ന്യൂസ് ട്രെയില്‍ : ഖത്തറില്‍ നിന്നും പുതിയ ഇംഗ്ലീഷ് പത്രം പ്രസിദ്ധീകരണം ആരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ നിന്നും പുതിയ ഇംഗ്ലീഷ് പത്രം പ്രസിദ്ധീകരണം ആരംഭിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ബാംഗ്ലൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ന്യൂസ് ട്രെയില്‍ എന്ന പത്രമാണ് ദോഹ എഡിഷന്‍ ആരംഭിച്ചത്. ഇതോടെ ഖത്തറിലെ ഇംഗ്‌ളീഷ് ദിനപത്രങ്ങള്‍ നാലായി. ഗള്‍ഫ് ടൈംസ്, ദി പെനിന്‍സുല, ഖത്തര്‍ ട്രിബ്യൂണ്‍ എന്നിവയാണ് മറ്റ് പത്രങ്ങള്‍.
വ്യാഴാഴ്ചയാണ് ന്യൂസ് ട്രെയില്‍ ഖത്തറില്‍ ഉദ്ഘാടന പതിപ്പ് പുറത്തിറക്കിയത്. ദോഹയിലെ ദാര്‍ അല്‍ ഷര്‍ഖ് പ്രിന്റിംഗ് പ്രസിലാണ് പേപ്പര്‍ അച്ചടിക്കുന്നത്.
മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സ്വതന്ത്ര പത്രമാണ് ക്ലാരിയന്‍ കമ്മ്യൂണിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന ന്യൂസ് ട്രെയില്‍.
‘ഞങ്ങളുടെ അന്താരാഷ്ട്ര വിപുലീകരണത്തിന്റെ ഭാഗമായാണ് ദോഹ പതിപ്പിന്റെ ലോഞ്ച്. വാര്‍ത്തകളുടെ അവതരണത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഒരു പോസിറ്റീവ് ശക്തിയായി പ്രവര്‍ത്തിക്കുകയും വാര്‍ത്തകളുടെ വിശ്വസനീയമായ ഉറവിടമായി തുടരുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,’ ന്യൂസ് ട്രെയില്‍ എഡിറ്റര്‍ രാജേന്ദ്ര മേനോന്‍ പറഞ്ഞു.
ദി പെനിന്‍സുല മുന്‍ മാനേജിംഗ് എഡിറ്റര്‍ ഹുസൈന്‍ അഹമ്മദ് ആണ് ദോഹയില്‍ ന്യൂസ് ട്രെയില്‍ പത്രത്തിന്റെ എക്‌സികുട്ടീവ് എഡിറ്റര്‍.
സബ്സ്‌ക്രിപ്ഷനും പരസ്യത്തിനും ബന്ധപ്പെടേണ്ട നമ്പര്‍: 71166694 ലോഞ്ച് ഓഫറായി പേര്‍സണല്‍ ക്ലാസിഫൈഡ്സ് സൗജന്യമായിരിക്കും.
പത്രത്തിന് വാര്‍ത്തകള്‍ അയക്കേണ്ട ഇമെയില്‍ അഡ്രസ്: [email protected]