തകങ്ങളോട് പ്രണയമായിരുന്നു. കലയും സാഹിത്യവും വൈജ്ഞാനിക പ്രബുദ്ധതയും കൊണ്ടനുഗ്രഹീതമായ ചുറ്റുപാടില്‍ സ്മിതയുടെ വായന കമ്പം തിരിച്ചറിഞ്ഞ ചെറിയച്ഛന്‍ തൃശൂര്‍ പബ്‌ളിക് ലൈബ്രറിയില്‍ നിന്നും യഥേഷ്ടം പുസ്തകങ്ങള്‍ എടുത്ത് കൊടുത്തത് സ്മിതയുടെ വായനയുടെ ലോകം വിശാലമാക്കി.

ചെറുപ്പം മുതലേ വായനയുടെ സ്വര്‍ഗത്തില്‍ വിരാചിച്ചതിനാല്‍ സ്‌കൂള്‍ കോളേജ് തലങ്ങളിലൊക്കെ കഥകളും ലേഖനങ്ങളുമൊക്കെ എഴുതി സമ്മാനം നേടിയിട്ടുണ്ട്. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ സ്മിത 2004 ആണ് ദോഹയിലെത്തിയത്. ഖത്തറിലെത്തിയതുമുതലാണ് സ്മിത സജീവമായ എഴുത്തിലേക്ക് തിരിഞ്ഞത്. ഖത്തറിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക വേദികള്‍ പലപ്പോഴായി സംഘടിപ്പിച്ച വിവിധ മല്‍സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടാറുള്ള സ്മിത ടീച്ചര്‍ മല്‍സര ലോകത്തും എഴുത്തിലും തന്റെ ജൈത്രയാത്ര തുടരുകയാണ്.

മനസ്സില്‍ തോന്നുന്ന വിചാരവികാരങ്ങള്‍ പങ്കുവെക്കുവാനും ആശയവിനിമയം നടത്തുന്നതിനും 2008 മുതല്‍ തന്നെ സ്വന്തമായി ബ്‌ളോഗ് തുടങ്ങി കൊണ്ടാണ് സ്മിത സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായത്. കാലിക പ്രസക്തമായ പല പോസ്റ്റുകളും സ്മിതയുടെ ബ്‌ളോഗിലൂടെ വെളിച്ചം കണ്ടപ്പോള്‍ അക്ഷര ലോകം അത് ശ്രദ്ധിച്ചു. അങ്ങനെയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബ്‌ളോഗന എന്ന പംക്തിയില്‍ സ്മിതയുടെ പോസ്റ്റ് പ്രസിദ്ധീകരിക്കപ്പെടുന്നത്. മാതൃഭൂമി ആഴ്ചപതിപ്പില്‍ രചനകള്‍ പ്രത്യക്ഷപ്പെടുകയെന്നത് എഴുതുന്നവരെ സംബന്ധിച്ച് വലിയ സ്വപ്‌നമായിരുന്നു. ആ അവസരം എഴുത്ത് ജീവിതത്തില്‍ വലിയ ഉത്തേജകമായി മാറി. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്‌ളോഗനയില്‍ പ്രത്യക്ഷപ്പെട്ട ആദ്യ വനിത ബ്‌ളോഗര്‍ എന്നതും സ്മിതക്ക് അവകാശപ്പെട്ടതായി. പിന്നീട് മറ്റൊരു പോസ്റ്റും കൂടി ബ്‌ളോഗനയില്‍ വെളിച്ചം കണ്ടു.

2006 ല്‍ ഖത്തര്‍ സംസ്‌കൃതിയുടെ മിഴിയിലാണ് സ്മിതയുടെ ആദ്യ കഥ അച്ചടിച്ച് വന്നത്. അവിടുന്നങ്ങോട്ട് കഥകളലും ലേഖനങ്ങളുമായി സ്മിത ആദര്‍ശ് എന്ന എഴുത്തുകാരി അറിയപ്പെടുകയായിരുന്നു. 2009 മുതല്‍ ഖത്തറിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപികയായി സേവനമനുഷ്ടിച്ച സ്മിത ജീവിതം കവിതപോലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മാത്രമല്ല സമൂഹത്തിന് തന്നെ മാതൃകയായി അവതരിപ്പിച്ചാണ് സാമൂഹ്യ ജീവിതം സാര്‍ഥകമാക്കുന്നത്.

