തനതായ മാപ്പിളപ്പാട്ടുകളിലൂടെ സഹൃദയമനം കവരുന്ന സി.വി.എ.കുട്ടി ചെറുവാടി
അമാനുല്ല വടക്കാങ്ങര
മാപ്പിളപ്പാട്ടാസ്വദകര്‍ എന്നും നെഞ്ചേറ്റുന്ന നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ജീവിക്കുന്ന ഗായകനാണ് സി.വി. എ. കുട്ടി. ചെറുവാടി. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ അദ്ദേഹം ഇന്റര്‍നാഷണല്‍ മലയാളിക്ക് അനുവദിച്ച അഭിമുഖത്തില്‍ തന്റെ സംഗീത ജീവിതത്തിലെ നാള്‍വഴികളെക്കുറിച്ച് വാചാലനായി. അഭിമുഖത്തിലെ പ്രസക്ത ഭാഗമാണ് ചുവടെ :
ചെറുപ്പത്തില്‍ തന്റെ ജന്മനാടായ ചെറുവാടിയിലെ യാഥാസ്ഥിക ചുറ്റുപാടില്‍ സംഗീതയാത്രയും പാട്ടുകളുമൊന്നും എളുപ്പമായിരുന്നില്ല. എങ്കിലും പാട്ടുപാടിയും ചെറിയ ഗാനമേളകള്‍ നടത്തിയുമൊക്കെ ചെറുപ്രായത്തില്‍ തന്നെ സി.വി. എ. കുട്ടി സജീവമായിരുന്നു. സംഗീതത്തോടുള്ള അദമ്യമായ ആഗ്രഹത്താല്‍ കോഴിക്കോട് നടക്കുന്ന പല പാട്ടുപരിപാടികളും കേള്‍ക്കാന്‍ പോവുകയും ക്രമേണ ഗാനമേളക്ക് അവസരം നേടിയെടുക്കുകയും ചെയ്തു.
1979 ല്‍ കാസര്‍ഗോഡ് നടന്ന അഖില കേരള മാപ്പിളപ്പാട്ട് മത്സരത്തിലൂടെയാണ് സി.വി. എ. കുട്ടി. ചെറുവാടി എന്ന ഗായകന്‍ കൂടുതല്‍ അറിയപ്പെട്ടത്. മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍
അന്നത്തെ പ്രഗത്ഭ മാപ്പിളപ്പാട്ട് സംഘങ്ങളായ വി.എം. കുട്ടി & ഫസില, എം.പി ഉമ്മര്‍ കുട്ടി, കെ.എസ്.മുഹമ്മദ് കുട്ടി, പീര്‍ മുഹമ്മദ് ,ഹമീദ് ഷര്‍വാണി തുടങ്ങിയവരുമായി മാറ്റുരക്കാന്‍ സാധിച്ചു.
മാപ്പിളപ്പാട്ടിനെ ജന ഹൃദയങ്ങളില്‍ അരക്കിട്ടുറപ്പിക്കുന്നതില്‍ സി. വി. ഏ. കുട്ടി ചെറുവാടിയുടെ പങ്ക് പ്രധാനമാണ്.1975കാല ഘട്ടങ്ങളില്‍ തന്നെ മാപ്പിളപ്പാട്ട് രംഗത്ത് കാലുറപ്പിച്ച സി. വി. പിന്നീട് ഒട്ടേറെ ഗാനങ്ങള്‍ മാപ്പിള കലാ കൈരളിക്ക് സമര്‍പ്പിച്ചു. കുട്ടിയും സംഘവും പാടി ഫെയ്മസാക്കിയ ‘ഈത്ത പൂത്ത മക്ക ദിക്കില്‍, ഫുര്‍ഖാനുല്‍ അളീമാണ്.. കഅബാ ശരീഫ് കാട്ടീടണേ … ബഹറിന്‍ മോജകള്‍ പൊങ്ങിടുമ്പോള്‍ തുടങ്ങി നിരവധി ഗാനങ്ങള്‍ ഇന്നും നിരവധി ചുണ്ടുകളില്‍ ജ്വലിച്ചു നില്‍ക്കുന്നു. ആകാശവാണി കലാകാരന്‍ എന്ന നിലക്ക് നിരവധി ശ്രദ്ധേയ ഗാനങ്ങളാണ് സി.വി. എ. കുട്ടി. ചെറുവാടി ആകാശവാണിയില്‍ അവതരിപ്പിച്ചത്.
