Local News

മെസ്സിയുടെ മുപ്പത്തൊമ്പതാം ജന്മദിനം ആഘോഷമാക്കി അര്‍ജന്റീന ഫാന്‍സ് ഖത്തര്‍

ദോഹ: ലോക ഫുട്‌ബോളിലെ ഇതിഹാസ താരവും അര്‍ജന്റീന ദേശീയ ടീമിന്റെ നായകനുമായ ലയണല്‍ മെസ്സിയുടെ 39-ാം ജന്മദിനം ആഘോഷമാക്കി ഖത്തറിലെ അര്‍ജന്റീന ആരാധക കൂട്ടായ്മയായ അര്‍ജന്റീന ഫാന്‍സ് ഖത്തര്‍. ദോഹയിലെ സല്‍വ റോഡിലുള്ള പാനൂര്‍ റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നിരവധി മെസ്സി ആരാധകരും ഫുട്‌ബോള്‍ പ്രേമികളും പങ്കെടുത്തു.

മെസ്സിയുടെ ചിത്രം ആലേഖനം ചെയ്ത പ്രത്യേക ജന്മദിന കേക്ക് മുറിച്ചാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. ഫുട്‌ബോള്‍ ലോകത്തിന് മെസ്സി നല്‍കിയ അനശ്വര സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് അംഗങ്ങള്‍ അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു. അര്‍ജന്റീന ദേശീയ ടീമിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച മെസ്സിയുടെ നേട്ടങ്ങളും ക്ലബ് തലത്തിലും രാജ്യാന്തര തലത്തിലും അദ്ദേഹം സൃഷ്ടിച്ച റെക്കോര്‍ഡുകളും ചടങ്ങില്‍ അനുസ്മരിച്ചു.

ആരാധകരുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ മെസ്സിയുടെ കരിയറിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ പങ്കുവെക്കുകയും അദ്ദേഹത്തോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കുകയും ചെയ്തു. ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അര്‍ജന്റീന ആരാധകര്‍ പരിപാടിയില്‍ പങ്കെടുത്തത് ആഘോഷത്തിന് കൂടുതല്‍ മികവേകി.