IM Special

അക്ഷരങ്ങള്‍ വെളിച്ചമാകുന്ന, വാക്കുകള്‍ വിപ്ലവമാകുന്ന ലോക പുസ്തക ദിനം

രഞ്ജിത്ത്‌ചെമ്മാട് ,
മീഡിയ കോര്‍ഡിനേറ്റര്‍, ജിആര്‍സിസി

അക്ഷരങ്ങള്‍ വെളിച്ചമാകുന്ന, വാക്കുകള്‍ വിപ്ലവമാകുന്ന മറ്റൊരു ലോക പുസ്തക ദിനം കൂടി കടന്നെത്തിയിരിക്കുന്നു. വായന കേവലം അറിവ് സമ്പാദിക്കാനുള്ള ഒരു മാര്‍ഗ്ഗമല്ല, മറിച്ച് അത് മനുഷ്യനെ സംസ്‌കരിക്കുകയും അവന്റെ ചിന്താശേഷിയെ ഉണര്‍ത്തുകയും ചെയ്യുന്ന ഉദാത്തമായ ഒരു പ്രക്രിയയാണ്. വിശ്വസാഹിത്യകാരന്മാരായ ഷേക്‌സ്പിയറുടെയും സെര്‍വാന്റിസിന്റെയും (ങശഴൗലഹ റല ഇലൃ്മിലേ)െ ചരമദിനമായ ഏപ്രില്‍ 23, പുസ്തകങ്ങളുടെയും വായനയുടെയും മാഹാത്മ്യം ലോകത്തെ ഓര്‍മ്മിപ്പിക്കാനായി നാം ഓരോ വര്‍ഷവും ആഘോഷിക്കുന്നു.

മലയാള സാഹിത്യത്തിന്റെ തണല്‍മരങ്ങളായ എഴുത്തുകാരെയും അവരുടെ അനശ്വര കൃതികളെയും ഈ ദിനത്തില്‍ നാം സ്മരിക്കേണ്ടതുണ്ട്. മലയാളിയുടെ സാംസ്‌കാരിക ബോധത്തെ എത്രമാത്രം ആഴത്തിലാണ് വായന സ്വാധീനിച്ചിട്ടുള്ളതെന്ന് നമുക്കറിയാം.

മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തിലും പുസ്തകങ്ങള്‍ നല്‍കുന്ന അനുഭൂതി മറ്റൊന്നില്‍ നിന്നും ലഭിക്കുന്നതല്ല. ഒരു പുസ്തകത്തിന്റെ താളുകള്‍ മറിക്കുമ്പോഴുണ്ടാകുന്ന ഗന്ധവും ആ അക്ഷരങ്ങളിലൂടെയുള്ള സഞ്ചാരവും മനസ്സിന് നല്‍കുന്ന ശാന്തതയും വിലമതിക്കാനാവാത്തതാണ്. ഡിജിറ്റല്‍ യുഗത്തില്‍ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ എത്തുമ്പോഴും, ആഴത്തിലുള്ള വായനയും പുസ്തകങ്ങളുമായുള്ള ഹൃദയബന്ധവും നമ്മെ കൂടുതല്‍ മികച്ച മനുഷ്യരാക്കി മാറ്റുന്നു.

ഈ ലോക പുസ്തക ദിനത്തില്‍, നമുക്ക് വായനയെ ജീവിതത്തിന്റെ ഭാഗമാക്കാം. ഒരു പുതിയ പുസ്തകം കയ്യിലെടുക്കാനും അതിലെ വരികള്‍ക്കിടയിലൂടെ അറിവിന്റെയും ഭാവനയുടെയും ലോകം തേടി യാത്ര ചെയ്യാനും നമുക്ക് സാധിക്കട്ടെ. ഓരോ പുസ്തകവും ഒരു പുതിയ വാതായനങ്ങളാണെന്നും അതിലൂടെ കാണുന്നത് പുതിയൊരു ആകാശമാണെന്നും ഓര്‍മ്മിച്ചുകൊണ്ട് ഏവര്‍ക്കും ഹൃദയം നിറഞ്ഞ ലോക പുസ്തക ദിനാശംസകള്‍ നേരുന്നു. അക്ഷരങ്ങളുടെ വെളിച്ചം നമ്മെ നയിക്കട്ടെ.