ഖത്തര്‍ കമ്മിറ്റി ഫോര്‍ റീ കണ്‍സ്ട്രക്ഷന്‍ ഓഫ് ഗാസ’ ആസ്ഥാനത്ത് ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു

അമാനുല്ല വടക്കാങ്ങര
ദോഹ: ഗാസ പുനര്‍നിര്‍മ്മാണത്തിനായുള്ള ഖത്തര്‍ കമ്മിറ്റി ആസ്ഥാനത്തിന് നേരെ ഇസ്രായേല്‍ അധിനിവേശ സേന നടത്തിയ ഷെല്ലാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും ആശുപത്രികള്‍,ജനവാസ കേന്ദ്രങ്ങള്‍, കുടിയിറക്കപ്പെട്ടവര്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സിവിലിയന്മാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് ഒരു നിലക്കും ന്യായീകരിക്കാനാവില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.
സിവിലിയന്മാര്ക്കും സിവിലിയന്‍ ഇന്ഫ്രാസ്ട്രക്ചറുകള്ക്കുമെതിരായ ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രായേലിനെ ഉത്തരവാദികളാക്കേണ്ടതിന്റെയും അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിക്കാന്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തേണ്ടതിന്റെയും ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു.
തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് സിവിലിയന്‍ സൗകര്യങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, സിവിലിയന്മാര് എന്നിവരെ ലക്ഷ്യം വയ്ക്കുന്നതിന് അടിസ്ഥാനരഹിതമായ ന്യായീകരണങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കാന്‍ വിദേശകാര്യ മന്ത്രാലയം ഇസ്രായേലി അധിനിവേശത്തോട് ആവശ്യപ്പെട്ടു. ഇത്തരം നടപടികള്‍ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാകില്ലെന്നും ഗാസ മുനമ്പിലെ ആവര്‍ത്തിച്ചുള്ള യുദ്ധങ്ങളില്‍ അധിനിവേശം നശിപ്പിച്ചതിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്മിറ്റിയുടെ ആസ്ഥാനത്തെ ലക്ഷ്യം വയ്ക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും മന്ത്രാലയം അടിവരയിട്ടു.