Breaking NewsUncategorized

ഖത്തറില്‍ പോയിന്റ് ഓഫ് സെയില്‍ ഇടപാടുകളില്‍ വന്‍ വര്‍ദ്ധന

ദോഹ. ഖത്തറില്‍ പോയിന്റ് ഓഫ് സെയില്‍ ഇടപാടുകളില്‍ വന്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2024 മാര്‍ച്ചില്‍ ഖത്തറിലെ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ഇടപാടുകളുടെ മൂല്യം 8.13 ബില്യണ്‍ റിയാലാണ്. 2023 മാര്‍ച്ചില്‍ ഇത് 7.72 ബില്യണും 2022 മാര്‍ച്ചില്‍ 6.6 ബില്യണ്‍ റിയാലുമായിരുന്നു.

പോയിന്റ് ഓഫ് സെയില്‍ ഇടപാടുകളുടെ വോള്യം ഈ വര്‍ഷം മാര്‍ച്ചില്‍ 32.43 ദശലക്ഷമായിരുന്നു, കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇത് 29.5 ദശലക്ഷവും 2022 മാര്‍ച്ചില്‍ 23.2 ദശലക്ഷവുമായിരുന്നു.

ക്യുസിബിയുടെ കണക്കനുസരിച്ച്, 2023 മാര്‍ച്ചില്‍ പോയിന്റ് ഓഫ് സെയില്‍ ഉപകരണങ്ങളുടെ എണ്ണം 63,832 ഉം 2022 മാര്‍ച്ചില്‍ 50,103 ഉം ആയിരുന്നെങ്കില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ഖത്തറിലെ പോയിന്റ് ഓഫ് സെയില്‍ ഉപകരണങ്ങളുടെ എണ്ണം 70,567 ആയി.

ബിസിനസ്സുകള്‍ വില്‍പ്പന നടത്താന്‍ ഉപയോഗിക്കുന്ന ഹാര്‍ഡ് വെയര്‍,സോഫ്റ്റ് വെയര്‍, പേയ്മെന്റ് സേവനങ്ങള്‍ എന്നിവയുടെ സംയോജനമാണ് പോയിന്റ്-ഓഫ്-സെയില്‍ സിസ്റ്റം.

ഖത്തറിലെ ഇ-കൊമേഴ്സ് ഇടപാടുകള്‍ ഈ വര്‍ഷം മാര്‍ച്ചില്‍ 3.66 ബില്യണ്‍ റിയാലായിരുന്നുവെന്നും ക്യുസിബി റിപ്പോര്‍ട്ടില്‍ പറയുന്നു.2023 മാര്‍ച്ചില്‍, ഖത്തറിലെ ഇ-കൊമേഴ്സ് ഇടപാടുകള്‍ 2.55 ബില്യണ്‍ റിയാലും 2022 മാര്‍ച്ചില്‍ അത് 3.09 ബില്യണ്‍ റിയാലുമായിരുന്നു.

മാര്‍ച്ചില്‍ രാജ്യത്ത് സജീവമായ ബാങ്ക് ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം 2,246,677 ഉം ക്രെഡിറ്റ് കാര്‍ഡുകള്‍ 686,347 ഉം പ്രീ-പെയ്ഡ് കാര്‍ഡുകള്‍ 723,395 ഉം ആണെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ സൂചിപ്പിക്കുന്നു.

Related Articles

Back to top button
error: Content is protected !!