Local News

ഒഐസിസി ഇന്‍കാസ് ഖത്തര്‍ പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര സംയുക്ത തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

ദോഹ : ഇന്ത്യയുടെ ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ തകര്‍ത്ത ബി.ജെ.പി ഭരണം ഇനിയൊരിക്കല്‍ക്കൂടി അധികാരത്തില്‍ വരുന്നതിനെ ജനാധിപത്യ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുക്കുമെന്നും മോദി ഭരണത്തിന് അന്ത്യം കുറിക്കുമെന്നും ഇന്‍കാസ് ഖത്തര്‍ പത്തനംതിട്ട , മാവേലിക്കര ,ആലപ്പുഴ മണ്ഡലം സംയുക്ത തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.

സുപ്രീംകോടതിയും തെരഞ്ഞെടുപ്പ് കമീഷനുമുള്‍പ്പെടെയുള്ള സകല ഭരണഘടന സ്ഥാപനങ്ങളെയും ഇ.ഡി ഉള്‍പ്പടെയുള്ള ഗവണ്മെന്റ് ഏജന്‍സികളെയും ദുരുപയോഗം ചെയ്തും വംശീയ വിദ്വേഷം ഇളക്കിവിട്ടും രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചു അധികാരം നിലനിര്‍ത്താനുള്ള ദുഷിച്ച നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ട ഉത്തരവാദിത്തം മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെതുമാണെന്ന് കണ്‍വെന്‍ഷന്‍ ഉല്‍ഘടനം ചെയ്ത ഇന്‍കാസ് ഖത്തര്‍ വര്‍ക്കിങ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് പറഞ്ഞു .

കോണ്‍ഗ്രസ്സ് മുക്ത ഭാരതത്തിന് ശ്രമിക്കുന്ന ബി.ജെ.പിയും അന്ധമായ വിരോധത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇരുവരും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ട് കെട്ട് മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്നും കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തിയ കോട്ടയം ജില്ലാ ഇന്‍കാസ് പ്രസിഡന്റ് അജാത് എബ്രഹാം പറഞ്ഞു . വര്‍ഗ്ഗീയത വളര്‍ത്തി രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന നയമാണ് കേന്ദ്രത്തില്‍ നരേന്ദ്ര മോദി ചെയ്തു കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ ഇതുപോലെ പീഡിപ്പിക്കപ്പെട്ട കാലം വേറെ ഉണ്ടായിട്ടില്ല. മോദി വര്‍ഗ്ഗീയത വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അതേ രീതിയില്‍ തന്നെയാണ് കേരളത്തിലും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ജനങ്ങളെ ഭിന്നിപ്പിക്കുന്നത്. പിണറായിയുടെ ഭരണം കേരളത്തിന്റെ എല്ലാ മേഖലകളെയും തകര്‍ത്ത് തരിപ്പണമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ നേതാക്കളെ പണം കൊടുത്ത് വിലക്ക് വാങ്ങി ജനാധിപത്യ ഭരണകൂടങ്ങളെ അട്ടിമറിക്കുകയാണ് നരേന്ദ്ര മോദിയും അമിത് ഷായും ചെയ്തു കൊണ്ടിരിക്കുന്നതെന്ന് കണ്‍വെന്‍ഷനില്‍ പ്രസംഗിച്ച മുന്‍ കെ.എസ്. യു സംസ്ഥാന വൈസ് പ്രസിഡന്റ് നയീം മുള്ളുങ്ങള്‍ പറഞ്ഞു .
മതേതരത്വം അധികാരം ഉപയോഗിച്ച് ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നു. മഹാരഥന്മാര്‍ നേടി തന്ന സ്വാതന്ത്ര്യം ഇന്ന് ചോദ്യം ചെയ്യപ്പെടുന്നു.രാജ്യത്തിന്റെ പാരമ്പര്യവും പൈതൃകവും കേന്ദ്ര ഭരണകൂടം തകര്‍ത്തെറിയുകയാണെന്നും നയീം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പത്തനംതിട്ട യുഡിഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയും, മാവേലിക്കര യുഡിഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷും ഫോണിലൂടെ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.

ചടങ്ങില്‍ പത്തനംതിട്ട ജില്ല പ്രസിഡന്റ് രെഞ്ചു റാന്നി അധ്യക്ഷത വഹിച്ചു. ഇന്‍കാസ് ഖത്തര്‍ വൈസ് പ്രസിഡന്റ് നിയാസ് ചെരിപ്പത് , ജനറല്‍ സെക്രട്ടറി ശ്രീജിത് .എസ് നായര്‍ , സെക്രട്ടറി ഷംസുദ്ദീന്‍ എറണാകുളം , ജോര്‍ജ് കുരുവിള തുടങ്ങിയവര്‍ സംസാരിച്ചു . ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍ സ്വാഗതവും , റ്റിജു തോമസ് നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!