പത്ത് ദിവസത്തിനുള്ളില്‍ 10 വൃക്കമാറ്റിവയ്ക്കല്‍, രണ്ട് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്ര ക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) ട്രാന്‍സ്പ്ലാന്റ്, അവയവ ദാന സംഘങ്ങള്‍ ഈ മാസം 10 ദിവസത്തിനുള്ളില്‍ 10 വൃക്കമാറ്റിവയ്ക്കല്‍, രണ്ട് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി.
വൃക്കമാറ്റിവയ്ക്കല്‍ നടത്തിയ 10 പേരില്‍ ഏഴ് രോഗികളും ഖത്തറികളാണ്. ഇതില്‍ മൂന്നുപേര്‍ ബന്ധുക്കളില്‍ നിന്നാണ് വൃക്ക സ്വീകരിച്ചത്. മരിച്ച രണ്ട് ദാതാക്കളില്‍ നിന്നാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുള്ള കരള്‍ എടുത്തത്.
പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി കഴിഞ്ഞയാഴ്ച ദാതാക്കളുടെ അവയവങ്ങള്‍ സ്വീകരിച്ച ചില രോഗികളെ സന്ദര്‍ശിക്കുകയും ജീവന്‍ രക്ഷിക്കാനുള്ള നടപടിക്രമങ്ങളില്‍ ഏര്‍പ്പെട്ട ടീമുകളെ പ്രശംസിക്കുകയും ചെയ്തു.
”ഖത്തറിന്റെ അവയവ ദാനവും ട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാമുകളും അദ്വിതീയമാണ് – ഞങ്ങള്‍ക്ക് ഒരൊറ്റ ഏകീകൃത വെയിറ്റിംഗ് ലിസ്റ്റാണുള്ളത്. ദാതാക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നിരന്തരമായ പിന്തുണയും മാതൃകാപരമായ പരിചരണവും നല്‍കുന്നുണ്ട്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഞങ്ങളുടെ പരിചരണ മാതൃക അനുകരിക്കാന്‍ ശ്രമിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.