കത്താറയില്‍ പുതിയ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. കത്താറയില്‍ പുതിയ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിച്ചു. കത്താറ – കള്‍ച്ചറല്‍ വില്ലേജ് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷനുമായി (കഹ്റാമ) കൈകോര്‍ത്താണ് 180 കിലോവാട്ട് ശേഷിയുള്ള ഖത്തറിലെ ഏറ്റവും വേഗതയേറിയ ചാര്‍ജിംഗ് പോയിന്റുകളിലൊന്നായ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിച്ചത്
കത്താറയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലെ പ്രസ്താവന പ്രകാരം, രാജ്യവ്യാപകമായി തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ അതിവേഗ ചാര്‍ജറുകള്‍ സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിന്റെ ഭാഗമാണ് പുതിയ ചാര്‍ജിംഗ് പോയിന്റ്.
ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ശൃംഖല നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ഒരു പ്ലാറ്റ്‌ഫോം തുറക്കുന്നതായി ഈ വര്‍ഷമാദ്യം കഹ് റാമ പ്രഖ്യാപിച്ചിരുന്നു. 2022 ലെ ഫിഫ ലോകകപ്പ് ഖത്തറിനായി തയ്യാറെടുക്കുന്നതിനിടെ, കഹ്റാമ ഏകദേശം 100 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. 2025 ഓടെ 600 മുതല്‍ 1,000 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരെ ശൃംഖല വിപുലീകരിക്കാനാണ് കോര്‍പ്പറേഷന്‍ ശ്രമിക്കുന്നത്.
വാണിജ്യ വ്യവസായ മന്ത്രാലയം , ഗതാഗത മന്ത്രാലയം എന്നിവയുള്‍പ്പെടെ വിവിധ പങ്കാളികളുമായി സഹകരിച്ചാണ് ഖത്തറിലുടനീളം ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത്.
ഖത്തറിലുടനീളമുള്ള 22 സൈറ്റുകളിലുള്ള വുഖൂദ് സ്റ്റേഷനുകളില്‍ 37 ഇവി ചാര്‍ജിംഗ് യൂണിറ്റുകള്‍ വിതരണം ചെയ്യുന്നതിനും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ഖത്തര്‍ ഫ്യൂവലുമായി ഒരു കരാര്‍ നേരത്തെ ഒപ്പുവച്ചിരുന്നു. അള്‍ട്രാ ഫാസ്റ്റും ഉയര്‍ന്ന കാര്യക്ഷമതയും ഉള്ള ഈ യൂണിറ്റുകള്‍ക്ക് അരമണിക്കൂറിനുള്ളില്‍ കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും.