Breaking News

ഖത്തറില്‍ എസ്. എം. എസ് തട്ടിപ്പുകള്‍ക്ക് പിന്നിലെ ക്രിമിനല്‍ സംഘം പിടിയില്‍

ദോഹ: ഖത്തറില്‍ എസ്എംഎസ് തട്ടിപ്പുകള്‍ക്ക് പിന്നിലെ ക്രിമിനല്‍ സംഘം പിടിയില്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക, സൈബര്‍ കുറ്റകൃത്യ പ്രതിരോധ വകുപ്പാണ് ഏഷ്യന്‍ വംശജരായ 12 വ്യക്തികള്‍ അടങ്ങുന്ന ക്രിമിനല്‍ സംഘത്തെ പിടികൂടിയത്. അതിനൂതന രീതികളിലൂടെ ഖത്തറിന്റെ വിവിധ പ്രദേശങ്ങളിലുള്ള ആശയവിനിമയ ടവറുകള്‍ ലക്ഷ്യമിട്ട് ബാങ്കുകളെയും ഔദ്യോഗിക സര്‍ക്കാര്‍ സ്ഥാപനങ്ങളെയും അനുകരിക്കുന്ന വ്യാജ ലിങ്കുകള്‍ അടങ്ങിയ വ്യാജ എസ്എംഎസ് സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പുനടത്താന്‍ ശ്രമിച്ച സംഘമാണിത്.

രാജ്യത്ത് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്കെതിരെ കണിശമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

പൗരന്മാരുടെയും താമസക്കാരുടെയും ക്രെഡിറ്റ് കാര്‍ഡ് ഡാറ്റയും മറ്റ് സെന്‍സിറ്റീവ് വിവരങ്ങളും ഉള്‍പ്പെടെയുള്ള വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങള്‍ മോഷ്ടിച്ച് തട്ടിപ്പുനടത്തുന്നതിനാണ് വ്യാജ എസ്.എം.എസുകളും ക്കുന്നതിനാണ് ലിങ്കുകളും അയച്ചത്.

എസ്എംഎസ് തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എസ്എംഎസ് അല്ലെങ്കില്‍ മെസേജിംഗ് ആപ്ലിക്കേഷനുകള്‍ വഴി ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.