ആകാശവാണിയിലൂടെ ഒട്ടേറെ ഭക്തി ഗാനങ്ങള്‍ മാപ്പിള കലാ കൈരളിക്ക് സമര്‍പ്പിച്ച സി. വി യുടെ ശ്രമ ഫലമായി ഒട്ടേറെ ഗായികമാരും, ഗായകരും, രചയിതാക്കളും കേരളത്തില്‍ ഉദയം ചെയ്തിട്ടുണ്ട്. സ്‌കൂള്‍ കലോത്സവങ്ങളിലും മറ്റും പാടാന്‍ അവലമ്പിക്കാവുന്ന നിരവധി ഗാന സി. ഡികളും ആല്‍ബങ്ങളും സി. വി. പുറത്തിറക്കി. ഇന്നും ഈ രംഗത്ത് ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സി. വിയുടെ സേവനം കലാ കൈരളിക്ക് മറക്കാനാവില്ല. പാട്ടുകള്‍ പാടിയും പഠിപ്പിച്ചും സംഗീതത്തിന്റെ വിശാലമായ സൗഹൃദവലയത്തില്‍ വിരാചിക്കുകയെന്നത് ഏറെ സായൂജ്യം നല്‍കുന്ന സപര്യയായാണ് കുട്ടി കാണുന്നത്.
ആശയ സമ്പുഷ്ടമായ സന്ദേശ പ്രധാനമായ ഗാനങ്ങളാണ് ഈ ഗായകന്‍ പലപ്പോഴും തെരഞ്ഞെടുക്കുന്നത്. ഈ അനുഗ്രഹീത ഗായകന്റെ ശബ്ദത്തില്‍ അനശ്വരങ്ങളായ നിരവധി തനത് മാപ്പിളപ്പാട്ടുകളുണ്ട്.
ഒരു മികച്ച ഗായകനും കലാകാരനുമെന്നതിലുപരി നിരവധി പേരെ മാപ്പിളപ്പാട്ട് വേദിയിലേക്ക് കൊണ്ടുവന്ന കലാകാരന്‍ എന്ന നിലക്കും സി.വി. എ. കുട്ടി ശ്രദ്ധേയനാണ്. പാഴൂര്‍ കരീം, മുക്കം സാജിത,റുബീന ഖാലിദ്, ഹുസ്‌ന അഴിയൂര്‍, ഷഹനാസ് കടവത്തൂര്‍ തുടങ്ങിയവര്‍ ഇവരില്‍ ചിലര്‍ മാത്രമാണ്.
ആദ്യമായി സംവിധാനം ചെയ്ത കാസറ്റ് 1985 ല്‍ ഇറങ്ങിയ സുല്‍ത്താന എന്ന കാസറ്റാണ്.ഫിറോസ് ബാബുവിനൊപ്പം ഖൈറുല്‍ വറായ സയ്യിദീ …..എന്ന ഗാനം പാടി,
ഇതേ കാസറ്റിലെ മുത്ത് മെഹബൂബെ …..അരികില് വന്നോട്ടെ … കിളിയേ… കിളിയേ… പനങ്കിളിയേ എന്നീ ഗാനങ്ങള്‍ ഫിറോസ് ബാബുവിനും , സിബല്ലക്കും മാപ്പിളപ്പാട്ടുവഴിയില്‍ വഴിത്തിരിവുണ്ടാക്കി.
കേരളത്തിന്നകത്തും പുറത്തും നിരവധി വേദികളില്‍ മാപ്പിള ഗാനമേളകള്‍ അവതരിപ്പിച്ചു.
സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലടക്കം നിരവധി മത്സര വേദികളില്‍ ജൂറി അംഗമായ സി.വി. എ. കുട്ടി. ചെറുവാടി ഗായകനായും ഗാനരചയിതാവും മാപ്പിളപ്പാട്ട് രംഗത്തെ തിളങ്ങുന്ന പ്രതിഭയാണ്.
മര്‍ഹൂം സി.എച്ച്. മുഹമ്മദ് കോയ സാഹിബിനെ കുറിച്ച് ബാപ്പു വെള്ളിപറമ്പ് രചിച്ച് സി.വി.എ. കുട്ടിയും സംഘവും പാടിയ സി.എച്ച്. അനുസ്മരണം എന്ന കാസറ്റ് ഏറെ ഹിറ്റായിരുന്നു.
ചെറുവാടി മര്‍ഹൂം സി.വി. മുഹമ്മദ് ഹാജി, ഉമ്മു സല്‍മ ഹജ്ജുമ്മ ദമ്പതികളുടെ പത്ത് മക്കളില്‍ രണ്ടാമനായ സി.വി. എ. കുട്ടി കലാരംഗത്തെ പ്രവര്‍ത്തനങ്ങളോടൊപ്പം അധ്യാപകനായും ജീവിതം മനോഹരമാക്കി. അദ്ദേഹത്തിന്റെ സഹധര്‍മിണി ഖദീജയും മകന്‍ ഡോ. അനീസ് അഹ് മദും അറബി അധ്യാപകരാണ്. മകള്‍ ആബിദ അഹമ്മദ് ഖത്തറിലെ അല്‍ വകറ ഹോസ്പിറ്റലില്‍ ഉദ്യോഗസ്ഥയാണ്. സഹോദരി അര്‍ഷിദ അഹ് മദ് ഓപ്താല്‍മോളജി കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് .
ഗായികയായ മകള്‍ അമീന സുല്‍ത്താന നഴ്‌സിംഗ് വിദ്യാര്‍ഥിനിയായിരിക്കെ യൂണിവേര്‍സിറ്റി തലത്തില്‍ ഗസലിന് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.