Breaking NewsUncategorized

ഗാസയിലെ കുട്ടികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന ചില്‍ഡ്രണ്‍ എബൗ ഓള്‍ ശ്രദ്ധേയമായി


അമാനുല്ല വടക്കാങ്ങര

ദോഹ. ഗാസയിലെ കുട്ടികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖത്തര്‍ ഫൗണ്ടേഷന്റെ എജ്യുക്കേഷന്‍ സിറ്റിയിലെ ഓക്സിജന്‍ പാര്‍ക്കില്‍ എജ്യുക്കേഷന്‍ എബോവ് ഓള്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ”ചില്‍ഡ്രണ്‍ എബൗ ഓള്‍” ജനപങ്കാളിത്തത്തിലും സംഘാടക മികവിലും ശ്രദ്ധേയമായി. വിവിധ ദേശക്കാരും ഭാഷക്കാരുമായ നൂറ് കണക്കിനാളുകളാണ് വെള്ളിയാഴ്ച വൈകുന്നേരം നടന്ന പരിപാടിയുടെ ഭാഗമായത്.

ഗാസയിലെ യുദ്ധം ബാധിച്ച കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ആവശ്യമായ പിന്തുണ നല്‍കുന്നതിനും ഈ യുദ്ധത്തില്‍ ദാരുണമായി നഷ്ടപ്പെട്ട ജീവിതങ്ങളെ ആദരിക്കുന്നതിനുമുള്ള പ്രവര്‍ത്തനത്തിനുള്ള ആഹ്വാനമായിരുന്നു ഈ പരിപാടി.

ലോകത്തെമ്പാടുമുള്ള കുട്ടികളെ വിദ്യാഭ്യാസ പരമായി വളര്‍ത്തിക്കൊണ്ടുവരുന്നതിനും സ്പോര്‍ട്സ്, സാമൂഹിക പ്രവര്‍ത്തനങ്ങള്‍, ക്രിയാത്മക പ്രവര്‍ത്തികള്‍ എന്നിവകളിലൂടെ സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിനുമുള്ള ഒരു പ്രസ്ഥാനമാണ് എജ്യുക്കേഷന്‍ എബോവ് ഓള്‍ . ഖത്തര്‍ ഫൗണ്ടേഷന്‍ അധ്യക്ഷയും അമീറിന്റെ മാതാവുമായ ശൈഖ മൗസ ബിന്‍ത് നാസര്‍ അല്‍ മിസ്‌നദിന്റെ മേല്‍നോട്ടത്തില്‍ നൂതനമായ വിവിധ പരിപാടികളും പദ്ധതികളുമാണ് എജ്യുക്കേഷന്‍ എബോവ് ഓള്‍ സംഘടിപ്പിക്കുന്നത്.

കായിക മത്സരങ്ങള്‍, ഭക്ഷണശാലകള്‍, ഗാസയില്‍ നഷ്ടപ്പെട്ട കുട്ടികളുടെ ജീവിതത്തെ അനുസ്മരിക്കുന്ന സമാധാനത്തിനുള്ള മാര്‍ച്ച് തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളില്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സജീവമായി പങ്കെടുക്കാന്‍ ഈ പരിപാടി അവസരമൊരുക്കി.

കുട്ടികള്‍ക്ക് കായിക മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയ പരിപാടിയുടെ കുട്ടികളേയും മുതിര്‍ന്നവരേയും ഒരു പോലെ പരിഗണിക്കുന്നതായിരുന്നു. ഇവന്റ് ഓര്‍ഗനൈസേഷനുകള്‍ക്കും വ്യക്തികള്‍ക്കും സന്നദ്ധസേവന അവസരങ്ങള്‍ നല്‍കിയ പരിപാടി എല്ലാവര്‍ക്കും അര്‍ത്ഥപൂര്‍ണ്ണവും ഫലപ്രദവുമായ പങ്കാളിത്തത്തിന്റെ ദിനമാക്കി മാറ്റി

Related Articles

Back to top button
error: Content is protected !!