പരന്ന വായന നല്‍കിയ അനുഭവ സമ്പത്തും ഭാവനയുടെ മേമ്പൊടിയും കലര്‍ന്ന ടീച്ചറുടെ സംസാരം തന്നെ കവിത വായിക്കുന്ന സൗന്ദര്യമാണ് സമ്മാനിക്കുക. ശക്തമായ വികാരങ്ങളുടെ സ്വതസിദ്ധമായ ഒഴുക്കും നിഷ്‌കളങ്കമായ നിരീക്ഷണങ്ങളും കേള്‍വിക്കാരനെ പിടിച്ചിരുത്തും. ടീച്ചറുടെ എഴുത്തിലും വശ്യമനോഹരമായ ഈ സവിശേഷത കാണാനാകും.

സ്മിത ആദര്‍ശ് എന്ന എഴുത്തുകാരി സാഹിത്യ ലോകത്ത് പുതിയതല്ല. ബ്ലോഗ് കാലം മുതല്‍ കഥകളായ്, ലേഖനങ്ങളായ് , ഓര്‍മ്മകുറിപ്പുകളായ് സ്മിതയുണ്ട്. ഒഴുക്കുള്ള ഭാഷകൊണ്ട് വായനക്കാര്‍ക്ക് പ്രിയങ്കരിയായ സ്മിത ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധേയയാകുന്നത് തന്റെ കന്നി പുസ്തകമായ വാസ്ജന പുറത്തിറങ്ങിയ പശ്ചാത്തലത്തിലാണ്. കഴിഞ്ഞ ദിവസമാണ് തൃശൂര്‍ കറന്റ് ബുക്‌സില്‍ നിന്നും വാസ്ജന പുറത്തു വന്നത്. പലപ്പോഴായി എഴുതിയ കഥകളില്‍ നിന്നും തെരഞ്ഞെടുത്ത 11 കഥകളാണ് പുസ്‌കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പേരിലെ പുതുമ തന്നെയാകാം പുസ്തകത്തിന്റെ ഒരു സവിശേഷത. പാലായനം എന്നര്‍ഥമുള്ള പഞ്ചാബി പദമാണ് വാസ്ജന എന്നാണ് ടീച്ചര്‍ വിശദീകരിച്ചത്. സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ കോളിളക്കം സൃഷ്ടിച്ച സിഖ് വിരുദ്ധകലാപം, ഓപറേഷന്‍ ബ്‌ളൂ സ്റ്റാര്‍ തുടങ്ങിയവയെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ദിക്കുകളിലേക്കുള്ള പഞ്ചാബികളുടെ പാലായനവും അതിനിടയിലെ ഉദ്വേഗജനകമായ സംഭവവികാസങ്ങളുമൊക്കെയാണ് കഥയുടെ ഇതിവൃത്തം.

ജീവിതത്തില്‍ നിന്നും ചിന്തയില്‍ നിന്നും ഒരിക്കലും പാലായനം ചെയ്യാത്ത അച്ഛനോര്‍മകളാണ് വാസ്ജനയിലെ മിക്ക കഥകളും സമ്മാനിക്കുന്നത്. അച്ചന്മാരൊരു സ്‌നേഹച്ചരടായി ജീവിതം അലങ്കരിക്കുന്നവരെ വാസ്ജനയിലെ ഓരോ കഥകളും നൊമ്പരപ്പെടുത്തും


ചരിത്രത്തിന്റെ ഇടനാഴികകളില്‍ മലയാളികള്‍ അധികം ശ്രദ്ധിക്കാതെ കടന്നുപോയ ചില ഏടുകളെ വൈകാരിക തീവ്രതയോടെ ഇരുത്തം വന്ന ഒരെഴുത്തുകാരിയുടെ കരവിരുതില്‍ വരച്ചുവെക്കുന്നുവെന്നതാണ് വാസ്ജനയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് തോന്നുന്നു.

ഒന്നര പതിറ്റാണ്ടിലേറെകാലം സജീവമായി എഴുതിയ ശേഷം ആദ്യ പുസ്തകം പുറത്തിറക്കുന്നതുകൊണ്ടും പ്രശസ്തയായ അധ്യാപികയായി ജനകീയയാതുകൊണ്ടും ഏറെ ശ്രദ്ധയോടെയാണ് വാസ്ജനയിലെ ഓരോ കഥയും തെരഞ്ഞെടുത്തിരിക്കുന്നത്.

