ഹിരോഷിമ – ചാരത്തിൽ വിരിഞ്ഞ ഹൃദയോദ്യാനം
ജയകുമാര്‍ മാധവന്‍

1945 ആഗസ്റ്റ് 6 രാവിലെ 8.15
ആകാശം അന്ന്
സൂര്യനെ പ്രസവിച്ചില്ല…
മനുഷ്യന്റെ ഭ്രാന്തിനു ജന്മമേകി
ഒരു നിമിഷം…
നഗരം മുഴുവൻ നിശ്ശബ്ദമായി;
ഘടികാര സൂചികൾ പോലും
കാലത്തിന്റെ നെഞ്ചിൽ തറഞ്ഞു നിന്നു.
കരിഞ്ഞ കൈകളിൽ
അമ്മമാർ തിരഞ്ഞത് കുഞ്ഞുങ്ങളെയായിരുന്നു;
ചാരമായ വഴികളിൽ
കുട്ടികൾ തിരഞ്ഞത് നാളെയെയായിരുന്നു.
ചാരത്തിനടിയിലും ഒരു വിത്ത് ഉറങ്ങിക്കിടന്നു;
അതിന്റെ പേര് –പ്രതീക്ഷ.
ഇന്ന് ഹിരോഷിമ
കരച്ചിലിന്റെ നഗരമല്ല,
സമാധാനത്തിന്റെ പാഠപുസ്തകമാണ്.
കൂട്ടമായെത്തുന്ന കുട്ടികളിൽ
ഒരേയൊരു പ്രാർത്ഥന—
“മനുഷ്യാ…
നിന്റെ കൈകളിൽ പൂക്കൾ വിരിയട്ടെ,
ബോംബുകളല്ല.
നിന്റെ ശാസ്ത്രം ജീവൻ രക്ഷിക്കട്ടെ,
ജീവൻ കവർന്നെടുക്കരുത്.”
ഓഗസ്റ്റ് ആറിലെ
ഓരോ പ്രഭാതവും
ചാരത്തിനുമീതെ പറക്കുന്ന
ഒരു വെള്ളപ്രാവിന്റെ ചിറകിൽ
ലോകത്തോട് എഴുതിവയ്ക്കുന്നു—
*”യുദ്ധം ജയിക്കുന്നത് ആരുമല്ല;
സമാധാനം ജയിക്കുമ്പോഴാണ്
മനുഷ്യൻ ജയിക്കുന്നത്* .”
ഞാൻ നടന്നിട്ടുണ്ട്…
ആ വഴികളിലൂടെ.
ഒരിക്കൽ
മനുഷ്യന്റെ നിലവിളികൾ മാത്രം
കാറ്റിൽ മുഴങ്ങിയിരുന്നിടത്ത്,
ഇന്ന് കിളികളുടെ പാട്ടുകൾ
പ്രഭാതത്തെ ഉണർത്തുന്നു.
ഒരിക്കൽ
മരണത്തിന്റെ നിഴൽ വീണിരുന്ന മരച്ചുവട്ടിൽ,
ഇന്ന് വെള്ളരിപ്രാവുകൾ
സമാധാനത്തിന്റെ ചിറകുകൾ വിടർത്തുന്നു.
“ഇവിടെ ഇനി ഒരു പുല്ലുനാമ്പ് പോലും മുളയ്ക്കില്ല…”
എന്ന് ലോകം വിധിയെഴുതിയ മണ്ണിൽ….
ചാരത്തിനടിയിൽ
ജീവൻ കാത്തുവെച്ച ഒരു വിത്തുണ്ടായിരുന്നു.
കണ്ണീരായിരുന്നു അതിന്റെ മഴ.
പ്രതീക്ഷയായിരുന്നു അതിന്റെ സൂര്യൻ.
അങ്ങനെ…
ഹിരോഷിമ വീണ്ടും പൂത്തു.
ഞാൻ കണ്ടു…
കുഞ്ഞുങ്ങളുടെ ചിരി,
പൂക്കളുടെ സുഗന്ധം,
കൈകോർത്തു നടക്കുന്ന മനുഷ്യർ,
തെളിഞ്ഞൊഴുകുന്ന നദിക്കരയിൽ
കാറ്റിനൊപ്പം പാടുന്ന മരങ്ങൾ…
ആണവബോംബിന്
നഗരങ്ങളെ ചാരമാക്കാനേ കഴിയൂ…
പ്രത്യാശയെ ചാരമാക്കാൻ കഴിയില്ല.
മനുഷ്യനെ കൊല്ലാൻ കഴിയും…
മനുഷ്യത്വത്തെ കൊല്ലാൻ കഴിയില്ല.
ഇന്ന് ഹിരോഷിമ
ഒരു നഗരം മാത്രമല്ല…
ചാരത്തിൽ നിന്ന്
പച്ചപ്പ് വിരിഞ്ഞു ഉദ്യാനമാകുമെന്ന്
ലോകത്തെ പഠിപ്പിച്ച
ഏറ്റവും വലിയ കവിതയാണ്.
ആ പാർക്കിലൂടെ നടന്നിറങ്ങുമ്പോൾ
എന്റെ കണ്ണുകൾ നിറഞ്ഞു…
അവിടെ അവശേഷിപ്പുകളിൽ ഞാൻ കണ്ടത്
ഒരു സ്മാരകമല്ല…
മുറിവുകളെ മറക്കാതെ,
വെറുപ്പിനെ വളർത്താതെ,
സമാധാനം പൂവിട്ട ഒരു ജനതയുടെ
ഹൃദയമായിരുന്നു.
ഹിരോഷിമ നമ്മേ പഠിപ്പിച്ചത് ഒന്ന് മാത്രം—
യുദ്ധം ഒരു നിമിഷം കൊണ്ട് ഒരു നഗരത്തെ ഇല്ലാതാക്കും…
പക്ഷേ, സ്നേഹത്തിനും സമാധാനത്തിനും ഒരു ജനതയെ വീണ്ടും പുനർനിർമ്മിക്കാൻ കഴിയും.
ആഗസ്റ്റ് 6
ചാരമായ മനുഷ്യരുടെ ഓർമ്മദിനം മാത്രമല്ല…
ചാരത്തിൽ നിന്ന് വീണ്ടും പൂത്തു ലഞ്ഞ മനുഷ്യപ്രത്യാശയുടെ ദിനം കൂടിയാണ്.