Breaking News

ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം

ദോഹ: ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാമെന്നും ഏത് തുറമുഖത്തിലൂടെയും പ്രവേശിക്കാമെന്നും സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു.

ജിസിസി പൗരന്മാര്‍ക്ക് ലളിതമായ നുസുക് ആപ്ലിക്കേഷന്‍ വഴി ഉംറ എന്‍ട്രി പെര്‍മിറ്റ് നേടാനും കര അല്ലെങ്കില്‍ വ്യോമ തുറമുഖങ്ങള്‍ വഴി നേരിട്ട് പ്രവേശിക്കാനും കഴിയും.

ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന ജിസിസി നിവാസികള്‍ക്ക് നുസുക് പ്ലാറ്റ്ഫോം വഴിയുള്ള ഉംറ വിസ; സൗദിയയിലോ ഫ്ളൈനാസിലോ പറക്കുമ്പോള്‍ അനുവദിക്കുന്ന ട്രാന്‍സിറ്റ് വിസ; സൗദി വിദേശകാര്യ മന്ത്രാലയ വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്ന ടൂറിസ്റ്റ് വിസ തുടങ്ങി നിരവധി തരം വിസകള്‍ ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ജിസിസി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഉംറ നിര്‍വഹിക്കുന്നതിനും അല്‍-റൗദ അല്‍-ഷെരീഫയില്‍ പ്രാര്‍ത്ഥിക്കുന്നതിനും മുമ്പ് നുസുക് ആപ്പ് വഴി നല്‍കിയ പെര്‍മിറ്റ് ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

തീര്‍ത്ഥാടന നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും അവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.

ജൂണ്‍ 10 മുതല്‍ അന്താരാഷ്ട്ര തീര്‍ഥാടകര്‍ക്കുള്ള ഉംറ വിസകള്‍ നല്‍കുന്നത് മന്ത്രാലയം പുനരാരംഭിച്ചു, അടുത്ത ദിവസം മുതല്‍ നുസുക് ഉംറ പെര്‍മിറ്റുകള്‍ നല്‍കാന്‍ തുടങ്ങി.