സ്മിത ഒരു അനുഗ്രഹീത എഴുത്തുകാരിയാണ്. നിഷ്‌കളങ്കമായ ജീവിതാനുഭവങ്ങള്‍ അടയാളപ്പെടുത്തിയും ജീവിതപരിസരങ്ങളുടെ നേര്‍കാഴ്ച സമ്മാനിച്ചുമാണ് സ്മിത സഹൃദയരെ ആകര്‍ഷിക്കുന്നത്.
സ്മിതയുടെ പല കഥകളിലും വിവരിക്കുന്ന വൈകാരിക സന്ദര്‍ഭങ്ങള്‍ ഇരുത്തം വന്ന എഴുത്തുകാരെ പോലും വിസ്മയിപ്പിക്കുന്നതാണ് .സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നവയാണ് സ്മിതയുടെ മിക്ക കഥകളും. ആ കഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഏതെങ്കിലും ഒരു തലത്തിലൂടെ എപ്പോഴെങ്കിലുമൊക്കെ ഞാനും നിങ്ങളുമൊക്കെ കടന്നുപോകുന്നുവെന്ന തോന്നല്‍ വായനക്കാരനെ സ്വാധീനിക്കാനുള്ള ഈ എഴുത്തുകാരിയുടെ ക്രാഫ്റ്റിന്റെ മിടുക്കാണ് അടയാളപ്പെടുത്തുന്നത്.

