2025 ന്റെ തുടക്കത്തില്‍ എയര്‍ ടാക്സി, ഇലക്ട്രിക് ഡെലിവറി വിമാനങ്ങള്‍ പരീക്ഷിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ഇലക്ട്രിക് എയര്‍ ടാക്സി, ഇലക്ട്രിക് ഡെലിവറി വിമാനങ്ങളുടെ സേവനങ്ങള്‍ 2025ന്റെ തുടക്കത്തില്‍ പരീക്ഷിക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
അത്തരം പരീക്ഷണ ഓട്ടങ്ങളുമായി മുന്നോട്ട് പോകുന്നതിന് ആവശ്യമായ എല്ലാ അനുമതികള്‍ക്കും ബന്ധപ്പെട്ട ഖത്തര്‍ ബോഡികളുമായുള്ള ഏകോപന കാര്യങ്ങള്‍ക്കും അപേക്ഷിച്ചതായി മന്ത്രാലയം ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
ഏറ്റവും പുതിയ ആഗോള സാങ്കേതിക വിദ്യകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (എഐ) ഉപയോഗിക്കുന്ന എയര്‍ മൊബിലിറ്റി എന്ന പുതിയ ആശയം അവതരിപ്പിച്ചുകൊണ്ട് ഖത്തറിന്റെ ഗതാഗത മേഖലയുടെ പ്രകടനത്തെ പിന്തുണയ്ക്കുന്നതിന് ഈ നടപടി സഹായകമാകും.
നൂതന സാങ്കേതിക വിദ്യകളുടെ പ്രയോജനം നേടുന്നതിനും സുസ്ഥിര വികസനവും സാമ്പത്തിക വൈവിധ്യവല്‍ക്കരണവും കൈവരിക്കുന്നതിലും ഖത്തറിനെ ആഗോള തലത്തില്‍ മുന്‍നിര സ്ഥാനത്തേക്ക് ഉയര്‍ത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൂന്നാം ഖത്തര്‍ ദേശീയ വികസന തന്ത്രത്തിന്റെ (എന്‍ഡിഎസ് 3) ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി.