ഗാസയിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഇന്ന് രാവിലെ മുതല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഗാസയിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഇന്ന് രാവിലെ മുതല്‍ ആരംഭിക്കും. ഗാസ പ്രാദേശിക സമയം 7 മണിക്ക് ( ഖത്തര്‍ സമയം 8 മണി ) മുതലായിരിക്കും വെടിനിര്‍ത്തല്‍. ഗാസയിലെ മാനുഷികാടിസ്ഥാനത്തിലുള്ള വെടിനിര്‍ത്തല്‍ വിശദാംശങ്ങള്‍ പ്രഖ്യാപിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, ഹമാസും ഇസ്രായേലും മധ്യസ്ഥരും തമ്മിലുള്ള ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ മോചിപ്പിക്കപ്പെടുന്നവരുടെ പേരുകളുടെ പട്ടിക കൈമാറിയതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. ബന്ദികളുടെ ആദ്യ ബാച്ച് വെള്ളിയാഴ്ച വൈകിട്ട് നാലോടെ കൈമാറുമെന്ന് ഡോ.അല്‍ അന്‍സാരി സൂചിപ്പിച്ചു. നാല് ദിവസത്തിനുള്ളില്‍ 50 ഓളം ഇസ്രായേലി ബന്ദികളെ മോചിപ്പിക്കും. ആദ്യ ബാച്ചില്‍ സ്ത്രീകളും കുട്ടികളുമടക്കം 13 പേര്‍ ഉള്‍പ്പെടും. നാല് ദിവസത്തിനുള്ളില്‍ ബാക്കിയുള്ള ബന്ദികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമെന്നും കൂടുതല്‍ ബന്ദികളെ വിട്ടയക്കാനുള്ള സാധ്യത പരിഗണിക്കുമെന്നും പൂര്‍ണമായ വെടിനിര്‍ത്തലിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഡോ. അല്‍ അന്‍സാരി പറഞ്ഞു.സ്ഥിരമായ സന്ധിയും സമാധാനവും കൈവരിക്കുന്നതിനുള്ള കൂടുതല്‍ ജോലികള്‍ ആരംഭിക്കുന്നതിനുള്ള അവസരം കണ്ടെത്തുന്നതിന് ഈ താല്‍ക്കാലിക വിരാമം സഹായിക്കുമെന്ന് അദ്ദേഹം ഖത്തറിന്റെ പ്രതീക്ഷ പ്രകടിപ്പിച്ചു. റെഡ് ക്രോസും പാലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയും ബന്ദികളെ മോചിപ്പിക്കുന്ന പ്രക്രിയയുടെ അവശ്യഘടകങ്ങളായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാനുഷിക വിരാമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍, ഈജിപ്ഷ്യന്‍ ഭാഗവുമായി ഏകോപിപ്പിച്ച് റഫ ക്രോസിംഗിലൂടെ സഹായം ഒഴുകാന്‍ തുടങ്ങുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാന്‍ നിശ്ചയിച്ച മാനദണ്ഡം തികച്ചും മാനുഷിക അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം അടിവരയിട്ടു. ബന്ദികളെ മോചിപ്പിക്കുന്നതിന് സമാനമായ സമയപരിധിക്കുള്ളില്‍ ഫലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു, ഇടപാടിനെ ”വിനിമയ ഇടപാട്” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ബന്ദികള്‍ സുരക്ഷിതമായി പുറത്തുകടക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ കക്ഷികളുമായും ആശയവിനിമയം നടത്താനുള്ള ഖത്തറിന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.