കെ. വി മണികണ്ഠന്റെ പ്രൗഡമായ അവതാരിക ഈ കഥാസമാഹാരത്തെ ധന്യമാക്കുന്നു. അവതാരികയില്‍ അദ്ദേഹമെഴുതുന്നു. അവതാരിക എന്നതിനെക്കാള്‍ വിയോജനക്കുറിപ്പാണിതെന്ന് വിശേഷിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു. അത് ന്യായവുമാണെന്ന് ഇത് വായിച്ചുകഴിയുമ്പോള്‍ നിങ്ങള്‍ക്ക് തോന്നും. ഉറപ്പ്.
ഈ എഴുത്തുകാരി എനിക്കേറ്റവും പ്രിയപ്പെട്ട സ്ത്രീകളില്‍ ഒരാളാണെന്നതുകൊണ്ട് മാത്രമല്ല ഇവരുടെ ആദ്യപുസ്തകം വായനക്കാര്‍ക്ക് മുമ്പിലേക്ക് വയ്ക്കാന്‍ നിയുക്തനാവുകയെന്ന ദൗത്യം സന്തോഷപൂര്‍വം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറായത്. എം. ടി പഠിപ്പിച്ച ഒരു കാര്യമുണ്ട്. ഒരു രചയിതാവിന്റെ ഒന്നാം പ്രയോരിറ്റി വായിപ്പിക്കുക എന്നുള്ളതാണ്. രണ്ടാം പ്രയോരിറ്റിയും വായിപ്പിക്കുക എന്നുള്ളതാണ്. മൂന്നാംപ്രയോരിറ്റിയും മറ്റൊന്നുമല്ല വായിപ്പിക്കുക എന്നുള്ളതാണ്. ഈ ഒരു സംഗതി വച്ച് ഈ സമാഹാരത്തിലെ കഥകളെ നോക്കുമ്പോള്‍ എഴുത്തുകാരി ഇക്കാര്യത്തില്‍ 101% വിജയിച്ചു എന്ന് കാണാം. ഒരു സംശയവും അതിലില്ല. ദാഹിച്ചുവരുമ്പോള്‍ ഒരു മണ്‍തൊട്ടിയില്‍ തണുത്ത തെളിനീര്‍ കുടിക്കാന്‍ ലഭിക്കുന്ന പോലെ അയത്‌നലളിതവും മധുരമൂറുന്നതുമായ ഭാഷയാണ് സ്മിതയുടേത്.
രണ്ടാമതായി, ഈ സമാഹാരത്തിലെ കഥകള്‍ വച്ച് വിലയിരുത്തുമ്പോള്‍ എന്നെ ആകര്‍ഷിച്ച വസ്തുത വിഷയസ്വീകരണം ആണ്. അതിലെ വൈവിദ്ധ്യങ്ങള്‍. ഏറെ വര്‍ഷങ്ങളായി കുടുംബാംഗം പോലെ തന്നെ എനിക്ക് അടുത്തറിയാവുന്ന സ്മിതയുടെ ചിന്താപരിസരങ്ങള്‍ സ്വന്തമെന്നപോലെ വായിച്ചെടുക്കാന്‍ പറ്റുന്നൊരുവനാണു ഞാന്‍. അതിനാല്‍ തന്നെ കഥയുമായ് ഇവള്‍ കൊണ്ടുവരുന്ന വിഷയങ്ങള്‍ എന്നെ ഞെട്ടിച്ചുകളഞ്ഞിട്ടുണ്ട്. എഴുത്താളിന്റെ ഭൗതിക/ചിന്താപരിസരങ്ങളാണ് കഥയിലുണ്ടാവുക എന്നതിനെപ്പറ്റി ഏറെ ഗവേഷണപരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടാകാം. എന്നാല്‍ ഈ എഴുത്തുകാരിയുടെ കഥകള്‍ വച്ച് ഇവരെ പഠിക്കാന്‍ ശ്രമിച്ചാല്‍ പരാജയമായിരിക്കും ഫലം! ആന്തരികമായ യാത്രകള്‍ സ്മിത ഏറെ നടത്തിയിട്ടുണ്ടെന്നു സ്പഷ്ടം. ഈ സമാഹാരത്തിലെ വാസ്ജന എന്ന ആദ്യകഥ മുതല്‍ ജന്‍പഥിലെ ഞായറാഴ്ചകള്‍ എന്ന അവസാന കഥ വരെ വായിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ ഞാനീപ്പറഞ്ഞതിനോട് യോജിക്കുമെന്ന് ഉറപ്പ്.
കലാനൈപുണ്യം എന്നത് ഒരു സമസ്യയാണ്. അതായത് ഇപ്പറഞ്ഞ സാധനം രണ്ടുതരം ഉണ്ട്. ഒന്ന് ജന്മനാ ലഭ്യമാകുന്നത്. രണ്ട് അത്യധ്വാനംകൊണ്ട് സാധ്യമാകുന്നത്. ഒരുദാഹരണത്തിനു ബഷീര്‍ എഴുതിയ കത്തുകള്‍ പോലും ക്ലാസിക് ആണല്ലോ. ആ ബഷീര്‍ പോലും നിരന്തര എഴുത്തിനാല്‍ ഉരുവപ്പെട്ടതാണെന്ന് പറയാം. അല്ലെങ്കില്‍ അങ്ങനെയൊരു പരുവപ്പെടല്‍ ശ്രമത്തിന്റെ ഗൗരവം ആ സര്‍ഗ്ഗധനനു പോലും മനസിലായിരുന്നു എന്ന് പറയാം.
ഇവിടെയാണ് ഈ കുറിപ്പില്‍ ആദ്യവരിയിലേ പറഞ്ഞ കാര്യത്തിന്റെ പ്രസക്തി. അതായത് ഈ എഴുത്തുകാരിയില്‍ ജന്മനാ ഒരു പ്രതിഭയുണ്ട്. ബ്ലോഗ് കാലം മുതലേ അത് ഞാന്‍ ശ്രദ്ധിച്ചിട്ടുമുണ്ട്. അതുണ്ടാവുക എന്നത് ഒരു ഭാഗ്യമാണ്. വിശ്വാസികള്‍ക്ക് അത് ഒരു ബ്ലെസ് എന്നൊക്കെ പറയാം. ഇത് ലഭിച്ചിട്ടുള്ള ഒരുവളാണീ പുസ്തകത്തിന്റെ രചയിതാവ്.
പക്ഷേ…
ഈ പക്ഷേ ഒരു വലിയ പക്ഷേ ആണ്. നിങ്ങള്‍ വായിക്കാന്‍ പോകുന്ന ഈ കഥകളില്‍ പലതും സ്മിത ചില സ്‌നേഹനിര്‍ബന്ധങ്ങള്‍ മൂലം എഴുതിയതാണ്. ഇക്കഥകളുടെയെല്ലാം തന്നെ ആദ്യവായനക്കാരന്‍ എന്ന നിലയ്ക്ക് എനിക്കിത് കൃത്യമായ് അറിയാം. നടേ പറഞ്ഞ വിയോജിപ്പ് അതിലാണ്. ഒട്ടും സമയമില്ലാതെ ഡെഡ് ലൈന്‍ മണിക്കൂറുകളില്‍ എഴുതിത്തീര്‍ത്ത് അയച്ചിട്ടും ഇക്കഥകളിലെ ഊര്‍ജ്ജം നിങ്ങള്‍ ശ്രദ്ധിക്കൂ. അതുകൊണ്ട് ഈ എഴുത്തുകാരിയോടെനിക്കുള്ള വിയോജിപ്പോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.

