Breaking News

ഫുട്ബോള്‍ പ്രേമികളായ ഉപഭോക്താക്കള്‍ക്ക് ഫിഫ ലോകകപ്പ് വിന്നേഴ്സ് ട്രോഫി കാണാനവസരമൊരുക്കി ഖത്തര്‍ നാഷണല്‍ ബാങ്ക്

അമാനുല്ല വടക്കാങ്ങര

ദോഹ. ഫുട്ബോള്‍ പ്രേമികളായ ഉപഭോക്താക്കള്‍ക്ക് ഫിഫ ലോകകപ്പ് വിന്നേഴ്സ് ട്രോഫി നേരില്‍ കാണാനും ഫോട്ടോകളെടുക്കാനും അവസരമൊരുക്കി ഖത്തര്‍ നാഷണല്‍ ബാങ്ക് . വിസ കാര്‍ഡ് ഒരുക്കിയ എക്സ്‌ക്ലൂസീവ് ഇവന്റിലാണ് മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ഖത്തര്‍ നാഷണല്‍ ബാങ്ക് തങ്ങളുടെ വിസ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് അവസരമൊരുക്കിയത്. ഫുട്‌ബോള്‍ ആരാധകരില്‍ കൂടുതല്‍ ആവേശം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ പരിപാടി പങ്കെടുത്തവര്‍ക്കെല്ലാം അവിസ്മരണീയമായ അനുഭവമായി.

മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും ഫിഫ ലോകകപ്പ് 2022-ന്റെ ഔദ്യോഗിക സപ്പോര്‍ട്ടറായ ക്യുഎന്‍ബിയും 2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക പേയ്മെന്റ് സേവന പങ്കാളിയായ വിസയും അടുത്തിടെ ഫിഫ ലോകകപ്പ് 2022 മായി ബന്ധപ്പെട്ട് രൂപകല്‍പ്പന ചെയ്ത ക്രെഡിറ്റ് കാര്‍ഡുകളുടേയും പ്രീപെയ്ഡ് കാര്‍ഡുകളുടെയും ഒരു പരമ്പര തന്നെ പുറത്തിറക്കിയിരുന്നു. ക്യുഎന്‍ബിയുടെ ബ്രാന്‍ഡിനെ ആഗോള തലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനും സ്പോര്‍ട്സിലൂടെ ഉപഭോക്താക്കളുമായും കമ്മ്യൂണിറ്റികളുമായും വൈകാരിക ബന്ധം വര്‍ധിപ്പിക്കുന്നതിനുള്ള സവിശേഷമായ മാര്‍ഗമായിരുന്നു ഇത്.

ഫിഫ ലോകകപ്പ് വിന്നേഴ്സ് ട്രോഫി തങ്ങളുടെ വിലയേറിയ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനായതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഖത്തര്‍ നാഷണല്‍ ബാങ്ക് ഗ്രൂപ്പ് റീട്ടെയില്‍ ഡിവിഷന്‍ ജനറല്‍ മാനേജര്‍ ആദില്‍ അലി അല്‍-മല്‍ക്കി പറഞ്ഞു. ഞങ്ങളുടെ ഉപഭോക്താക്കള്‍ ഫിഫ വേള്‍ഡ് കപ്പ് വിന്നേഴ്‌സ് ട്രോഫി അടുത്ത് കണ്ടും ഫോട്ടോകളെടുത്തും ആസ്വദിച്ചു. ഞങ്ങളുടെ ദീര്‍ഘകാല സ്ട്രാറ്റജിക് പങ്കാളിയായ വിസയുമായി വിവിധ മേഖലകളില്‍ ഞങ്ങള്‍ വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ കായിക മേളയിലേക്ക് പോകുന്ന സമയത്ത് ഉപഭോക്താക്കള്‍ക്ക് വിസയുമായുള്ള മറ്റ് നിരവധി സംയുക്ത-പ്രമോഷനുകള്‍ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഖത്തറിലെ ഞങ്ങളുടെ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും അവിസ്മരണീയമായ നിമിഷങ്ങള്‍ സൃഷ്ടിക്കാനായതില്‍ ഫിഫയുടെ ഔദ്യോഗിക പേയ്മെന്റ് സേവന പങ്കാളി എന്ന നിലയില്‍ വിസയ്ക്ക് ഇത് വളരെ അഭിമാനകരമായ നിമിഷമാണെന്ന് ഖത്തറിലെ വിസ കണ്‍ട്രി മാനേജര്‍ ഡോ. സുധീര്‍ നായര്‍ പറഞ്ഞു.

ഖത്തര്‍ നാഷണല്‍ ബാങ്കുമായി സഹകരിച്ച് ഫിഫ വേള്‍ഡ് കപ്പ് വിന്നേഴ്‌സ് ട്രോഫി ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനായതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഫിഫ ലോക കപ്പിനിടയിലും അതിന് മുമ്പും വിസ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്കായി കൂടുതല്‍ എക്‌സ്‌ക്ലൂസീവ് അനുഭവങ്ങള്‍ സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!