Breaking News

യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ദോഹ റമദാന്‍ മീറ്റ് ഇന്ന്

ദോഹ: ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സി.ഐ.ഡി) സഹകരിച്ച് യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന ദോഹ റമദാന്‍ മീറ്റ് ഇന്ന് അല്‍ അറബി സ്പോര്‍ട്സ് ക്ലബില്‍ നടക്കും. സമൂഹത്തില്‍ വിദ്വേഷവും വെറുപ്പും പടര്‍ന്നുകൊണ്ടിരിക്കുന്ന കാലത്ത്, പരസ്പര സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രവാസി സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ പ്രവാസികളുടെ ഖത്തറിലെ ഏറ്റവും വലിയ സംഗമത്തിനാണ് അല്‍ അറബി സ്പോര്‍ട്സ് ക്ലബ് വേദിയാകുന്നത്. ഡി.ഐ.സി.ഐ.ഡി മേധാവി ഡോ. മുഹമ്മദ് അല്‍ ഗാമിദി ഉദ്ഘാടനം ചെയ്യുന്ന സംഗമത്തില്‍ ഖത്തര്‍ ചാരിറ്റി ലോക്കല്‍ പ്രൊജക്ട്സ് ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ഫരീദ് ഖലീല്‍ അല്‍ സിദ്ദീഖി മുഖ്യ പ്രഭാഷണം നടത്തും. ക്രിസ്റ്റ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് റിലീജ്യന്‍ ആന്‍ഡ് സൊസൈറ്റി മേധാവി റവ. ഡോ. വൈ.ടി വിനയരാജ്,ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ പ്രതിനിധി സഭാംഗം ഡോ. നഹാസ് മാള,സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രസിഡന്റ് ഖാസിം ടി.കെ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. യൂത്ത് ഫോറം ഖത്തര്‍ പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍ സംഗമത്തിന് അധ്യക്ഷത വഹിക്കും. ഇഫ്താര്‍ സംഗമത്തോടെ സമാപിക്കുന്ന പരിപാടിയില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം മലയാളി യുവാക്കള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ദോഹ റമദാന്‍ മീറ്റിനോടനുബന്ധിച്ച് റമദാന്‍ ക്വസ്റ്റ് മെഗാ ലൈവ് ക്വിസ് വൈകുന്നേരം 3.30ന് ആരംഭിക്കും. ഇസ്ലാമിക വിജ്ഞാനം പൊതുജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന മെഗാ ക്വിസ്, ഖത്തറില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരേ സമയം പങ്കെടുക്കുന്ന തത്സമയ ക്വിസ് മത്സരമായിരിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി. മത്സരത്തില്‍ പങ്കെടുക്കാനുള്ള രെജിസ്ട്രേഷന്‍ നേരത്തെ ആരംഭിച്ചിരുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 400 പേര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കുക.

Related Articles

Back to top button
error: Content is protected !!