‘എഴുത്തില്‍ സമയം നിക്ഷേപിക്കാന്‍ സ്മിതാ ആദര്‍ശ് എന്ന് തീരുമാനിക്കുന്നുവോ അന്ന് മലയാളത്തിലെ മുന്‍ നിരയില്‍ ഒരു എഴുത്തുകാരി ജനിക്കും.’

പുസ്തകം വായിച്ചുതീരുമ്പോള്‍ അല്ല അതിന് മുമ്പ് തന്നെ സ്മിത ആദര്‍ശ് മലയാളത്തിലെ മുന്‍നിര എഴുത്തുകാരില്‍ സ്ഥാനം പിടിച്ചതായാണ് നമുക്ക് അനുഭവപ്പെടുക. നിര്‍മലമായ വായനയുടെ സൗന്ദര്യവും സൗരഭ്യവും ആവോളം സൂക്ഷിക്കുന്ന വാസ്ജനയിലെ മനോഹരമായ കഥകള്‍ വായനക്കാരെ പിടിച്ചിരുത്തുമെന്നുറപ്പാണ് .

അക്ഷര ലോകത്തെ ധന്യമായ സര്‍ഗപഥങ്ങളോടൊപ്പം ഹോം ഗാര്‍ഡനിംഗിനും പെയിന്റിംഗിനുമൊക്കെ ഈ സര്‍ഗ പ്രതിഭ സമയം കണ്ടെത്തുന്നുവെന്നത് വായനക്കാരെ കൂടുതല്‍ കുതുകികളാക്കാം. വീട്ടിനോട് ചേര്‍ന്ന സ്മിതയുടെ പച്ചക്കറിത്തോട്ടം ഹരിത ഭംഗി മാത്രമല്ല മനസിനും ചിന്തക്കും കുളിരുപകരുന്ന കാഴ്ചയാണ് . മരുഭൂമിയെ മലര്‍വാടിയാക്കി ഓര്‍ഗാനിക് കൃഷിയിലെ വിജയകരമായ പരീക്ഷണങ്ങളാണ് സ്മിത നടത്തുന്നത്.


വരകളാണ് ടീച്ചറുകളുടെ മറ്റൊരു ഹോബി. മൂന്ന് വര്‍ഷം മുമ്പ് ബ്‌ളോഗര്‍മാരുടെ കൂട്ടായ്മ നടത്തിയ നൂറ് ദിന വരയില്‍സജീവമായി പങ്കെടുത്ത ടീച്ചര്‍ ഓരോ ദിവസവും മുടങ്ങാതെ വരച്ച് തന്റെ സൃഷ്ടികളെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
നല്ല ഒരു പാചകക്കാരി കൂടിയായ ഈ ടീച്ചര്‍ മീഡിയ വണ്‍ നടത്തിയ കുക്കറി ഷോയിലെ മികച്ച പത്ത് പേരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെടുകയും രാജ് കലേഷിനൊപ്പം കുക്കറി ഷോ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

എഴുത്തും വരയും അധ്യാപനവും ഹോം ഗാര്‍ഡനിംഗുമൊക്കെയായി ജീവിതം സാര്‍ഥകമാക്കുന്ന സ്മിത ആദര്‍ശ് ഒരു പാഠ പുസ്തകമാണ് .


ഖത്തറില്‍ കുടുബത്തോടൊപ്പം താമസിക്കുന്ന സ്മിതയുടെ ഭര്‍ത്താവ് ആദര്‍ശ് ബിസിനസ് കാരനാണ് . കോഴിക്കോട് എന്‍.ഐ.ടിയില്‍ ബി ആര്‍കിന് പഠിക്കുന്ന ലക്ഷ്മി നന്ദനയും ഡി.പി.എസ് വിദ്യാര്‍ഥിനി ഗായത്രി നന്ദനയുമാണ് മക്കള്‍ .

Related Articles

Back to top button
error: Content is protected !!