Local News

സനൂദ് കരുവള്ളി പാത്തിക്കലിന്റെ ‘നാള്‍വഴിയിലെ ഓര്‍മ്മപ്പൂക്കള്‍’ പ്രകാശനം ചെയ്തു

ദോഹ. സനൂദ് കരുവള്ളി പാത്തിക്കലിന്റെ ആദ്യകൃതിയായ കഥാസമാഹാരം നാള്‍വഴിയിലെ ഓര്‍മ്മപ്പൂക്കള്‍ , രണ്ടാം പതിപ്പ് ഖത്തറിലെ ഇന്ത്യന്‍ ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഖത്തറില്‍ പ്രകാശിതമായി.

അനീസുദ്ദീന്‍ കെ പിക്ക് ആദ്യ പ്രതി നല്‍കി സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ മുഹമ്മദലി പൂനൂരാണ് പ്രകാശനം നിര്‍വഹിച്ചത്.

ആഗോള തലത്തില്‍ ആചരിച്ചുവരുന്ന വിവിധ ദിനങ്ങളെ ആസ്പദമാക്കി, അനുഭവ പരിസരങ്ങളില്‍നിന്ന് രചിക്കപ്പെട്ട കഥകള്‍ വായനക്കാരില്‍ പ്രതീക്ഷകളും പ്രത്യാശകളും നിറക്കുന്നവയാണെന്ന് മുഹമ്മദലി പൂനൂര്‍ അഭിപ്രായപ്പെട്ടു. എഴുത്തുകാര്‍ക്ക് സമൂഹത്തോട് പ്രതിബദ്ധതയുണ്ടെന്നും അത് നിര്‍വ്വഹിക്കുന്നതാണ് സനൂദിന്റെ കൃതികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോറം വൈസ് പ്രസിഡണ്ട് ശ്രീകല ജിനന്‍ കൃതിയെ സദസ്സിന് പരിചയപ്പെടുത്തി.

പുസ്തക രചനയുടെ പിന്നാമ്പുറത്തെ കുറിച്ചു സംസാരിച്ച ഗ്രന്ഥ കര്‍ത്താവ് സനൂദ് കരുവള്ളൂര്‍ സദസ്യരുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു.

തുടര്‍ന്ന് നടന്ന സെഷനില്‍ ദോഹയിലെ പ്രമുഖ ഹെന്ന ഡിസൈനറും എഴുത്തുകാരിയുമായ അമല്‍ ഫെര്‍മിസിന്റെ സങ്കട ദ്വീപ് എന്ന കഥാസമാഹരം പ്രമുഖ എഴുത്തുകാരിയും നോവലിസ്റ്റുമായ ഷാമിന ഹിഷാം പരിചയപ്പെടുത്തി.

സങ്കട ദ്വീപിലെ ഓരോ കഥയും വിവിധ മനോവികാരങ്ങള്‍ നിറഞ്ഞ ഓരോ തുരുത്താണെന്നും ശക്തമായ തോണിയുമായി വേണം ഓരോന്നിലേക്കും സഞ്ചരിക്കാനെന്നും ഷാമിന അഭിപ്രായപ്പെട്ടു. ഗ്രന്ഥകാരി അമല്‍ ഫെര്‍മിസ് കൃതിയെകുറിച്ചുള്ള വിവിധ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.

ഫോറം അംഗവും നോവലിസ്റ്റുമായ നാസിമുദ്ദീന്‍ കെ കെ മോഡറേറ്റര്‍ ആയ പരിപാടിയില്‍ പ്രസിഡണ്ട് ഡോ. സാബു കെ.സി അധ്യക്ഷ ഭാഷണം നടത്തി. ആക്ടിംഗ് സെക്രട്ടറി മജീദ് പുതുപ്പറമ്പ് സ്വാഗതവും പ്രോഗ്രാം കോഡിനേറ്റര്‍ റാം മോഹന്‍ നായര്‍ നന്ദിയും പറഞ്ഞു. കവി ഫൈസല്‍ അബൂബക്കറും ട്രഷറര്‍ അന്‍സാര്‍ അരിമ്പ്രയും കവിതകള്‍ ആലപിച്ചു.

ഫോറം എക്‌സിക്യൂട്ടിവ് അംഗങ്ങളായ മുഹമ്മദ് ഹുസ്സൈന്‍ വാണിമേല്‍
തന്‍സീം കുറ്റ്യാടി, ഷംന ആസ്മി, ഷംലാ ജഅഫര്‍ , അഷറഫ് മടിയാരി എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!