Breaking NewsUncategorized

എച്ച്എംസി ആശുപത്രികളില്‍ പണമടച്ചുള്ള പാര്‍ക്കിംഗ്, ഡിസംബര്‍ 20 മുതല്‍


അമാനുല്ല വടക്കാങ്ങര

ദോഹ. എച്ച്എംസി ആശുപത്രികളില്‍ പണമടച്ചുള്ള പാര്‍ക്കിംഗ്, ഡിസംബര്‍ 20 മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ദിവസമാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ തങ്ങളുടെ ആശുപത്രികള്‍ക്കും സൗകര്യങ്ങള്‍ക്കുമായി ഡിസംബര്‍ 20 മുതല്‍ പണമടച്ചുള്ളതും സ്മാര്‍ട്ടും പേപ്പര്‍ രഹിതവുമായ പാര്‍ക്കിംഗ് പ്രഖ്യാപിച്ചത്. ദോഹ, അല്‍ ഖോര്‍, അല്‍ വക്ര ഹോസ്പിറ്റലുകളിലെ വാലെറ്റ് പാര്‍ക്കിംഗ് സേവനങ്ങളും സ്മാര്‍ട്ടാകും.

പാര്‍ക്കിംഗ് ഗേറ്റുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് പുതിയ സംവിധാനം സഹായിക്കുമെന്ന് എച്ച്എംസിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

എച്ച്എംസിയുടെ ആശുപത്രികളിലെ രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും പാര്‍ക്കിംഗ് ഏരിയകളില്‍ 30 മിനിറ്റ് വരെ പാര്‍ക്കിംഗ് സൗജന്യമായിരിക്കും. അതിനുശേഷം, രണ്ട് മണിക്കൂര്‍ വരെ തങ്ങുന്നതിന് 5 റിയാലായിരിക്കും ഫീസ്. തുടര്‍ന്നുള്ള ഓരോ അധിക മണിക്കൂറിനും 3 റിയാല്‍ വീതം നല്‍കണം. പ്രതിദിനം പരമാവധി 70 റിയാലാകും പാര്‍ക്കിംഗ് ഫീസ്. ഈ പുതിയ ഫീസുകള്‍ വാണിജ്യ, വ്യവസായ മന്ത്രാലയം അംഗീകരിച്ചവയാണെന്ന് എച്ച്എംസി പ്രസ്താവനയില്‍ പറഞ്ഞു.

പേപ്പര്‍ ടിക്കറ്റ് ആവശ്യമില്ലാതെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ സ്‌കാന്‍ ചെയ്യാനും വായിക്കാനും കഴിയുന്ന ഏറ്റവും പുതിയ ഇലക്ട്രോണിക് സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളിച്ചതാണ് പുതിയ സംവിധാനം. രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും പാര്‍ക്കിംഗ് ഏരിയകളിലേക്ക് സൗകര്യപ്രദമായ പ്രവേശനം ഉറപ്പാക്കുന്നതിനുള്ള എച്ച്എംസിയുടെ പ്രതിബദ്ധതയുടെ ഭാഗമാണിത്. ഡിസംബര്‍ 20 മുതല്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ പടിപടിയായി പ്രവര്‍ത്തനമാരംഭിക്കും
പാര്‍ക്കിംഗ് ഏരിയയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഗേറ്റിനടുത്ത് വാഹനമെത്തിയാല്‍ ക്യാമറ നമ്പര്‍ പ്ലേറ്റ് സ്‌കാന്‍ ചെയ്യുകയും തടസ്സമില്ലാത്തതും ലളിതവുമായ പ്രവേശനം ഉറപ്പാക്കുകയും ചെയ്യും. പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് പുറത്തു കടക്കുമ്പോള്‍ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് പാര്‍ക്കിംഗ് ഫീസ് അടക്കാം. പാര്‍ക്കിംഗ് ഏരിയകള്‍ക്കുള്ളിലെ വിവിധ സ്ഥലങ്ങളില്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് ഇലക്ട്രോണിക് പേയ്മെന്റ് നടത്താനും സംവിധാനമുണ്ട്.

പാര്‍ക്കിംഗ് ഫീസ് ഉള്‍പ്പെടെയുള്ള പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും ആവശ്യമുള്ളപ്പോള്‍ വാഹനം പാര്‍ക്ക് ചെയ്യുവാന്‍ സൗകര്യമൊരുക്കുമെന്ന് എച്ച്എംസിയുടെ ഹെല്‍ത്ത് ഫെസിലിറ്റീസ് ഡവലപ്‌മെന്റ് ചീഫ് ഹമദ് നാസര്‍ അല്‍ ഖലീഫ പറഞ്ഞു.

ക്യാന്‍സര്‍, കിഡ്‌നി ഡയാലിസിസ് തുടങ്ങിയ ദീര്‍ഘകാല ചികിത്സയ്ക്ക് വിധേയരായ രോഗികളെ ഈ നിരക്കുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ക്കായി ആശുപത്രിയില്‍ രാത്രി തങ്ങാന്‍ പ്രവേശിപ്പിക്കപ്പെട്ട വ്യക്തികള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് ഫീസ് വേണ്ട.

പ്രമുഖ കമ്പനിയായ മവാഖിഫ് ഖത്തറുമായി സഹകരിച്ചാണ് എച്ച്എംസി പാര്‍ക്കിംഗ് ഫീ നടപ്പാക്കുന്നത്. ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ക്ക് അനുസൃതമായി പാര്‍ക്കിംഗ് സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ അനുവദിക്കുന്ന സാങ്കേതികവിദ്യ, സംവിധാനങ്ങള്‍, ഗേറ്റുകള്‍ എന്നിവയുടെ പൂര്‍ണ്ണമായ നവീകരണം നടത്തിയ ശേഷമാണ് പാര്‍ക്കിംഗ് ഫീ ഏര്‍പ്പെടുത്തുന്നത്.

Related Articles

Back to top button
error: Content is protected !!